വ്യാജ ബോംബ് ഭീഷണി; റായ്‌പൂരിൽ അടിയന്തര ലാൻഡിംഗ് നടത്തി ഇൻഡിഗോ വിമാനം, ഒരാൾ അറസ്‌റ്റിൽ
ന്യൂഡൽഹി: വ്യാജ ബോംബ് ഭീഷണിയെ തുടർന്ന് ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി. കൊൽക്കത്തയിലേക്ക് പോവേണ്ട വിമാനമാണ് റായ്‌പൂരിലേക്ക് ഗതിമാറ്റി വിട്ട ശേഷം അവിടെ അടിയന്തര ലാൻഡിംഗ് നടത്തിയത്. ഇതോടെ യാത്രക്കാരിലും ജീവനക്കാരിലും കാര്യമായ ഭീതി പരത്താൻ സംഭവ വികാസം കാരണമായിരുന്നു. നാഗ്‌പൂരിൽ നിന്നാണ് വിമാനം കൊൽക്കത്തയിലേക്ക് പുറപ്പെട്ടത്.
ഇൻഡിഗോ വിമാനത്തിലെ 187 യാത്രക്കാരെയും ആറ് ജീവനക്കാരെയും ഒഴിപ്പിച്ച ശേഷം റായ്‌പൂർ വിമാനത്താവളത്തിലെ ലോഞ്ചിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് വിമാനം ഐസൊലേഷൻ ബേയിലേക്ക് മാറ്റി സുരക്ഷാ ഉദ്യോഗസ്ഥർ കൃത്യമായ പരിശോധന നടത്തുകയായിരുന്നു. മണിക്കൂറുകളോളം നീണ്ട പരിശോധനയിൽ ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

സിഐഎസ്എഫ്, റായ്‌പൂർ പോലീസ് എന്നിവർ വിമാനം പരിശോധിച്ചിരുന്നെങ്കിലും അപകടകരമായ ഒന്നും ഇതിൽ ഉണ്ടായിരുന്നില്ല. തുടർന്ന് മണിക്കൂറുകൾക്ക് ശേഷമാണ് വിമാനം കൊൽക്കത്തയിലേക്ക് തുടർന്ന് പറക്കാൻ അനുമതി നൽകിയത്. കഴിഞ്ഞ ഒരു മാസത്തോളമായി ഇന്ത്യൻ വ്യോമയാന മേഖലയെ ഒന്നാകെ പ്രതിസന്ധിയിൽ ആക്കുകയാണ് ഇത്തരം വ്യാജ ബോംബ് ഭീഷണികൾ.
അതേസമയം, സംഭവത്തിൽ ഒരു യാത്രക്കാരെ അറസ്‌റ്റ് ചെയ്‌തുവെന്നാണ് ലഭ്യമായ വിവരം. വിമാനത്തിൽ ബോംബ് ഉണ്ടെന്ന് ഇയാൾ ഭീഷണി സന്ദേശം അയച്ചതായാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇയാളെ കസ്‌റ്റഡിയിൽ എടുത്തതിന് പിന്നാലെ മന പോലീസ് സ്‌റ്റേഷനിൽ ചോദ്യം ചെയ്‌തു വരികയാണ് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
'നാഗ്‌പൂരിൽ നിന്ന് കൊൽക്കത്തയിലേക്കുള്ള ഇൻഡിഗോ വിമാനം 6E812ൽ ബോംബ് ഉണ്ടെന്ന് ഞങ്ങൾക്ക് വിവരം ലഭിച്ചു. യാത്രക്കാരിൽ ഒരാളായ നിമേഷ് മണ്ഡലാണ് സന്ദേശം വഴി ഭീഷണി നടത്തിയതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സിഐഎസ്എഫ് സംഘത്തോടൊപ്പം വിമാനം നന്നായി പരിശോധിച്ചു. ബോംബ് ഭീഷണി വ്യാജമാണെന്ന് തെളിഞ്ഞു' എന്നാണ് റായ്‌പൂർ പോലീസിലെ ഉന്നത ഉദ്യോഗസ്ഥൻ അറിയിച്ചത്.
അതിനിടെ, മുംബൈ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിന് ഇന്നലെ വ്യാജ ബോംബ് ഭീഷണി ലഭിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഒരു യാത്രക്കാരൻ തന്റെ ലഗേജിൽ സ്‌ഫോടക വസ്‌തുക്കളുമായി വരുന്നുവെന്നായിരുന്നു സിഐഎസ്എഫ് കൺട്രോൾ റൂമിൽ വിളിച്ച വ്യക്തി പറഞ്ഞത്.
റിപ്പോർട്ടുകൾ പ്രകാരം, സ്‌ഫോടകവസ്‌തു കൈവശം വച്ചുവെന്ന് ആരോപിക്കപ്പെടുന്ന യാത്രക്കാരൻ മുംബൈയിൽ നിന്ന് യുഎൻ ഉച്ചകോടി നടക്കുന്ന അസർബൈജാനിലേക്ക് യാത്ര ചെയ്യുന്ന വ്യക്തി ആയിരുന്നു. ഇതുമായി ബന്ധപ്പെട്ട എയർപോർട്ട് അധികൃതരോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല.












Click it and Unblock the Notifications