മുഖ്യമന്ത്രിക്കസേര ശശികലയ്‌ക്കോ പനീര്‍ശെല്‍വത്തിനോ..? ഗവര്‍ണര്‍ക്ക് ലഭിച്ച നിയമോപദേശം !!

  • Posted By:
Subscribe to Oneindia Malayalam

ചെന്നൈ : മുഖ്യമന്ത്രിക്കസേരയ്ക്കായി തമിഴ്‌നാട്ടില്‍ വടംവലി മുറുകുമ്പോള്‍ എല്ലാ കണ്ണുകളും രാജ്ഭവനിലേക്കാണ് നീളുന്നത്. അധികാരത്തര്‍ക്കത്തില്‍ അന്തിമ തീരുമാനം ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിന്റേതാണ് എന്നത് തന്നെയാണ് കാരണം.

ശശികല നടരാജനും ഒ പനീര്‍ശെല്‍വവും മുഖ്യമന്ത്രിക്കസേരയ്ക്ക് അവകാശ വാദം ഉന്നയിച്ച് ഗവര്‍ണറെ കണ്ടുകഴിഞ്ഞു. കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് ഗവര്‍ണര്‍ കേന്ദ്രത്തിന് സമര്‍പ്പിക്കുകയും ചെയ്തു. മാത്രമല്ല മുന്നോട്ടുള്ള നടപടി സംബന്ധിച്ച് ഗവര്‍ണര്‍ വിദഗ്ദ നിയമോപദേശം തേടിയിട്ടുണ്ടെന്നാണ് വിവരങ്ങള്‍.

തീരുമാനം ഗവർണറുടേത്

നിലവില്‍ തമിഴ്‌നാടിന്റെ കാവല്‍ മുഖ്യമന്ത്രിയാണ് പനീര്‍ശെല്‍വം. ഇ്ന്നലെ ഗവര്‍ണറുമായുള്ള ചര്‍ച്ചയില്‍ തന്റെ രാജി പിന്‍വലിക്കാമെന്ന് പനീര്‍ശെല്‍വം അറിയിച്ചിരുന്നു. പക്ഷേ രാജി ഗവര്‍ണര്‍ സ്വീകരിച്ച പശ്ചാത്തലത്തില്‍ അത് പിന്‍വലിക്കാനുള്ള തീരുമാനം അംഗീകരിക്കാന്‍ ഗവര്‍ണര്‍ക്ക് മുന്നില്‍ മുന്‍മാതൃകകളില്ല.

ഒപ്പുകൾ വ്യാജമെന്ന് ആരോപണം

മറുപക്ഷത്ത് തന്നെ പിന്തുണയ്ക്കുന്ന 130 എംഎല്‍എമാരുടെ ഒപ്പോടുകൂടിയ പട്ടിക ശശികല ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചിരിക്കുകയാണ്. അതിന്റെ അടിസ്ഥാനത്തില്‍ മന്ത്രിസഭ രൂപീകരിക്കാന്‍ അവകാശ വാദം ഉന്നയിക്കുകയും ചെയ്തു. എന്നാല്‍ എംഎല്‍എമാരില്‍ പലരുടേയും ഒപ്പുകള്‍ വ്യാജമാണെന്നാണ് പനീര്‍ശെല്‍വം വിഭാഗം ആരോപിക്കുന്നത്.

ഗവര്‍ണര്‍ നിയമോപദേശം തേടി

ഈ സാഹചര്യത്തില്‍ തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍ നിയമോപദേശം തേടിയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. സുപ്രീം കോടതിയുടെ എസ്ആര്‍ ബൊമാനി വിധിയെ അടിസ്ഥാനമാക്കിയുള്ള നിയമോപദേശമാകും ഗവര്‍ണര്‍ക്ക് ലഭിക്കുക എന്നാണ് സൂചന.

ഗവർണറുടെ തീരുമാനം എന്താകും?

ഇവിടെ ഗവര്‍ണര്‍ക്ക് മുന്നില്‍ രണ്ട് സുപ്രധാന ചോദ്യങ്ങളാണ് ഉള്ളത്. ശശികലയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കണോ അതോ പനീര്‍ശെല്‍വത്തിന് ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം കൊടുക്കണോ എന്നതാണ് വിദ്യാസാഗര്‍ റാവു തീരുമാനിക്കേണ്ടത്. ഭരണകക്ഷി നേതാവിനെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കുക എന്നതാണ് സാധാരണ ഗതിയില്‍ സ്വീകരിക്കേണ്ട നടപടി.

വിവേചനാധികാരം ഉപയോഗിക്കാം

എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത ഇല്ലെങ്കില്‍ ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രിയുടെ ചുമതല അദ്ദേഹത്തിന്റെ വിവേചനാധികാരം ഉപയോഗിച്ച് മറ്റൊരാളെ ഏല്‍പ്പിക്കാം. രണ്ട് സാഹചര്യത്തിലും നിര്‍ദേശിക്കപ്പെട്ട ആള്‍ ഒരു മാസത്തിനകം സഭയില്‍ ഭൂരിപക്ഷം തെളിയിച്ചിരിക്കണം.

രാഷ്ട്രപതി ഭരണം

ഇന്ത്യന്‍ ഭരണഘടനയിലെ 356ാം വകുപ്പ് സംസ്ഥാനങ്ങളിലെ ഭരണസംവിധാനത്തെക്കുറിച്ചുള്ളതാണ്. ഭരണം അനിശ്ചിതത്വത്തിലാവുന്ന സാഹചര്യങ്ങളില്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഈ വകുപ്പ് ശുപാര്‍ശ ചെയ്യുന്നു. ഈ വകുപ്പിന്റെ ദുരുപയോഗം പല സാഹചര്യങ്ങളിലും ഉണ്ടായിട്ടുണ്ട് എന്നതിനാലാണ് സുപ്രീം കോടതി വിശദമായ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.

ഭൂരിപക്ഷം തെളിയിക്കണം

ഇത് പ്രകാരം സര്‍ക്കാരുണ്ടാക്കാന്‍ അവകാശ വാദം ഉന്നയിക്കുന്നവര്‍ സഭയില്‍ ഭൂരിപക്ഷം തെളിയിക്കണം. സംസ്ഥാന സര്‍ക്കാരിന് കേന്ദ്രം നല്‍കുന്ന ഒരാഴ്ച കാലാവധിക്കുള്ളില്‍ തീരുമാനം അറിയിക്കണമെന്നും സുപ്രീ കോടതി വ്യക്തമാക്കി. 356ാം വകുപ്പിന്റെ ഏതെങ്കിലും തരത്തിലുള്ള ദുരുപയോഗമുണ്ടായാല്‍ കോടതിക്ക് ഇടപെടാവുന്നതുമാണ്.

തീരുമാനം എപ്പോൾ?

ഭരണ പ്രതിസന്ധിയല്ല മറിച്ച് ഭരണഘടനാ ലംഘനമുണ്ടായാല്‍ മാത്രമേ 356ാം വകുപ്പിനെ ന്യായീകരിക്കാന്‍ കഴിയൂ. തമിഴ്‌നാട്ടില്‍ ഗവര്‍ണര്‍ക്ക് ലഭിക്കുന്ന നിയമോപദേശവും ഇത്തരത്തിലുള്ളതാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അധികം വൈകാതെ തന്നെ ഗവർണർ തീരുമാനം കൈക്കൊള്ളുമെന്നാണ് കരുതപ്പെടുന്നത്

English summary
As turmoil in Tamil Nadu continues the Governor is believed to have sought a legal opinion on how to proceed.
Please Wait while comments are loading...