നിത്യ ബ്രഹ്‌മചാരിയായ ഹനുമാന് മുന്നില്‍ ബിക്കിനി വേഷത്തില്‍ സ്ത്രീകള്‍; ബിജെപി പരിപാടിക്കെതിരെ കോണ്‍ഗ്രസ്
ഹൈന്ദവ വിശ്വാസ പ്രകാരം നിത്യ ബ്രഹ്‌മചാരിയാണ് ഹനുമാന്‍ എന്നാണ് സങ്കല്‍പ്പം. ഇതിന് എതിരെ ആണ് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്

ഭോപ്പാല്‍: മധ്യപ്രദേശിലെ രത്‌ലം ജില്ലയില്‍ നിന്ന് 13-ാമത് മിസ്റ്റര്‍ ജൂനിയര്‍ ബോഡിബില്‍ഡിംഗ് മത്സരം വിവാദത്തില്‍. ഹനുമാന്റെ പ്രതിമക്ക് മുന്നില്‍ സ്ത്രീകള്‍ ബിക്കിനി വേഷത്തില്‍ എത്തിയതാണ് വിവാദമായിരിക്കുന്നത്. രത്‌ലമിലെ ബി ജെ പി മേയര്‍ പ്രഹ്ലാദ് പട്ടേല്‍ സംഘടിപ്പിച്ച പരിപാടിക്ക് എതിരെ കോണ്‍ഗ്രസ് രംഗത്തെത്തി.
ഹിന്ദു വിശ്വാസ പ്രകാരം ഹനുമാന്‍ നിത്യ ബ്രഹ്‌മചാരിയാണ് എന്നാണ് സങ്കല്‍പ്പം. ബ്രഹ്‌മചാരിയായ ഹനുമാന് മുന്നില്‍ അല്‍പ വസ്ത്രധാരികളായ സ്ത്രീകളെ കൊണ്ടുവന്ന് വിശ്വാസത്തേയും ഇന്ത്യന്‍ സംസ്‌കാരത്തേയും ബി ജെ പി അപമാനിച്ചു എന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.
ബി ജെ പി അശ്ലീലം പ്രചരിപ്പിക്കുകയാണ് എന്ന് ആരോപിച്ച് കോണ്‍ഗ്രസ് ഗംഗാജലം തളിച്ച് 13-ാമത് മിസ്റ്റര്‍ ജൂനിയര്‍ ബോഡിബില്‍ഡിംഗ് മത്സരം നടന്ന വേദി 'ശുദ്ധീകരിച്ചു'. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വേദിയില്‍ ഹനുമാന്‍ ചാലിസ മുഴക്കുകയും ചെയ്തു.
സംഭവത്തില്‍ എതിര്‍പ്പുമായി ചില ഹിന്ദു സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. പ്രഹ്ലാദ് പട്ടേലിനെ കൂടാതെ ബി ജെ പി എം എല്‍ എ ചൈതന്യ കശ്യപും 13-ാമത് മിസ്റ്റര്‍ ജൂനിയര്‍ ബോഡിബില്‍ഡിംഗ് മത്സരത്തിന് പിന്നിലുണ്ടായിരുന്നു. ചൈതന്യ കശ്യപ് ആയിരുന്നു രക്ഷാധികാരി.

പ്രഹ്ലാദ് പട്ടേലും ചൈതന്യ കശ്യപും ഹിന്ദു സംസ്‌കാരത്തോട് അനാദരവ് കാണിക്കുകയാണെന്ന് മുന്‍ മേയറും കോണ്‍ഗ്രസ് നേതാവുമായ പരാസ് സക്ലേച്ച ആരോപിച്ചു. രത്ലം മേയറുടെ സാന്നിധ്യത്തില്‍ ആണ് ഹനുമാന്റെ വിഗ്രഹത്തിന് മുന്നില്‍ അശ്ലീലം പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.
മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് അശ്ലീല പ്രദര്‍ശനം നടന്നത് എന്നും ശിവരാജ് സിംഗ് ചൗഹാന്‍ സനാതന സംസ്‌കാരം വിറ്റ ഈ നേതാക്കള്‍ക്കെതിരെ എന്ത് നടപടി സ്വീകരിക്കും എന്നും കോണ്‍ഗ്രസ് നേതാവ് ഭൂപേന്ദ്ര ഗുപ്ത അഗം ചോദിച്ചു.
അതേസമയം ഈ സംഭവത്തില്‍ ഉള്‍പ്പെട്ടവരെ ഹനുമാന്‍ ശിക്ഷിക്കും എന്നാണ് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് മായങ്ക് ജാട്ട് പറയുന്നത്. ഹിന്ദുക്കളോടും ഹനുമാനോടുമുള്ള അനാദരവാണ് ഇത് എന്ന് ആരോപിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍നാഥിന്റെ മാധ്യമ ഉപദേഷ്ടാവ് പിയൂഷ് ബാബലെ രംഗത്തെത്തി.
ഇനി ഹിതേഷ് ഹിതേഷ് ബാജ്‌പേയിയ്‌ക്കൊപ്പം ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കില്ല എന്നും ബാബെലെ പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ബി ജെ പി രംഗത്തെത്തി. സ്ത്രീകള്‍ കായികരംഗത്ത് മികവ് പുലര്‍ത്തുന്നത് കാണാന്‍ കോണ്‍ഗ്രസിന് താല്‍പ്പര്യമില്ലെന്ന് ബി ജെ പി വക്താവ് ഹിതേഷ് ബാജ്പേയ് രംഗത്തെത്തി.
സ്ത്രീകള്‍ ഗുസ്തിയിലോ ജിംനാസ്റ്റിക്‌സിലോ നീന്തലിലോ പങ്കെടുക്കുന്നത് കോണ്‍ഗ്രസുകാര്‍ക്ക് കാണാന്‍ കഴിയില്ല എന്നും കാരണം അവരുടെ ഉള്ളിലെ പിശാച് ഇത് കണ്ട് ഉണരും എന്നും ഹിതേഷ് പറഞ്ഞു. വൃത്തികെട്ട കണ്ണുകളോടെ ആണ് വനിതാ കായിക താരങ്ങളെ കോണ്‍ഗ്രസുകാര്‍ നോക്കി കാണുന്നത് എന്നും ഇവര്‍ക്ക് നാണമില്ലേ എന്നും അദ്ദേഹം ചോദിച്ചു.












Click it and Unblock the Notifications