പ്രതിഷേധം കനത്തു; മധ്യപ്രദേശിൽ നാല് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ മാറ്റി കോൺഗ്രസ്
ഭോപാൽ: പ്രതിഷേധം രൂക്ഷമായതോടെ വീണ്ടും സ്ഥാനാർത്ഥികളെ മാറ്റി കോൺഗ്രസ്. സുമാവലി, പിപാരിയ, ബദ്നഗർ, ജോറ എന്നീ നാല് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് മാറ്റിയത്. രണ്ടാമത്തെ സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടതോടെ പി സി സി അധ്യക്ഷൻ കൂടിയായ മുൻ മുഖ്യമന്ത്രി കമൽനാഥിന്റെ വസതിയിലേക്ക് അടക്കം പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രതിഷേധം തണുപ്പിക്കാനുള്ള പുതിയ നീക്കം.
സുമാവലിയിൽ കുൽദീപ് സി കർവാറിന് പകരം സിറ്റിംഗ് എം എൽ എയായ അജബ് സിംഗ് കുശ്വാഹ സ്ഥാനാർത്ഥിത്വം നൽകി. സ്ഥാനാർത്ഥിത്വം നിഷേധിച്ചതോടെ പ്രവർത്തകർക്കൊപ്പം ചേർന്ന് വലിയ പ്രതിഷേധമായിരുന്നു കുശ്വാഹ നടത്തിയത്. പിപാരിയയിൽ ഗുരു ചരൺ ഖരെയ്ക്ക് പകരം വീരേന്ദ്ര ബെൽവാൻഷിയെ സ്ഥാനാർത്ഥിയാക്കി. ബദ്‌നഗറിൽ രാജേന്ദ്ര സിംഗ് സോളങ്കിക്ക് പകരം മുരളി മോർവാളിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. മുരളി മോർവാളിന്റെ അനുയായികൾ കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കമൽനാഥിന്റെ വസതിക്കു മുന്നിൽ ടയറുകൾ കത്തിച്ച് പ്രതിഷേധിച്ചിരുന്നു.

ജോറയിൽ ഹിമ്മത്ത് ശ്രീമാലിന് പകരം വീരേന്ദർ സിംഗ് സോളാങ്കിയെ സ്ഥാനാർത്ഥിയാക്കി. . രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടികയിലായിരുന്നു ഇവിടങ്ങളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. ആദ്യ പട്ടികയിൽ പ്രഖ്യാപിച്ചിരുന്ന മൂന്ന് സ്ഥാനാർത്ഥികളെ കോൺഗ്രസ് നേരത്തെ മാറ്റിയിരുന്നു.ആദ്യം 144 പേരുടെ പട്ടികയായിരുന്നു കോൺഗ്രസ് പുറത്തുവിട്ടത്. അന്ന് തന്നെ പാർട്ടിയിൽ പൊട്ടിത്തെറികൾ ആരംഭിച്ചിരുന്നു. എന്നാൽ രണ്ടാം ഘട്ട പട്ടിക പുറത്തുവന്നതോടെയാണ് പ്രവർത്തകരുടെ പ്രതിഷേധം തെരുവിലേക്ക് നീങ്ങിയത്. ദിഗ് വിജയ് സിംഗ് ഉൾപ്പെടെയുള്ള നേതാക്കളുടെ കോലം അടക്കം കത്തിച്ച് കൊണ്ടായിരുന്നു പ്രതിഷേധങ്ങൾ. ഒ ബി സി വിഭാഗത്തെ തഴഞ്ഞുവെന്നാരോപിച്ച് സംസ്ഥാന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ പാർട്ടിയിൽ നിന്നും രാജിവെച്ചിരുന്നു. അതേസമയം കൂടുതൽ സീറ്റുകളിൽ സ്ഥാനാർത്ഥികളെ മാറ്റിയേക്കും. നിലവിൽ 40 ഓളം സീറ്റുകളിൽ പ്രതിഷേധമുണ്ടെന്നാണ് റിപ്പോർട്ട്.
സംസ്ഥാനത്തെ 230 സീറ്റുകളിലേക്കും കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു. ഭരണകക്ഷിയായ ബി ജെ പി 228 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. നവംബർ 17 നാണ് മധ്യപ്രദേശിൽ തിരഞ്ഞെടുപ്പ്. ഡിസംബർ 3 നാണ് വോട്ടെണ്ണൽ. ഇത്തവണ ബി ജെ പിയിൽ നിന്നും എന്ത് വിലകൊടുത്തും ഭരണം തിരിച്ചുപിടിക്കാനുള്ള തീവ്രശ്രമത്തിലാണ് കോൺഗ്രസ്.












Click it and Unblock the Notifications