'ഇത് കാണിക്കുന്നത് നിങ്ങളുടെ വര്‍ഗീയ മാനസികാവസ്ഥ, പിന്നില്‍ പാകിസ്ഥാന്‍'; ഒഐസി പ്രസ്താവനക്കെതിരെ ഇന്ത്യ
ന്യൂദല്‍ഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ രാമനവമി ആഘോഷങ്ങള്‍ക്കിടയില്‍ ഉണ്ടായ അക്രമ സംഭവങ്ങളെ അപലപിച്ച ഇസ്ലാമിക് രാജ്യങ്ങളുടെ ഗ്രൂപ്പായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷനെതിരെ ഇന്ത്യ. ഒഐസിയുടെ ഇന്ത്യാ വിരുദ്ധ മാനസികാവസ്ഥയുടെ ഉദാഹരമാണ് ഇത്തരം പ്രസ്താവനകള്‍ എന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
ഇത് അവരുടെ വര്‍ഗീയ ചിന്തയുടെയും ഇന്ത്യാ വിരുദ്ധ അജണ്ടയുടെയും മറ്റൊരു ഉദാഹരണമാണ്. ഇന്ത്യാ വിരുദ്ധ പ്രസ്താവനയിലൂടെ അവരുടെ പേരിനാണ് കളങ്കം വരുന്നത് എന്നും അദ്ദേഹം പറഞ്ഞു. രാമനവമി ആഘോഷത്തിനിടെ പല സംസ്ഥാനങ്ങളിലും മുസ്ലീം സമുദായം ആക്രമിക്കപ്പെട്ടു എന്നായിരുന്നു ഒഐസി പറഞ്ഞിരുന്നത്. മുസ്ലീം സമുദായത്തെ ലക്ഷ്യമിട്ടുള്ള അക്രമങ്ങളില്‍ ഉത്കണ്ഠ രേഖപ്പെടുത്തി ഒഐസിയുടെ ജനറല്‍ സെക്രട്ടേറിയറ്റ് പ്രസ്താവനയിറക്കിയിരുന്നു.

മാര്‍ച്ച് 31 ന് ബീഹാര്‍ ഷെരീഫില്‍ ആള്‍ക്കൂട്ടം മദ്രസ കത്തിച്ച സംഭവത്തിന് പിന്നില്‍ രാജ്യത്തെ 'ഇസ്ലാമോഫോബിയ' ആണ് എന്ന് കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ ആഴ്ച രാമനവമി സമയത്ത് ബംഗാള്‍, ബിഹാര്‍, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിങ്ങനെ നിരവധി സംസ്ഥാനങ്ങളില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടിരുന്നു. ഇതിന് എതിരെയായിരുന്നു ഒഐസിയുടെ പ്രതികരണം വന്നിരുന്നത്.
ഇതാണ് ഇന്ത്യയെ ചൊടിപ്പിച്ചത്. ജമ്മു കശ്മീരിനെ കുറിച്ചുള്ള ഒഐസിയുടെ പരാമര്‍ശങ്ങളെയും ഇന്ത്യ വിമര്‍ശിച്ചു. ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലെ മുഴുവന്‍ പ്രദേശങ്ങളും ഇന്ത്യയുടെ ഭാഗമായിരുന്നു എന്നും അത് ഇപ്പോഴുമുണ്ട് എന്നും അരിന്ദം ബാഗ്ചി പറഞ്ഞു. വര്‍ഗീയവും പക്ഷപാതപരവും വസ്തുതാപരമായി തെറ്റായതുമായ സമീപനം സ്വീകരിക്കുന്നതിലൂടെ ഒഐസിക്ക് വിശ്വാസ്യത നഷ്ടപ്പെട്ടതായും അരിന്ദം ബാഗ്ചി കുറ്റപ്പെടുത്തി.
ഇന്ത്യയ്ക്കെതിരായ ദുരുദ്ദേശ്യപരമായ പ്രചരണങ്ങളില്‍ ഏര്‍പ്പെടാനുള്ള തങ്ങളുടെ പ്ലാറ്റ്‌ഫോം ഹൈജാക്ക് ചെയ്യാനും ദുരുപയോഗം ചെയ്യാനും പാകിസ്ഥാനെ ഒഐസി അനുവദിച്ചിരിക്കുകയാണ് എന്നാണ് മനുഷ്യാവകാശ കൗണ്‍സിലില്‍ ജനീവയിലെ ഇന്ത്യയുടെ സ്ഥിരം ദൗത്യത്തിന്റെ സെക്രട്ടറി സീമ പൂജാനി അഭിപ്രായപ്പെട്ടത്.
Tips for Sleep: ഉറക്കമുണരുമ്പോള്‍ കട്ടിലില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ കഴിയുന്നില്ലേ..!! കാരണം ഇതാകാം












Click it and Unblock the Notifications