കൊവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു; 24 മണിക്കൂറിനിടെ 5880 രോഗികള്‍, ജാഗ്രതാ നിര്‍ദ്ദേശം
ദില്ലി: ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ വീണ്ടും കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 5880 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 35199 ആയി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 6.91 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 3.67 ശതമാനവുമാണ്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇതുമായി ബന്ധപ്പെട്ട കണക്ക് പുറത്തുവിട്ടത്.
രോഗമുക്തി നിരക്ക് 98.74 ശതമാനമായി ഉയര്‍ന്നതോടെ ആകെ 44,196,318 പേര്‍ സുഖം പ്രാപിച്ചു. കഴിഞ്ഞ ദിവസം 14 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ മരണസംഖ്യ 53,09,79 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 205 ഡോസ് വാക്‌സിന്‍ നല്‍കിയത്. രാജ്യവ്യാപകമായി ഇതുവരെ 220,66,23,527 കോടി വാക്‌സിന്‍ ഡോസുകള്‍ നല്‍കിയിട്ടുണ്ട്.

അതേസമയം, കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊതു - സ്വകാര്യ ആശുപത്രികളുടെ അടിയന്തര തയ്യാറെടുപ്പുകള്‍ അവലോകനം ചെയ്യുന്നതിനായി ഇന്നും നാളെയും രാജ്യവ്യാപകമായി ഒരു മോക്ഡ്രില്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ഹരിയാനയിലെ ജജ്ജാറിലെ എയിംസില്‍ നടക്കുന്ന പരിശീലനത്തിന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ മേല്‍നോട്ടം വഹിക്കും.
കഴിഞ്ഞയാഴ്ച നടന്ന അവലോകന യോഗത്തില്‍ എല്ലാ സംസ്ഥാനങ്ങളിലെയും ആരോഗ്യ മന്ത്രിമാരോട് ജാഗ്രത പാലിക്കാനും ആരോഗ്യ സൗകര്യങ്ങളുടെ തയ്യാറെടുപ്പ് പരിശോധിക്കാനും മന്‍സുഖ് മാണ്ഡവ്യ ആവശ്യപ്പെട്ടിരുന്നു. കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ എന്തും നേരിടാന്‍ രാജ്യം തയ്യാണെന്ന് മന്‍സൂഖ് മാണ്ഡവ്യ അറിയിച്ചിരുന്നു. ഐസിയു കിടക്കകള്‍, ഓക്‌സിജന്‍ വിതരണം, മറ്റ് ഗുരുതരമായ പരിചരണ ക്രമീകരണങ്ങള്‍ എന്നിവ നിലവിലുണ്ടെന്നും തയ്യാറെടുപ്പുകളെ കുറിച്ച് അവലോകനം നടക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
കൊവിഡിന്റെ നാലാം തരംഗത്തില്‍ ജാഗ്രത പാലിക്കണമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യത്തിന്റെ പല ഭാഗത്തും കൊവിഡ് കേസുകള്‍ ഉയരുകയാണ്. പല സംസ്ഥാനങ്ങളും മാസ്‌ക് നിര്‍ബന്ധമാക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ട്.
മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ഹരിയാനയും പുതുച്ചേരിയും പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കി. ഹരിയാനയിലെ സ്‌കൂളുകളിലും മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്.
കേരളത്തിലും ആരോഗ്യമന്ത്രി വീണ ജോര്‍ജ് നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചിരുന്നു. പ്രായമുള്ളവരും മറ്റസുഖമുള്ളവരും വീട്ടിലുണ്ടെങ്കില്‍ പുറത്ത് പോയി വരുന്ന മറ്റുള്ളവരും വളരെയധികം ശ്രദ്ധിക്കണം. അവര്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. പുറത്ത് പോകുമ്പോള്‍ അവരും മാസ്‌ക് കൃത്യമായി ധരിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചിരുന്നു.
ആള്‍ക്കൂട്ടത്തില്‍ പോകുന്ന എല്ലാവരും മാസ്‌ക് ധരിക്കുന്നതാണ് നല്ലത്. ഇടയ്ക്കിടയ്ക്ക് കൈകള്‍ സാനിറ്റൈസറോ സോപ്പും വെള്ളവും ഉപയോഗിച്ചോ കൈകള്‍ ശുചിയാക്കേണ്ടതാണ്. പ്രമേഹം, രക്താദിമര്‍ദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളുള്ളവരും, പ്രായമായവരും, ഗര്‍ഭിണികളും, കുട്ടികളും മാസ്‌ക് ധരിക്കണമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications