എംഎല്‍എയും മകളും ബിജെപിയിലേക്ക്; ഹരിയാന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ തോല്‍വി ഉറപ്പിച്ച് കോണ്‍ഗ്രസ്
ചണ്ഡീഗഢ്: രാജ്യസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസിന് ഹരിയാനയില്‍ കനത്ത തിരിച്ചടി. മുതിര്‍ന്ന നേതാവ് കിരണ്‍ ചൗധരിയും മകള്‍ ശ്രുതി ചൗധരിയും ഇന്ന് കോണ്‍ഗ്രസ് വിട്ട് ബി ജെ പിയില്‍ ചേരും. കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുകയാണെന്ന് കിരണ്‍ ചൗധരി തന്നെയാണ് വ്യക്തമാക്കിയത്. വാര്‍ത്താ ഏജന്‍സിയായ പിടിഐയോടായിരുന്നു അവരുടെ പ്രതികരണം.
ഹരിയാന മുന്‍ മുഖ്യമന്ത്രി ബന്‍സി ലാലിന്റെ മരുമകളാണ് കിരണ്‍ ചൗധരി. മകള്‍ ശ്രുതി ചൗധരി ഹരിയാന കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ് പ്രസിഡന്റാണ്. അടുത്ത മാസം രാജ്യസഭാ തിരഞ്ഞെടുപ്പും ഒക്ടോബറില്‍ നിയമസഭാ തിരഞ്ഞെടുപ്പും നടക്കാനിരിക്കുന്ന ഹരിയാനയില്‍ കോണ്‍ഗ്രസിനെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ് കിരണ്‍ ചൗധരി പാര്‍ട്ടി വിടുന്നത്. ഭിവാനി-മഹേന്ദ്രഗഡ് ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് ശ്രുതി ചൗധരിക്ക് ടിക്കറ്റ് നിഷേധിച്ചതില്‍ കിരണ്‍ ചൗധരി അസ്വസ്ഥയായിരുന്നു.

ബി ജെ പിയുടെ സിറ്റിംഗ് എം പി ധരംബീര്‍ സിംഗിനോട് പരാജയപ്പെട്ട സിറ്റിങ് എം എല്‍ എയും ഭൂപീന്ദര്‍ സിംഗ് ഹൂഡയുയുടെ വിശ്വസ്തനുമായ റാവു ദന്‍ സിംഗിനാണ് കോണ്‍ഗ്രസ് സീറ്റില്‍ നിന്ന് ടിക്കറ്റ് നല്‍കിയത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഭൂപീന്ദര്‍ സിംഗ് ഹൂഡയുമായുള്ള ഭിന്നതയാണ് കിരണ്‍ ചൗധരിയുടെ ബിജെപി പ്രവേശനത്തിലേക്ക് നയിച്ചത്. താനും ശ്രുതിയും ബുധനാഴ്ച ഡല്‍ഹിയിലെത്തി ബിജെപിയില്‍ ചേരുമെന്ന് കിരണ്‍ ചൗധരി പറഞ്ഞു.
ഭൂപീന്ദര്‍ സിംഗ് ഹൂഡയും കൂട്ടരും തന്നെ ഒതുക്കാനാണ് നോക്കുന്നത് എന്നും അപമാനത്തിന് ഒരു പരിധിയുണ്ട് എന്നും കിരണ്‍ ചൗധരി കൂട്ടിച്ചേര്‍ത്തു. ബി ജെ പിയില്‍ ചേരുന്നതിനായി താനും മകളും കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെക്കുമെന്ന് കിരണ്‍ ചൗധരി പറഞ്ഞു. ഹരിയാന കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനം ശ്രുതി ഒഴിയുമെന്നും അവര്‍ പറഞ്ഞു.
അടുത്തിടെ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഹരിയാനയില്‍ കോണ്‍ഗ്രസിനും ബിജെപിക്കും അഞ്ച് സീറ്റുകള്‍ വീതം ലഭിച്ചിരുന്നു. അതേസമയം വരാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കിരണ്‍ ചൗധരിയുടെ കൂറുമാറ്റം വലിയ സ്വാധീനം ചെലുത്തും. രാജ്യസഭാ അംഗങ്ങള്‍ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് ഏഴ് സംസ്ഥാനങ്ങളില്‍ നിന്നുള്ള പത്ത് രാജ്യസഭാ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്.
ഹരിയാനയിലെ ഒരു സീറ്റും ഇതില്‍ ഉള്‍പ്പെടും. ജൂലൈയ്ക്കുളളില്‍ രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത. 87 അംഗ ഹരിയാന നിയമസഭയില്‍ ബിജെപിക്ക് 41 അംഗങ്ങളും കോണ്‍ഗ്രസിന് 29 അംഗങ്ങളുമാണ് ഉള്ളത്. ദുഷ്യന്ത് ചൗട്ടാലയുടെ നേതൃത്വത്തിലുള്ള ജെജെപിക്ക് 10 എംഎല്‍എമാരാണുണ്ട്. ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ (ഐഎന്‍എല്‍ഡി), ഹരിയാന ലോഖിത് പാര്‍ട്ടി (എച്ച്എല്‍പി) എന്നിവരുടെ ഓരോ എംഎല്‍എമാരും അഞ്ച് സ്വതന്ത്രരും ഹരിയാനയില്‍ ഉണ്ട്.
സ്വതന്ത്ര എംഎല്‍എ നയന്‍പാല്‍ റാവത്തിന്റെയും എച്ച്എല്‍പി എംഎല്‍എയായ ഗോപാല്‍ കാണ്ഡയുടെയും പിന്തുണ ബിജെപിക്കാണ്. ഇതോടെ 43 പേരുടെ പിന്തുണ ബിജെപിക്ക് ഉറപ്പിക്കാം. പ്രതിപക്ഷമായ ഇന്ത്യാ ബ്ലോക്കിന് 44 എംഎല്‍എമാരുടെ പിന്തുണയാണ് ഉണ്ടായിരുന്നത്. അതായത് എല്ലാ പ്രതിപക്ഷ എംഎല്‍എമാരുടെയും പിന്തുണ ലഭിച്ചാല്‍ മാത്രമെ ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസിന് സാധിക്കൂ.
എന്നാല്‍ കിരണ്‍ ചൗധരിയുടെ കൂറുമാറ്റം കോണ്‍ഗ്രസിന്റെ പ്രതീക്ഷകള്‍ തെറ്റിച്ചിരിക്കുകയാണ്. മാത്രമല്ല ദുഷ്യന്ത് ചൗട്ടാലയോട് അതൃപ്തരായ ആറ് ജെജെപി എം എല്‍ എമാരുടെ കാര്യവും സംശയമാണ്. ഹരിയാനയില്‍ മുന്‍കാലങ്ങളില്‍ സംഖ്യയുണ്ടായിട്ടും പരാജയപ്പെട്ട ചരിത്രമാണ് കോണ്‍ഗ്രസിനുള്ളത്. 2022 ല്‍ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍, കോണ്‍ഗ്രസിന്റെ അജയ് മാക്കന്‍ നിയമസഭയില്‍ മതിയായ അംഗങ്ങള്‍ ഉണ്ടായിരുന്നിട്ടും പരാജയപ്പെട്ടിരുന്നു.












Click it and Unblock the Notifications