ഉത്തരാഖണ്ഡിൽ കോൺഗ്രസ് അന്ധരാണ്, ബിജെപി തന്നെ ജയിക്കും; പുഷ്കർ സിംഗ് ധാമി
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ബിജെപി അധികാരം നിലനിർത്തുമെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. 70 അംഗ നിയമസഭയിൽ സർക്കാർ രൂപീകരിക്കാൻ ഭാരതീയ ജനതാ പാർട്ടിക്ക് സാധിക്കും. യാഥാർത്ഥ്യം കാണുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടു എന്നും ധാമി പറഞ്ഞു. മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്തിന് മറുപടി എന്നോണമാണ് ധാമിയുടെ വാക്കുകൾ.
" ജനങ്ങൾ ബി.ജെ.പിയിൽ ആത്മവിശ്വാസം അർപ്പിച്ചിട്ടുണ്ട്. ഞങ്ങൾ ഉത്തരാഖണ്ഡിൽ സർക്കാർ രൂപീകരിക്കാൻ പോകുകയാണ്. കോൺഗ്രസ് അന്ധരായിരിട്ടാണ് ഇരിക്കുന്നത്. വിജയം നേടാനാവില്ലെന്ന സത്യം കോൺഗ്രസ് ഇതുവരേയും തിരിച്ചറിഞ്ഞിട്ടില്ല. പത്തോ അതിൽ താഴെയോ മാത്രം സീറ്റുകളായിരിക്കും കോൺ ഗ്രസിന് നേടാൻ കഴിയുക. " മുഖ്യമന്ത്രി ധാമി പറഞ്ഞു. കോൺഗ്രസ് 45-ലധികം സീറ്റുകൾ നേടി അധികാരത്തിലെത്തുമെന്ന മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്തിന്റെ പ്രസ്ഥാവനക്ക് പിന്നാലെയാണ് നിലവിലെ മുഖ്യമന്ത്രി ധാമി രം ഗത്ത് വന്നത്.

" 45-48 സീറ്റുകൾ നേടി സർക്കാർ രൂപീകരിക്കാൻ ഞങ്ങൾക്ക് ആത്മവിശ്വാസമുണ്ട്. ഉത്തരാഖണ്ഡിലെ ജനങ്ങൾ ബി.ജെ.പിയുടെ കള്ളവും വഞ്ചനയും കണ്ടതാണ്. ഞങ്ങൾ വിജയിക്കുകയും സംസ്ഥാനത്തെ ജനങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ പ്രവർത്തിക്കാൻ പ്രതിജ്ഞാബദ്ധരാണ്. " എന്നായിരുന്നു റാവത്തിന്റെ വാക്കുകൾ. തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ നാലിലും ഇന്ത്യൻ നാഷണൽ കോൺഗ്രസ് സർക്കാർ രൂപീകരിക്കാൻ പോകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒന്നുകിൽ താൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയാകുമെന്നും അല്ലെങ്കിൽ വീട്ടിലിരിക്കുമെന്നും റാവത്ത് പറഞ്ഞിരുന്നു. ഭരണം നടത്താനുള്ള പദ്ധതികൾ പാർട്ടി ആവിഷ്‌കരിച്ച് തുടങ്ങിയിട്ടുണ്ടെന്നും ആദ്യ മന്ത്രിസഭയിൽ ഉടൻ തന്നെ ചില തീരുമാനങ്ങൾ കൈക്കൊള്ളുമെന്നും റാവത്ത് കൂട്ടിച്ചേർത്തു. നിലവിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി ഉത്തരാഖണ്ഡ് കോൺ ഗ്രസിനുള്ളിൽ തർക്കം ആരംഭിച്ചു എന്നും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. മുഖ്യമന്ത്രി ആരാകണം എന്ന് പാർട്ടി ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് പാർട്ടി മുൻ സംസ്ഥാന അധ്യക്ഷൻ പ്രീതം സിംഗ് പറഞ്ഞു.
അതേസമയം ബിജെപിക്കുള്ളിൽ കാലുവാരൽ ഉണ്ടെന്ന് ആരോപിച്ച് യമുനോത്രി എം എൽ എയായ കേദാർ സിംഗ് രം ഗത്ത് വന്നിരുന്നു. പല മണ്ഡലങ്ങളിലും വോട്ട് വിഹിതത്തിൽ വലിയ ഇടിവ് സംഭവിക്കുമെന്ന് അദ്ദേഹം ആരോപിച്ചു. ഫെബ്രുവരി 14നാണ് ഉത്തരാഖണ്ഡിൽ വോട്ടെടുപ്പ് നടന്നത്. മാർച്ച് 10ന് ആണ് വോട്ടെണ്ണൽ നടക്കുന്നത്.13 ജില്ലകളിലായി 70 മണ്ഡലങ്ങളിൽ 81 ലക്ഷം വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. 632 സ്ഥാനാർത്ഥികളാണ് തിരഞ്ഞെടുപ്പിൽ മത്സരിച്ചത്.












Click it and Unblock the Notifications