'ഒരുമിച്ച് നിൽക്കാൻ കഴിയില്ലെങ്കിൽ ഇന്ത്യ സഖ്യം പിരിച്ചുവിട്ടേക്കൂ'; എഎപി-കോൺഗ്രസ് ഭിന്നതയിൽ ഒമർ അബ്‌ദുള്ള
ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ആം ആദ്‌മി പാർട്ടിയും കോൺഗ്രസും തമ്മിലുള്ള ഭിന്നതയെ രൂക്ഷമായി വിമർശിച്ച് ജമ്മു കശ്‌മീർ മുഖ്യമന്ത്രി ഒമർ അബ്‌ദുള്ള. പ്രതിപക്ഷം ഒന്നിച്ച് നിൽക്കുന്നില്ലെങ്കിൽ ഇന്ത്യ സഖ്യം പിരിച്ചുവിടുന്നതാണ് നല്ലതെന്നും ഒമർ അബ്‌ദുള്ള ചൂണ്ടിക്കാട്ടി. ഇന്ത്യ സഖ്യത്തിന്റെ ഭാഗമായി എഎപിയും കോൺഗ്രസും ഡൽഹി തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്കാണ് മത്സരിക്കുന്നത്. ഇത് എടുത്തു പറഞ്ഞുകൊണ്ടാണ് ഒമർ അബ്‌ദുള്ളയുടെ പ്രതികരണം.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള ഇന്ത്യ സഖ്യത്തിന്റെ ഭാവിയിൽ ഒമർ അബ്‌ദുള്ള ആശങ്ക അറിയിക്കുകയും ചെയ്‌തിട്ടുണ്ട്. ഒമർ അബ്‌ദുള്ളയുടെ നാഷണൽ കോൺഫറൻസും പ്രതിപക്ഷ കൂട്ടായ്‌മയുടെ ഭാഗമാണ്. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ എൻഡിഎയെ വിറപ്പിച്ചു കൊണ്ട് അപ്രതീക്ഷിത മുന്നേറ്റം ഉണ്ടാക്കിയെങ്കിലും സഖ്യത്തിൽ വിള്ളലുകൾ പ്രകടമാണ്. ഇതാണ് ഒമറും സൂചിപ്പിക്കുന്നത്.

'ഇന്ത്യാ മുന്നണിയുടെ യോഗമൊന്നും നടന്നിട്ടില്ലെന്നത് വളരെ ഖേദകരമാണ്. ആരു നയിക്കും? എന്തായിരിക്കും സഖ്യത്തിന്റെ അജണ്ട? സഖ്യം എങ്ങനെ മുന്നോട്ടുപോകും? ഈ വിഷയങ്ങളിൽ ഒരു ചർച്ചയും നടക്കുന്നില്ല. ഒറ്റക്കെട്ടായി തുടരുമോ ഇല്ലയോ എന്ന കാര്യത്തിൽ ഇപ്പോഴും ഒരു വ്യക്തതയും വന്നിട്ടില്ല.' ജമ്മു കാശ്‌മീർ മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം സഖ്യത്തിന്റെ ഭാവിയെക്കുറിച്ച് വ്യക്തത വരുത്താൻ ഒരു യോഗം ചേരണമെന്നും ഒമർ അബ്‌ദുള്ള ആവശ്യപ്പെട്ടിട്ടുണ്ട്. മുന്നണിയുടെ ഭാവിയിൽ അദ്ദേഹം ആശങ്ക പ്രകടിപ്പിക്കുകയും ചെയ്‌തു. ഇത് തീർക്കാനാണ് യോഗം വിളിച്ചുചേർക്കണമെന്ന ആവശ്യം അദ്ദേഹം മുന്നോട്ട് വച്ചിരിക്കുന്നത്.
'ഡൽഹി തിരഞ്ഞെടുപ്പിന് ശേഷം സഖ്യത്തിന്റെ യോഗം ചേരണം, കാര്യങ്ങൾ വ്യക്തത വരുത്തണം. ലോക്‌സഭാ തിരഞ്ഞെടുപ്പിന് വേണ്ടി മാത്രമായിരുന്നെങ്കിൽ സഖ്യം അവസാനിപ്പിക്കുക. പക്ഷേ നിയമസഭാ തിരഞ്ഞെടുപ്പിലും ഇത് തുടരണമെന്നാണ് ആഗ്രഹമെങ്കിൽ നമ്മൾ ഒരുമിച്ച് നിന്ന് പ്രവർത്തിക്കണം' ഒമർ അബ്‌ദുള്ള പറയുന്നു.
ഇന്ത്യൻ സഖ്യത്തിന്റെ പ്രാധാന്യം നഷ്‌ടപ്പെട്ടെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പിന് വേണ്ടി മാത്രം പ്രത്യേമായി രൂപീകരിച്ചതാണെന്നും ആർജെഡി നേതാവ് തേജസ്വി യാദവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഒമർ അബ്‌ദുള്ളയും ചോദ്യവുമായി രംഗത്ത് വന്നിരിക്കുന്നത്. കോൺഗ്രസും എഎപിയും തമ്മിലുള്ള പ്രശ്‌നങ്ങൾ ഒരിക്കലും അപ്രതീക്ഷിതമായിരുന്നില്ല എന്നും തേജസ്വി യാദവ് പറഞ്ഞിരുന്നു.
അതിനിടെ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ എഎപിയും കോൺഗ്രസും തമ്മിലുള്ള ഭിന്നത മുറുകുകയാണ്. രാജ്യതലസ്ഥാനത്ത് പോരാട്ടം എഎപിയും ബിജെപിയും തമ്മിൽ മാത്രമാണ് എന്നാണ് മുൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറയുന്നത്. കൂടാതെ മഹാരാഷ്ട്രയിലും ഇന്ത്യ സഖ്യ കക്ഷികൾ തമ്മിൽ അസ്വാരസ്യങ്ങൾ ഉണ്ടയിട്ടുണ്ട്. ശിവസേനയും എസ്‌പിയും തമ്മിലാണ് ഇവിടെ ഭിന്നത.












Click it and Unblock the Notifications