വ്യോമസേനയ്ക്ക് കൈയ്യടി; കാബൂള്‍ ദൗത്യത്തിന്റെ വിവരം പുറത്ത്, സാഹസികം, വളഞ്ഞ വഴി
ന്യൂഡല്‍ഹി: അഫ്ഗാന്റെ ഭരണം താലിബാന്‍ പിടിച്ചതോടെ പരിഭ്രാന്തരാകുന്ന വലിയ ജനക്കൂട്ടത്തെയാണ് കാബൂളില്‍ കണ്ടത്. ഓരോ പ്രദേശങ്ങളും താലിബാന്‍ പിടിച്ചടക്കുമ്പോള്‍ പലായനം ചെയ്തവരെല്ലാം എത്തിയത് കാബൂളിലായിരുന്നു. ഒടുവില്‍ കാബൂളിലും താലിബാന്‍കാര്‍ എത്തി. ഇതോടെ രാജ്യം വിടാനുള്ള വെപ്രാളമായിരുന്നു ആളുകള്‍ക്ക്. പലരും വിമാനതത്താവളത്തിലെത്തി.
കാര്യങ്ങള്‍ സംഘര്‍ഷത്തിലേക്ക് കടന്നു. വിമാനത്തിന് മുന്നിലേക്ക് ചിലര്‍ ഓടിവന്നു. റണ്‍വെയില്‍ നിറച്ച് ആളുകള്‍. വിമാനത്തിന്റെ ടയറില്‍ തൂങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ചവര്‍ വീണു മരിച്ചു. ഇതിനിടെ എങ്ങനെയാണ് ഇന്ത്യക്കാരെ സുരക്ഷിതമായി വ്യോമസേനാ വിമാനത്തില്‍ രക്ഷപ്പെടുത്തിയത്. സാഹസികമായ ദൗത്യമായിരുന്നു അത്. വിശദാംശങ്ങള്‍ ഇങ്ങനെ...

വ്യോമസേനയുടെ രണ്ട് വിമാനങ്ങളാണ് കാബൂളിലേക്ക് പുറപ്പെട്ടത്. ഇന്ത്യന്‍ എംബസിയില്‍ കുടുങ്ങിയ 200ലധികം ഉദ്യോഗസ്ഥരെയും സുരക്ഷാ ഭടന്‍മാരെയും കുടുംബാംഗങ്ങളെയും രക്ഷപ്പെടുത്തുകയായിരുന്നു ദൗത്യം. ആഗസ്റ്റ് 15നാണ് വ്യോമസേനാ വിമാനം പുറപ്പെട്ടത്. കാബൂള്‍ വിമാനത്താവളത്തില്‍ ഇറങ്ങി. അതിന് ശേഷം സാഹചര്യങ്ങള്‍ ആകെ മാറി.

ജനങ്ങള്‍ കൂട്ടത്തോടെ കാബൂള്‍ വിമാനത്താവളത്തില്‍ എത്തുന്ന കാഴ്ചയാണ് കണ്ടത്. ഇതോടെ വ്യോമമേഖല അടച്ചിട്ടതായി ഏവിയേഷന്‍ വിഭാഗം അറിയിച്ചു. എയര്‍ ഇന്ത്യയുടെ ദൗത്യം ദുസ്സഹമായി. പിന്നെ ഏക വഴി വ്യോമസേനയുടെ വിമാനം മാത്രമായി. വിമാനത്താവളത്തിലേക്ക് ഇന്ത്യന്‍ ഉദ്യോഗസ്ഥരെ എത്തിക്കുന്നതായിരുന്നു ശ്രമകരമായ ദൗത്യം.

കാണ്ഡഹാറിലെയും മസാറെ ശെരീഫിലെയും ഇന്ത്യന്‍ കാര്യാലയങ്ങള്‍ നേരത്തെ അടച്ചിരുന്നു. ഇവിടെയുള്ള ഉദ്യോഗസ്ഥരില്‍ ചിലരെ ഇന്ത്യയിലേക്ക് മാറ്റി. മറ്റു ചിലരെ കാബൂളിലെ എംബസിയിലേക്ക് പുനര്‍വിന്യസിച്ചു. ഇന്തോ ടിബറ്റന്‍ പോലീസിലെ സുരക്ഷാ ഉദ്യോഗസ്ഥരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. കൂടാതെ നയതന്ത്ര ഉദ്യോഗസ്ഥരുടെ ബന്ധുക്കളും.

എംബസിയില്‍ നിന്ന് പുറപ്പെട്ടാല്‍ വ്യോമസേനാ വിമാനത്തിന് അടുത്തേക്ക് എത്താന്‍ പറ്റുമോ എന്ന് യാതൊരു ഉറപ്പുമുണ്ടായിരുന്നില്ല. ഒരു ഭാഗത്ത് പരിഭ്രാന്തരായ ജനക്കൂട്ടമായിരുന്നു. കൂടാതെ ഇടയ്ക്കിടെ താലിബാന്‍കാരുടെ പരിശോധനയും. തിങ്കളാഴ്ച രാവിലെ എംബസി ഒഴിപ്പിക്കല്‍ നടക്കില്ലെന്ന ഉറപ്പായി. പിന്നീട് നയതന്ത്ര തലത്തില്‍ ഇടപെടല്‍ ആരംഭിച്ചു.

കാബൂളിലെ ഗ്രീന്‍ സോണിലാണ് ഇന്ത്യയുടേത് ഉള്‍പ്പെടെ പ്രധാന രാജ്യങ്ങളുടെ എംബസികള്‍. ഇവിടെ നിന്ന് വാഹനം പുറപ്പെട്ടാല്‍ താലിബാന്റെയും ജനങ്ങളുടെയും കണ്ണില്‍പ്പെടുമെന്ന് ഉറപ്പായിരുന്നു. ഇന്ത്യയിലേക്ക് നിരവധി അഫ്ഗാന്‍കാര്‍ പോകാന്‍ ശ്രമിക്കുന്നു എന്ന വിവരം ലഭിച്ചതോടെ താലിബാന്‍ പരിശോധന ശക്തമാക്കി. ഷാഹില്‍ വിസാ ഏജന്‍സിയില്‍ അവരെത്തി പരിശോധിച്ചു.

എംബസിയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ രണ്ട് ബാച്ചാക്കി തിരിച്ചു. 45 പേരടങ്ങുന്ന ഇന്ത്യന്‍ സുരക്ഷാ ഉദ്യോഗസ്ഥരെ ആദ്യം നാട്ടിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചു. തിങ്കളാഴ്ച രാത്രിയാണ് ഇവര്‍ ഇന്ത്യയിലെത്തിയത്. താലിബാന്‍കാര്‍ വഴിയില്‍ തടഞ്ഞു പരിശോധിച്ചു. ഇന്ത്യക്കാരാണെന്ന് ബോധ്യമായതോടെ വിമാനത്താവളത്തിലേക്ക് പോകാന്‍ അനുവദിച്ചു. അതോടെ ആദ്യ സംഘം പുറപ്പെടുകയും ചെയ്തു.

ഇന്ത്യക്കാരുടെ രണ്ടാം സംഘത്തെ തിങ്കളാഴ്ച രാത്രി ഒഴിപ്പിക്കാന്‍ സാധ്യമല്ലെന്ന് ബോധ്യമായി. എംബസിയില്‍ നിന്ന് വിമാനത്താവളത്തിലെത്തിയെങ്കിലും ആകാശ പാത അടച്ചത് മറ്റൊരു വെല്ലുവിളിയായി. വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി സംസാരിച്ചു. മറ്റു ചില ഇടപെടല്‍ കേന്ദ്രസര്‍ക്കാര്‍ നടത്തി.

അഫ്ഗാനിലെ ഇന്ത്യന്‍ അംബാസഡര്‍ രുദ്രേന്ദ്ര ടണ്ടന്‍ താലിബാന്‍കാരുമായി സംസാരിച്ചു. ആകാശ പാതയില്‍ വച്ച് ആക്രമണം നടക്കില്ലെന്ന് ഉറപ്പാക്കുകയായിരുന്നു നയതന്ത്ര പ്രതിനിധികള്‍. ഇന്ന് രാവിലെ ആറ് മണിയോടെ എല്ലാവരും വിമാനത്തില്‍ കയറി. പാകിസ്താന്റെ ആകാശപാതയും സുരക്ഷിതമായിരുന്നില്ല. അഫ്ഗാന്റെ പാതയും മറികടക്കേണ്ടതുണ്ട്.
ചിരിയടക്കാനാകാതെ അനശ്വര രാജന്‍; യുവനടിയുടെ പുതിയ ഫോട്ടോ വൈറല്‍, എന്താണ് കാര്യമെന്ന് ആരാധകര്‍

അഫ്ഗാനില്‍ നിന്ന് വേഗം കടക്കാന്‍ സാധിക്കുന്ന ഇറാന്റെ വ്യോമപാതയാണ് പിന്നീട് വ്യോമസേന തിരഞ്ഞെടുത്തത്. ആദ്യം ഇറാന്‍ ഭാഗത്തേക്ക് യാത്ര തിരിച്ചു. ശേഷം തിരിച്ച് അറബിക്കടലിന് മുകളിലൂടെ ഇന്ത്യയിലേക്ക് കടന്നു. ഗുജറാത്തിലേക്കെത്തി. ജാംനഗര്‍ വിമാനത്താവളത്തിലാണ് ഇറങ്ങിയത്. ഈ വേളയില്‍ ഇവരെ സ്വീകരിക്കാന്‍ നിരവധി പേര്‍ എത്തിയിരുന്നു. വ്യോസേന വിമാനം ഇന്ധനം നിറച്ച ശേഷം ഡല്‍ഹിയിലേക്ക് പോയി.

കാബൂള്‍ എംബസി പൂര്‍ണമായും അടച്ചിട്ടില്ല എന്നാണ് വിവരം. വിസാ കാര്യങ്ങള്‍ക്കും മറ്റുമായി ചില പ്രാദേശിക ഉദ്യോഗസ്ഥര്‍ അവിടെയുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇത് സംബന്ധിച്ച് കൂടതല്‍ വ്യക്തത വന്നിട്ടില്ല. അതേസമയം, അഫ്ഗാനിലെ അന്തരീക്ഷം മെച്ചപ്പെട്ടുവരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. താലിബാന്‍ ക്രമസമാധാന മേഖലയില്‍ കൂടുതല്‍ ഇടപെടാന്‍ തുടങ്ങി.

അഫ്ഗാനിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പൊതുമാപ്പ് നല്‍കി താലിബാന്‍ പ്രഖ്യാപനം നടത്തി. എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരോടും ജോലിക്ക് ഹാജരാകാന്‍ ആവശ്യപ്പെട്ടു. ഇതോടെ സര്‍ക്കാര്‍ ഓഫീസുകള്‍ വരും ദിവസങ്ങളില്‍ സജീവമാകുമെന്നാണ് കരുതുന്നത്. അങ്ങനെ സംഭവിച്ചാല്‍ രാജ്യത്ത് അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യത കുറവാണ്.

അതിനിടെ താലിബാന്‍കാര്‍ പൊതുജനങ്ങളുടെ ആയുധങ്ങള്‍ കണ്ടുകെട്ടാന്‍ തുടങ്ങി. കാബൂളിലുള്ളവര്‍ കൈവശം സൂക്ഷിച്ച ആയുധങ്ങളാണ് ആദ്യഘട്ടത്തില്‍ കണ്ടുകെട്ടുന്നത്. ഇനി ആയുധത്തിന്റെ ആവശ്യമില്ല. ഇപ്പോള്‍ എല്ലാവരും സുരക്ഷിതരാണെന്ന് താലിബാന്‍ അറിയിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ആയുധ പരിശോധനയ്ക്ക് വേണ്ടി ചില മാധ്യമസ്ഥാപനങ്ങളിലേക്ക് താലിബാന്‍കാര്‍ എത്തി.

ജനങ്ങളെ നിരായുധീകരിക്കുകയാണ് താലിബാന്റെ ആദ്യ പദ്ധതി എന്നാണ് വ്യക്തമാകുന്നത്. കാബൂളിലെ ടോളോ ന്യൂസ് ഏജന്‍സിയുടെ ഓഫീസിലും താലിബാന്‍കാര്‍ വന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ കൈവശമുള്ള ആയുധങ്ങള്‍ പരിശോധിച്ചു. മുന്‍ സര്‍ക്കാര്‍ അനുവദിച്ച എല്ലാ ആയുധങ്ങളും പിടിച്ചെടുത്തു. ചൈന, റഷ്യ, പാകിസ്താന്‍ എന്നീ രാജ്യങ്ങള്‍ താലിബാനോട് മൃദുസമീപനം സ്വീകരിച്ചിരിക്കുകയാണ്.












Click it and Unblock the Notifications