ശുചിമുറിയില്‍ ക്യാമറയുമായി പ്രത്യക്ഷപ്പെട്ടു: ഐഐടി അധ്യാപകന്‍ അറസ്റ്റില്‍, പരാതി വിദ്യാര്‍ത്ഥിയ്ക്ക്
ചെന്നൈ: വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ മദ്രാസ് ഐഐടി അധ്യാപകന്‍ അറസ്റ്റില്‍. ശുചിമുറിയില്‍ വെച്ച് ഗവേഷക വിദ്യാര്‍ത്ഥിയുടെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ച സംഭവത്തിലാണ് പോലീസ് നടപടി. താന്‍ ശുചിമുറിയിലായിരിക്കെ ചുവരില്‍ ഒരു ദ്വാരം ശ്രദ്ധയില്‍പ്പെട്ടുവെന്നും ചുവരിനപ്പുറത്ത് അധ്യാപകനെ കണ്ടെന്നുമാണ് വിദ്യാര്‍ത്ഥിനി പറയുന്നത്. എയരോസ്പേസ് ഡിപ്പാര്‍ട്ട്മെന്റിലെ പ്രൊജക്ട് ഓഫീസറെ താന്‍ കണ്ടെന്നും വിദ്യാര്‍ത്ഥി ചൂണ്ടിക്കാണിക്കുന്നു.
തുടര്‍ന്ന് ഇവര്‍ തന്നെയാണ് സംഭവം പോലീസില്‍ അറിയിക്കുന്നത്. ബുധനാഴ്ചയാണ് സംഭവം. ജനലിന് സമീപത്ത് മൊബൈല്‍ ഫോണ്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് വിദ്യാര്‍ത്ഥി അധ്യാപകനെതിരെ പോലീസില്‍ പരാതി നല്‍കുന്നത്.പുരുഷന്മാരുടെ ശുചിമുറി പുറത്തുനിന്ന് പൂട്ടിയ ശേഷം സുരക്ഷാ ജീവനക്കാരെ വിളിച്ച് ശുചിമുറി തുറക്കാന്‍ ആവശ്യപ്പെട്ടുവെന്നും ഈ സമയത്ത് അധ്യാപകനായിരുന്നു അകത്തുണ്ടായിരുന്നതെന്നുമാണ് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

യുവതിയുടെ പരാതിയില്‍ മദ്രാസ് ഐഐടിയിലെത്തിയ പോലീസ് ഐഐടി അധ്യാപകനെ അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ അധ്യാപകന്റെ ഫോണില്‍ നിന്ന് ഇത്തരത്തിലുള്ള വീഡിയോ കണ്ടെത്തിയിട്ടില്ല. ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്കായി അയയ്ക്കുമെന്നും അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും പോലീസ് വ്യക്തമാക്കി.
കഴിഞ്ഞ മാസം ബെംളൂരുവിലും ഇത്തരത്തിലൊരു സംഭവമുണ്ടായിരുന്നു. പബ്ബിലെ ശുചിമുറിയില്‍ വെച്ച് പബ്ബ് ജീവനക്കാരന്‍ യുവതിയുടെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു. സംഭവത്തില്‍ ഒഡിഷ സ്വദേശിയാണ് പിടിയിലായത്. ഇക്കാര്യം പബ് അധികൃതരോട് പറഞ്ഞെങ്കിലും അവര്‍ നടപടി സ്വീകരിക്കാന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് യുവതി സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടതോടെ സംഭവത്തിന്റെ നിജസ്ഥിതി ഉറപ്പാക്കി യുവാവിനെ പോലീസിന് കൈമാറുകയും ചെയ്തിരുന്നു.












Click it and Unblock the Notifications