പ്രണയം ഉപേക്ഷിച്ചു? ചെന്നൈയില്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനിയെ ക്ലാസ്സില്‍ കയറി തലക്കടിച്ച് കൊന്നു
ചെന്നൈ: പ്രണയം ഉപേക്ഷിച്ചുവെന്നാരോപിച്ച് കാമുകന്‍ കാമുകിയെ ക്ലാസ്സ് മുറിയില്‍ കയറി തലക്കടിച്ച് കൊലപ്പെടുത്തി. ചെന്നൈയ്ക്കടുത്ത് കരൂരിലാണ് സംഭവം. 21 കാരിയായ സോണാലിയാണ് കൊല്ലപ്പെട്ടത്.
കരൂര്‍ എന്‍ജിനീയറിങ് കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു സൊണാലി. സീനിയര്‍ വിദ്യാര്‍ത്ഥിയായ ഉദയകുമാറുമായി സൊണാലി അടുപ്പത്തിലായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഉദയകുമാറിനെ കോളേജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതിനെതുടര്‍ന്ന് സൊണാലി അകലം പാലിച്ചു. ഇതാണ് പ്രകോപനത്തിന് കാരണം എന്നാണ് പറയുന്നത്.

ക്ലാസ്സ് മുറിയില്‍ വിദ്യാര്‍ത്ഥികളുടേയും അധ്യാപകരുടേയും മുന്നില്‍ വച്ചായിരുന്നു ഉദയകുമാര്‍ സൊണാലിയുടെ തലയ്ക്കടിച്ചത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

ക്യാന്റീനില്‍ വച്ച് ഉദയകുമാര്‍ സൊണാലിയുമായി സംസാരിക്കാന്‍ ശ്രമിച്ചിരുന്നത്രെ. എന്നാല്‍ സൊണാലി തയ്യാറായില്ല. തുടര്‍ന്നാണ് ക്ലാസ്സ് മുറിയിലേക്ക് വന്നത്. അവിടെവച്ചും ഉയദകുമാര്‍ സംസാരിക്കാന്‍ ശ്രമിച്ചു. ഇത് തര്‍ക്കത്തിന് വഴിവച്ചു. അപ്പോഴാണ് ഉദയകുമാര്‍ സൊണാലിയുടെ തലയ്ക്ക് മരക്കഷ്ണം കൊണ്ട് അടിച്ചത്. ഉദയകുമാറിനെ തടയാന്‍ ശ്രമിച്ച അധ്യാപകനും പരിക്കേറ്റിട്ടുണ്ട്.
സംഭവത്തിന് ശേഷം പോലീസ് ഉദയകുമാറിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സൊണാലി മധുര സ്വദേശിയാണ്. ഉദയകുമാര്‍ ട്രിച്ചിയിലെ പരമക്കുടി സ്വദേശിയും. ചെന്നൈയില്‍ ഐടി ജീവനക്കാരിയായ സ്വാതിയെ റെയില്‍വേ സ്റ്റേഷനില്‍വച്ച് കുത്തിക്കൊലപ്പെടുത്തിയത് രണ്ട് മാസം മുമ്പായിരുന്നു.












Click it and Unblock the Notifications