ലഡാക്കിലെ അതിർത്തി തർക്കത്തില്‍ ഇന്ത്യയും ചൈനയും തമ്മില്‍ ധാരണ: എൽഎസിയില്‍ പട്രോളിംഗ് പുനരാരംഭിക്കും
ഡല്‍ഹി:ഒരു ഇടവേളയ്ക്ക് ശേഷം ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി തർക്കങ്ങള്‍ സമീപ വർഷങ്ങളില്‍ വളരെ അധികം രൂക്ഷമായിരുന്നു. 2020 ജനുവരിയില്‍ ഗാൽവാൻ താഴ്‌വരയിലുണ്ടായ അക്രമത്തിൽ നിരവധി ഇന്ത്യന്‍ ജവാന്മാർ വീരമൃത്യുവരിക്കുകയും ചെയ്തിരുന്നു. ചൈനയുടെ ഭാഗത്തും ആള്‍നാശമുണ്ടായി. അതിർത്തിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അന്ന് മുതല്‍ ഇരു രാജ്യങ്ങളും ചർച്ച നടത്തുന്നുണ്ടെങ്കിലും ഒരു പരിഹാരത്തിലേക്ക് എത്താന്‍ സാധിച്ചിരുന്നില്ല. ഒടുവില്‍ ഇതാ അതിർത്തിയിലെ തർക്കത്തില്‍ ഇന്ത്യയും ചൈനയും ഒരു കരാറില്‍ എത്തിയിരിക്കുകയാണ്.
കിഴക്കൻ ലഡാക്കിലെ നിയന്ത്രണ രേഖയിൽ (എൽ എ സി) പട്രോളിംഗ് പുനരാരംഭിക്കുന്നതിന് ഇന്ത്യയും ചൈനയും ഒരു കരാറിൽ എത്തിയെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നത്. 16-ാമത് ബ്രിക്‌സ് ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് റഷ്യ സന്ദർശിക്കുന്നതിന് മുന്നോടിയായാണ് പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്.
വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയാണ് കരാർ സംബന്ധിച്ച വിവരം പുറത്തുവിട്ടത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി നടന്ന ചർച്ചകളുടെ ഫലമാണ് ഇത്തരമൊരു കരാർ എന്നാണ് വിക്രം മിസ്രി വ്യക്തമാക്കുന്നത്. "കഴിഞ്ഞ ഏതാനും ആഴ്ചകളായി നടന്ന ചർച്ചകളുടെ ഫലമായി, ഇന്ത്യ-ചൈന അതിർത്തി പ്രദേശത്തെ യഥാർത്ഥ നിയന്ത്രണ രേഖയിൽ പട്രോളിംഗ് ക്രമീകരണങ്ങൾ സംബന്ധിച്ച് ഒരു കരാറിലെത്തി. വിയോജിപ്പിലേക്കും ഒടുവിൽ 2020ൽ ഈ മേഖലകളിൽ ഉടലെടുത്ത പ്രശ്‌നങ്ങൾക്കും ഇതിലൂടെ ഒരും പരിഹാരം കാണുമെന്ന് പ്രതീക്ഷിക്കുന്നു" വിക്രം മിസ്രി പറഞ്ഞു.

അടുത്ത ആഴ്ചകളിൽ, ഇന്ത്യയും ചൈനയും തമ്മിലുള്ള നയതന്ത്ര, സൈനിക ചർച്ചകൾ നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബ്രിക്‌സ് ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്ങുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ ഇത്തരമൊരു പ്രതികരണം. ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിലും ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി മോദിയും ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്ങും ഉഭയകക്ഷി കൂടിക്കാഴ്ച നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യ-ചൈന അതിർത്തി വിഷയങ്ങളുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 29 ന് ബെയ്ജിംഗിൽ ഇരു രാജ്യങ്ങളും തമ്മില്‍ കൂടിയാലോചന നടന്നിരുന്നു. ദെപ്സാങ്, ഡെംചോക്ക് എന്നീ മേഖലകളിൽ നിന്നും സേനാ പിന്മാറ്റത്തിനും ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായിട്ടുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയും തമ്മിൽ റഷ്യയില്‍ കൂടിക്കാഴ്ച നടത്തുകയും ഇന്ത്യയും ചൈനയും തമ്മിലുള്ള ഉഭയകക്ഷിബന്ധം ശക്തിപ്പെടുത്താൻ തീരുമാനമായതായും നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.












Click it and Unblock the Notifications