പാക് എതിര്‍പ്പ് മറികടന്ന് ഇന്ത്യ; ജി 20 ഉന്നതതല യോഗം കാശ്മീരില്‍ വച്ച് നടക്കും

ദില്ലി: ജി20 സാംസ്‌കാരിക മന്ത്രാലയങ്ങളുടെ ഉന്നതതല യോഗം മേയ് മാസത്തില്‍ ജമ്മു കാശ്മീരില്‍ വച്ച് നടക്കും. ചൈന, തുര്‍ക്കി, സൗദി അറേബ്യ തുടങ്ങിയ അംഗരാജ്യങ്ങളെ സമ്മര്‍ദത്തിലാക്കിയ പാകിസ്ഥാന്‍ എതിര്‍പ്പ് മറികടന്നാണ് ഇന്ത്യയിലെ ഒരു കേന്ദ്ര ഭരണ പ്രദേശത്ത് വച്ച് യോഗം നടക്കുന്നത്. സാംസ്‌കാരിക സ്വത്തുക്കളുടെ സംരക്ഷണം, പുനഃസ്ഥാപനം, സുസ്ഥിര ഭാവിയുടെ ജീവിത പൈതൃകം, സാംസ്‌കാരിക വ്യവസായങ്ങളുടെ പ്രോത്സാഹനം, സംസ്‌കാര സംരക്ഷണത്തിനായി ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ ഉപയോഗം തുടങ്ങിയ കാര്യങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്യുമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നത്.
വടക്ക് കാശ്മീര്‍ മുതല്‍ തെക്ക് കന്യാകുമാരി വരെ ജി 20യുടെ 56 കൂടിക്കാഴ്ചകള്‍ ഇന്ത്യ നടത്തുമെന്ന് ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കാംബോജ് ഈ ആഴ്ച ആദ്യം യുഎന്നിനോട് പറഞ്ഞിരുന്നു. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന സമ്മേളനം ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിലും 8 കേന്ദ്ര ഭരണ പ്രദേശങ്ങളിലും വച്ച് നടത്തുമെന്ന് രുചിര കാംബോജ് അറിയിച്ചിരുന്നു. അടുത്ത ആഴ്ച ജി 20യുമായി ബന്ധപ്പെട്ട ഒരു യോഗം അരുണാചല്‍ പ്രദേശില്‍ വച്ച് നടക്കുന്നുണ്ട്. യുഎസ്, ചൈന, ഇന്തോനേഷ്യ എന്നീ രാജ്യങ്ങള്‍ യഥാക്രമം 12, 14, 25 നഗരങ്ങളില്‍ ജി20 യോഗങ്ങള്‍ നടത്തിയിരുന്നു.
അതേസമയം, ജി 20 യോഗം ജമ്മു കാശ്മീരില്‍ വച്ച് നടത്തുന്നതിനെതിരെ പാകിസ്ഥാന്‍ രംഗത്തെത്തിയിരുന്നു. ജമ്മു കശ്മീരില്‍ ജി 20 മീറ്റിംഗിനായുള്ള നിര്‍ദ്ദേശം, അംഗരാജ്യങ്ങള്‍ നിരസിക്കണമെന്നാണ് പാകിസ്ഥാന്‍ അറിയിച്ചത്. നിയമത്തിന്റെയും നീതിയുടെയും അനിവാര്യതകളെക്കുറിച്ച് പൂര്‍ണ്ണമായി മനസിലാക്കി കൊണ്ട് യോഗം ജമ്മു കാശ്മീരില്‍ വച്ച് നടത്തുന്നതിനെ എതിര്‍ക്കണമെന്നാണ് പാകിസ്ഥാന്‍ അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട് സഖ്യകക്ഷികളായ ചൈന, സൗദി അറേബ്യ, തുര്‍ക്കീ എന്നീ രാജ്യങ്ങളുടെ പിന്തുണ പാകിസ്ഥാന്‍ തേടിയിരുന്നു. ചൈന പാകിസ്ഥാനെ പിന്തുണയ്ക്കുന്ന നിലപാട് സ്വീകരിച്ചെന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications