ചാരപ്പണി വേണ്ട... പാക് നയതന്ത്രജ്ഞനെ ഇന്ത്യ പറഞ്ഞയച്ചു.. അതേ നാണയത്തില്‍ തിരിച്ചടിച്ച് പാകിസ്താന്‍!
ദില്ലി/ഇസ്ലാമാബാദ്: അതിര്‍ത്തിയിലെ നേരിട്ടുള്ള ആക്രമണങ്ങള്‍ക്കും വെടിവെപ്പുകള്‍ക്കും ഒപ്പം ഇന്ത്യ പാകിസ്താന്‍ ബന്ധം നയതന്ത്ര തലത്തിലും കടുക്കുന്നു. ചാരപ്പണിയുമായി ബന്ധപ്പെട്ട് പിടിയിലായ പാക് നയതന്ത്ര ഉദ്യോഗസ്ഥനെ ഇന്ത്യ തിരിച്ചയച്ചു. ഇതിന് പ്രതികാര നടപടി എന്നോണം ഇന്ത്യന്‍ ഉദ്യോഗസ്ഥനെ പാകിസ്താനും പുറത്താക്കി.
48 മണിക്കൂറിനകം ഇന്ത്യ വിട്ട് പോകാനാണ് പാക് ഉദ്യോഗസ്ഥനായ മെഹ്മൂദ് അക്തറിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇയാള്‍ക്കൊപ്പം ഇന്ത്യക്കാരായ രണ്ട് കൂട്ടാളികളും പിടിയിലായിട്ടുണ്ട്. എന്നാല്‍ ചാരപ്രവര്‍ത്തനം നടത്തി എന്ന ഇന്ത്യന്‍ ആരോപണം പാകിസ്താന്‍ അപ്പടി തള്ളി. പിന്നാലെയാണ് ഇന്ത്യന്‍ ഹൈകമ്മീഷണറെ ഇസ്ലാമാബാദില്‍ വിളിച്ചുവരുത്തി പ്രതികാര നടപടി എടുത്തത്.

പിടിയിലായത് മെഹ്മൂദ് അക്തര്‍
ദില്ലി കാഴ്ചബംഗ്ലാവിന് സമീപത്ത് വെച്ചാണ് പാക് ഹൈകമ്മീഷന്‍ ഉദ്യോഗസ്ഥനായ മെഹ്മൂദ് അക്തറിനെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ കൂട്ടാളികളായ രണ്ട് പേരെയും പിടികൂടി. ദില്ലി പോലീസ് പിടികൂടി ചോദ്യം ചെയ്ത ശേഷം പാക് ഹൈകമ്മീഷന് കൈമാറുകയായിരുന്നു. കൂടുതല്‍ ഉദ്യോഗസ്ഥര്‍ ചാരപ്പണിയില്‍ ഉള്‍പെട്ടതായും സംശയമുണ്ട്.

എല്ലാം നിഷേധിച്ച് പാകിസ്താന്‍
എന്നാല്‍ പാകിസ്താനില്‍ നിന്നുള്ള ഒരു ഉദ്യോഗസ്ഥന്‍ ചാരപ്പണിയില്‍ ഏര്‍പ്പെട്ടു എന്ന കാര്യം വിശ്വസിക്കാനോ അംഗീകരിക്കാനോ ഇസ്ലാമാബാദ് തയ്യാറായിട്ടില്ല. പാക് ഹൈക്കമ്മീഷനെ ഒതുക്കാനും കശ്മീര്‍ പ്രശ്‌നത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനുമാണ് ഈ അറസ്റ്റ് നാടകമെന്നാണ് പാകിസ്താന്റെ നിലപാട്. അതുകൊണ്ട് തന്നെ ഈ നടപടി അംഗീകരിക്കില്ല.

കുറ്റപ്പെടുത്തല്‍ ഇന്ത്യയ്ക്ക്
ഇന്ത്യയുടെ ആരോപണങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറായില്ല എന്ന് മാത്രമല്ല, നയതന്ത്ര ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ഇന്ത്യയെ കുറ്റപ്പെടുത്താനാണ് പാകിസ്താന്‍ ശ്രമിക്കുന്നത്. ഉദ്യോഗസ്ഥനെ പിടികൂടിയ സംഭവത്തില്‍ നയതന്ത്ര മര്യാദകള്‍ ഇന്ത്യ പാലിച്ചില്ല എന്നാണ് ആരോപണം.

ഗുരുതരമായ ആരോപണം
ഇന്ത്യന്‍ സൈന്യത്തെ സംബന്ധിക്കുന്ന സുപ്രധാന വിവരങ്ങള്‍ ഇയാളുടെ പക്കലുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. അതിര്‍ത്തി പ്രദേശങ്ങളുടെ മാപ്പും ഇയാളുടെ പക്കല്‍ നിന്നും കിട്ടി. അതിര്‍ത്തിയിലെ ഇന്ത്യന്‍ സൈന്യത്തിന്റെ വിന്യാസത്തിന്റെ വിവരം എംബസി ഉദ്യോഗസ്ഥന് എന്തിനാണ് എന്ന ചോദ്യത്തിനാണ് പാകിസ്താന്‍ മറുപടി പറയേണ്ടത്.

എന്നാല്‍ സംഭവിച്ചതോ
ഇന്ത്യന്‍ ഹൈക്കമ്മഷന്‍ സ്ഥാനപതിയായ സുര്‍ജിത് സിംഗ് 48 മണിക്കൂറിനകം പാകിസ്താന്‍ വിടണമെന്നാണ് ഇസ്ലാമാബാദ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യന്‍ ഹൈക്കമ്മീഷണറായ ഗൗതം ബംബേവാലയെ വിളിച്ചുവരുത്തിയാണ് ഇക്കാര്യം പാകിസ്താന്‍ അറിയിച്ചത്. രണ്ട് രാജ്യങ്ങളും തമ്മില്‍ യുദ്ധസമാനമായ അന്തരീക്ഷത്തിലേക്കാണ് ഇതെത്തിച്ചിരിക്കുന്നത്.












Click it and Unblock the Notifications