തമിഴ്‌നാട് പിടിക്കാന്‍ രജനിയും കമലും ഒന്നിക്കുന്നു?; തകര്‍ക്കാന്‍ പറ്റാത്ത സഖ്യമായി മാറുമെന്ന് കമല്‍
ചെന്നൈ: മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ മരണശേഷം തമിഴ്‌നാട്ടില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ അരക്ഷിതാവസ്ഥകള്‍ക്കിടയിലാണ് തമിഴ് സിനിമയിലെ താരരാജാക്കന്‍മാരായ രജിനീകാന്തും കമല്‍ഹാസനും രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്.
ജയലളിതയുടെ മരണത്തേത്തുടര്‍ന്ന് പിളര്‍ന്ന എഐഎഡിഎംകെയ്ക്കും കഴിഞ്ഞ കേന്ദ്രസര്‍ക്കാറില്‍ പങ്കാളിയായിരിക്കേ ഉയര്‍ന്ന അഴിമതി ആരോപണങ്ങളില്‍ നിന്ന് ഇതുവരേയും തിരിച്ചു കയറാന്‍ സാധിക്കാത്ത ഡിഎംകെയ്ക്കും ബദലായി തമിഴ് ജനത ഇരുവരേയും സ്വീകരിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഇരുവര്‍ക്കും വേണ്ടത്ര അനക്കങ്ങള്‍ ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ഇരുവരും യോജിച്ച് പ്രവര്‍ത്തിക്കുമോ എന്ന സംശയം വിവിധ കോണുകളില്‍ നിന്നുയരുന്നത്.

ചരിത്രം
സിനിമയും രാഷ്ട്രീയവും ഇഴചേര്‍ന്നുകിടക്കുന്ന ചരിത്രമാണ് തമിഴ്‌നാടിന്റേത്. എംജി രാമചന്ദ്രന്‍, ജയലളിത, എം കരുണാനിധി എന്നീ മൂന്ന് മുന്‍മുഖമന്ത്രിമാരും സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലെത്തിയവരായിരുന്നു. ഈ പാത പിന്തുടര്‍ന്ന് ശരത് കുമാര്‍,വിജയകാന്ത് എന്നിവരും സ്വന്തം രാഷ്ട്രീയ പാര്‍ട്ടികളുമായി രംഗത്ത് എത്തിയെങ്കിലും തമിഴ് ജനതക്കിടയില്‍ കാര്യമായ സ്വാധീനം ചെലുത്താന്‍ സ്വാധീനിച്ചിരുന്നില്ല.

രാഷ്ട്രീയ പ്രവേശനം
ഈ സാഹചര്യത്തില്‍ തമിഴ് സിനിമയിലെ താര രാജാക്കന്‍മാരായ കമല്‍ ഹാസന്റേയും രജനീകാന്തിന്റേയും രാഷ്ട്രീയ പ്രവേശനം ഏറെ കൗതുകത്തോടെയാണ് സിനിമാ രാഷ്ട്രീയ കേന്ദ്രങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരുന്നത്.

മക്കള്‍ നീതി മയ്യം
ഏറെ നാളത്തെ ഊഹാപോഹങ്ങള്‍ക്കൊടുവില്‍ കമല്‍ഹാസനായിരുന്നു തന്റെ രാഷ്ട്രീയ നിലപാട് ആദ്യമായി വ്യക്തമാക്കിയത്. മക്കള്‍ നീതി മയ്യം എന്ന സ്വന്തം പാര്‍ട്ടി രൂപീകരിച്ചായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനം. നിലവിലുള്ള ഒരു മുന്നണിയോടൊപ്പവും ചേരാതെ സ്വതന്ത്രമായാണ് അദ്ദേഹം നിലയുറപ്പിക്കുന്നത്.

രജനീകാന്ത്
രജനീകാന്താകട്ടെ ഇതുവരെ പാര്‍ട്ടി രൂപീകരിച്ചിട്ടില്ലെങ്കിലും 2021 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 234 മണ്ഡലങ്ങളിലും മത്സരിക്കുമെന്ന് രജനികാന്ത് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ഡിസംബര്‍ 31 നാണ് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്.

സാഹചര്യം ഒത്തുവന്നാല്‍
ഇരു താരങ്ങളും രാഷ്ട്രീയത്തിലിറങ്ങിയത് മുതല്‍ തന്നെ ഇരുവരും ഒന്നിച്ചു പ്രവര്‍ത്തിക്കുമോയെന്നുള്ള ചോദ്യവും ഉയര്‍ന്നിരുന്നു. സാഹചര്യം ഒത്തുവന്നാല്‍ ഒന്നിച്ചുപ്രവര്‍ത്തിക്കുമെന്നാണ് കമല്‍ ഹാസന്‍ ഈ ചോദ്യങ്ങള്‍ക്ക് ഇന്ന് ഉത്തരം നല്‍കിയത്.

തകര്‍ക്കാന്‍ പറ്റാത്ത ശക്തി
അത്തരത്തില്‍ താനും രജിനീകാന്തും ഒന്നിച്ചാല്‍ തമിഴ് രാഷ്ട്രീയത്തിലെ തകര്‍ക്കാന്‍ പറ്റാത്ത ശക്തിയായി ആ സഖ്യം മാറും. അത്തരമൊരു സഖ്യം സാധ്യമാകാന്‍ ശ്രദ്ധാപൂര്‍വ്വം പ്രയ്തനിക്കേണ്ടതുണ്ടെന്നും കമല്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഒന്നിച്ചുള്ള സിനിമകള്‍
ആദ്യ കാലങ്ങളില്‍ പലസിനിമകളിലും ഒന്നിച്ച് അഭിനയിച്ചിരുന്നെങ്കിലും പിന്നീട് ഒന്നിച്ചുള്ള സിനിമകള്‍ ഗണ്യമായി കുറഞ്ഞു. അതു ഞങ്ങള്‍ രണ്ടുപേരും മനപ്പൂര്‍വ്വം എടുത്ത തീരുമാനമായിരുന്നു. കൂടുതല്‍ പ്രതിഫലം വാങ്ങിക്കുന്ന നടന്‍മാര്‍ എന്ന നിലയില്‍ ഒന്നിച്ച് അഭിനയിച്ചാല്‍ സിനിമയുടെ ബജറ്റ് വളരെ വലുതായിരിക്കും എന്നതിനാലാണ് ആ തീരുമാനത്തിലെത്തിയത്.

തന്റെ കക്ഷി
രാഷ്ട്രീയത്തിലും സമാനമാ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. നിലവില്‍ തമിഴ്‌നാട്ടില്‍ മാത്രം മത്സരിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. മക്കള്‍ നീതി മയ്യത്തിന് എത്രയും വേഗം ഒരു നയം രൂപീകരിക്കും അതിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ന്നുള്ള പ്രവര്‍ത്തനം. തമിഴ്‌നാട്ടിലെ നിലവിലുള്ള സാഹചര്യങ്ങള്‍ക്ക് തന്റെ കക്ഷിക്ക് മാറ്റമുണ്ടാക്കാന്‍ കഴിയുമെന്നാണ് വിശ്വാസമെന്നും കമല്‍ പറഞ്ഞു.

സൂചന
രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചെങ്കിലും കമലിന് തമിഴ് രാഷ്ട്രീയത്തില്‍ കാര്യമായ സ്വാധീനം ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല എന്നതിനാല്‍ രജനിയുമായി സഖ്യത്തിലെത്താനോ ഒന്നിച്ചു പ്രവര്‍ത്തിക്കുവാനോ അദ്ദേഹം തയ്യാറായേക്കുമെന്നാണ് രാഷ്ട്രീയകേന്ദ്രങ്ങള്‍ നടത്തുന്ന സൂചന. കമല്‍ പാതി സമ്മതം ഇപ്പോഴെ അറിയിച്ചെങ്കിലും രജനീയുടെ നിലപാട് എന്താകും എന്നത് നിര്‍ണ്ണായകമാണ്.












Click it and Unblock the Notifications