തസ്‌ലീമ നസ്‌റിന്റെ താമസാനുമതി ഇന്ത്യ റദ്ദാക്കി
ദില്ലി: വിവാദ ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്‌റിന് ഇന്ത്യയില്‍ താമസിക്കാനുള്ള അനുമതി സര്‍ക്കാര്‍ റദ്ദാക്കി. തന്റെ ട്വിറ്ററിലൂടെ തസ്ലീമ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 2004 മുതല്‍ ഇന്ത്യയില്‍ താമസിക്കുന്ന തസ്ലീമ റെസിഡന്റ് പെര്‍മിറ്റ് പുതുക്കി നല്‍കണമെന്ന് കാട്ടി അധികൃതര്‍ക്ക് ഒരു മാസം മുന്‍പ് അപേക്ഷ നല്‍കിയിരുന്നെങ്കിലും ഒരു മറുപടിയും ഉണ്ടായില്ലെന്ന് തസ്ലീമ ട്വിറ്ററില്‍ പറയുന്നു.
നിലവില്‍ രണ്ടു മാസത്തെ ടൂറിസ്റ്റ് വിസ മാത്രമാണ് തസ്ലീമയ്ക്ക് അനുമതിച്ചിട്ടുള്ളത്. തസ്ലീമ ഇപ്പോള്‍ വേള്‍ഡ് ഹ്യൂമനിസ്റ്റ് കോണ്‍ഗ്രസില്‍ പങ്കെടുക്കാനായി ബ്രിട്ടനില്‍ പോയിരിക്കുകയാണ്. അവര്‍ ഇന്ത്യയിലേക്ക് തിരിച്ചുവരികയാണെങ്കില്‍ ടൂറിസ്റ്റ് വിസയില്‍ മാത്രമേ ഇന്ത്യയിലേക്ക് പ്രവേശിക്കാന്‍ സാധിക്കുകയുള്ളൂ.

1994 ലാണ് തസ്ലീമയെ മാതൃരാജ്യമായ ബംഗ്ലാദേശില്‍ നിന്നും പുറത്താക്കുന്നത്. ഇസ്ലാം വിരുദ്ധ എഴുത്തിന്റെ പേരിലായിരുന്നു ഇത്. മുസ്ലീം തീവ്രവാദികളുടെ ഭീഷണിയും അവര്‍ക്കുണ്ടായിരുന്നു. അമേരിക്ക യൂറോപ്പ് എന്നിവിടങ്ങളിലെ സന്ദര്‍ശനത്തിനുശേഷം 2004 മുതലാണ് അവര്‍ ഇന്ത്യയില്‍ സ്ഥിരതാമസമാക്കിയത്. മുസ്ലീം സംഘടനകള്‍ വധഭീഷണി ഉയര്‍ത്തിയതിനെ തുടര്‍ന്ന് 2008ല്‍ തസ്ലീമയെ സര്‍ക്കാര്‍ ഏഴുമാസം വീട്ടു തടങ്കലില്‍ പാര്‍പ്പിച്ചിരുന്നു.
പിന്നീട് സ്വീഡനിലേക്ക് പോയ അവര്‍ 2011ലാണ് ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നത്. നിലവില്‍ ദില്ലിയില്‍ താമസിച്ചുവരുന്ന തസ്ലീമയുടെ വിസ റദ്ദ് ചെയ്യാനുള്ള സാഹചര്യം എന്താണെന്ന് വ്യക്തമല്ല. പല ഇന്റര്‍വ്യൂകളിലും തസ്ലീമ ഇന്ത്യയോടുള്ള സ്‌നേഹം പരസ്യമായി പ്രകടിപ്പിച്ചിട്ടുണ്ട്. ഇന്ത്യയില്‍ തന്നെ താമസിക്കണമെന്നാണ് ആഗ്രഹമെന്നും അവര്‍ പറഞ്ഞിരുന്നു.












Click it and Unblock the Notifications