'അദാനി സുഹൃത്തല്ലെങ്കിൽ എന്തുകൊണ്ട് അന്വേഷണമില്ല'? നരേന്ദ്ര മോദിക്കെതിരെ രാഹുൽ ഗാന്ധി വീണ്ടും
പ്രധാനമന്ത്രി അദാനിയെ സംരക്ഷിക്കുകയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു

ദില്ലി: രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുളള നന്ദി പ്രമേയ ചര്‍ച്ചയ്ക്കിടെ പ്രതിപക്ഷത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി കടന്നാക്രമിച്ചതിന് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിയുടെ പ്രസംഗത്തിലൂടെ നിരവധി സത്യങ്ങള്‍ പുറത്തേക്ക് വന്നിരിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. അദാനി വിഷയം ഉയര്‍ത്തി താന്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗം പ്രധാനമന്ത്രിയെ ഞെട്ടിച്ചിരിക്കുകയാണ്. അദാനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ അന്വേഷണം പ്രഖ്യാപിക്കാത്തതിനേയും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.
'അദ്ദേഹം ഞെട്ടിപ്പോയിരിക്കുന്നു. താന്‍ ഉയര്‍ത്തിയ ഒരു ചോദ്യത്തിന് പോലും അദ്ദേഹം പ്രതികരിച്ചിട്ടില്ല. താന്‍ അതിനുമാത്രം ദുഷ്‌ക്കരമായ ചോദ്യങ്ങളൊന്നും ചോദിച്ചിട്ടില്ല താനും. താന്‍ ചോദിച്ചത് ഇത്ര മാത്രമാണ്. എത്ര തവണ ഗൗതം അദാനി പ്രധാനമന്ത്രിക്കൊപ്പം വിദേശത്ത് പോയി, എത്ര തവണ അവര്‍ കൂടിക്കാഴ്ച നടത്തി, രാഹുല്‍ ഗാന്ധി പാര്‍ലമെന്റിന് മുന്നില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ താന്‍ തൃപ്തനല്ല. എങ്കിലും അത് സത്യം തുറന്ന് കാട്ടി. അന്വേഷണത്തെ കുറിച്ച് അദ്ദേഹം ഒന്നും പറഞ്ഞില്ല. അവര്‍ സുഹൃത്തുക്കള്‍ അല്ലയെങ്കില്‍ പ്രധാനമന്ത്രി ഒരിക്കലെങ്കിലും പറയുമായിരുന്നു അന്വേഷണം ഉണ്ടാകുമെന്ന്. പ്രതിരോധ മേഖലയില്‍ ബിനാമി അക്കൗണ്ടുകള്‍ വഴിയും ഷെല്‍ കമ്പനികള്‍ വഴിയും ഒഴുകുന്ന പണത്തെ കുറിച്ച് പ്രധാനമന്ത്രി പറയുന്നില്ല. പ്രധാനമന്ത്രി അദാനിയെ സംരക്ഷിക്കുകയാണ് എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്, രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
ഇത് ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണ്. രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ടതാണ്. അന്വേഷണമുണ്ടാകുമെന്ന് പ്രധാനമന്ത്രി പറയേണ്ടിയിരുന്നു. എന്തുകൊണ്ട് അദ്ദേഹം പറഞ്ഞില്ലെന്ന് തനിക്ക് മനസ്സിലാകുന്നുണ്ടെന്നും രാഹുല്‍ പറഞ്ഞു. തന്റെ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ പാര്‍ലമെന്റ് റെക്കോര്‍ഡുകളില്‍ നിന്നും നീക്കം ചെയ്തതിനേയും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. ചൊവ്വാഴ്ച അദാനിക്കും പ്രധാനമന്ത്രിക്കും എതിരെ പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധി ശക്തമായ വിമര്‍ശനം ആണ് ഉന്നയിച്ചത്.
2014ല്‍ ബിജെപി കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതിന് ശേഷം ഗൗതം അദാനിയുടെ ആസ്തികളില്‍ വന്‍ വര്‍ധനവ് ഉണ്ടായതായി രാഹുല്‍ ഗാന്ധി ആരോപിച്ചു. പ്രധാനമന്ത്രിക്കൊപ്പം അദാനി എത്ര തവണ വിദേശത്ത് പോയിട്ടുണ്ടെന്നും വിദേശ യാത്രകള്‍ക്ക് ശേഷം ആ രാജ്യവുമായി അദാനി എത്ര കരാറുകള്‍ ഒപ്പിട്ടു എന്നുമടക്കമുളള ചോദ്യങ്ങള്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയോട് ചോദിക്കുകയുണ്ടായി. അദാനി എല്ലാ മേഖലകളിലും ബിസ്സിനസ്സ് നടത്തി വിജയിക്കുകയാണെന്നും അദാനിക്ക് പിന്നിലുളള ശക്തി ആരെന്ന് രാജ്യം അറിയേണ്ടതുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.












Click it and Unblock the Notifications