ഇന്ത്യയുടെ പുതിയ കരസേന മേധാവി ചുമതലയേറ്റു; ആരാണ് ജനറല്‍ മനോജ് പാണ്ഡെ?
ദില്ലി: രാജ്യത്തിന്റെ 29ാം കരസേന മേധാവിയായി ജനറല്‍ മനോജ് പാണ്ഡെ ചുമതല ഏറ്റെടുത്തു. എം എം നരവനെ വിരമിച്ചതോടെയാണ് പാണ്ഡെ ചുമതലയേറ്റത്. കരസേന മേധാവിയാകുന്ന ആദ്യത്തെ എഞ്ചിനിയറയാണ് മനോജ് പാണ്ഡെ. ഇതുവരെ വൈസ് ചീഫായിരുന്നു അദ്ദേഹം. ഫെബ്രുവരി ഒന്നിന് വൈസ് ചീഫ് പദവി ഏറ്റെടുക്കുന്നതിന് മുമ്പ് ഈസ്റ്റേണ്‍ ആര്‍മി കമാന്‍ഡിന്റെ തലപ്പത്തായിരുന്നു ഇദ്ദേഹം.
കരസേനാ മേധാവി എന്ന നിലയില്‍ ഇന്ത്യന്‍ നാവികസേനയെയും വ്യോമസേനയെയും ഏകോപിപ്പിക്കേണ്ട ചുമതല ഇദ്ദേഹത്തിനാണ്. കഴിഞ്ഞ ഡിസംബറില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച ഇന്ത്യയുടെ ആദ്യത്തെ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ( സി ഡി എസ് ) ജനറല്‍ ബിപിന്‍ റാവത്താണ് രാജ്യത്തെ സേനകളെ ഏകോപിപ്പിച്ചിരുന്നത് . എന്നാല്‍ ജനറല്‍ റാവത്തിന്റെ പിന്‍ഗാമിയെ സര്‍ക്കാര്‍ ഇതുവരെ നിയമിച്ചിട്ടില്ല .
ആരാണ് ജനറല്‍ പാണ്ഡെ?
ശ്രസ്തമായ നാഷണല്‍ ഡിഫന്‍സ് അക്കാദമി (എന്‍ഡിഎ), ഖഡക്വാസ്ല, ഡെറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാദമി (ഐഎംഎ) എന്നിവയുടെ പൂര്‍വ വിദ്യാര്‍ത്ഥിയാണ് ജനറല്‍ മനോജ് പാണ്ഡെ. ഐഎംഎയില്‍ നിന്ന് പാസൗട്ടായ ശേഷം 1982 ഡിസംബറില്‍ ബോംബെ സാപ്പേഴ്‌സിലേക്ക് കമ്മീഷന്‍ ചെയ്തു. 39 വര്‍ഷം നീണ്ടുനിന്ന ഒരു സൈനിക ജീവിതത്തില്‍, ജനറല്‍ പാണ്ഡെ എല്ലാത്തരം ഭൂപ്രദേശങ്ങളിലും പരമ്പരാഗത, കലാപ വിരുദ്ധ പ്രവര്‍ത്തനങ്ങളിലും ഭാഗമായിട്ടുണ്ട്.
സൈനിക ഉപമേധാവിയായി ചുമതലയേല്‍ക്കുന്നതിന് മുമ്പ് ജനറല്‍ പാണ്ഡെ ഈസ്റ്റേണ്‍ ആര്‍മി കമാന്‍ഡറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2020 ജൂണ്‍ മുതല്‍ 2021 മെയ് വരെ ആന്‍ഡമാന്‍ നിക്കോബാര്‍ കമാന്‍ഡിന്റെ കമാന്‍ഡര്‍-ഇന്‍-ചീഫ് കൂടിയായിരുന്നു അദ്ദേഹം. ജനറല്‍ മനോജ് പാണ്ഡെയ്ക്ക് പരം വിശിഷ്ട സേവാ മെഡല്‍, അതി വിശിഷ്ട സേവാ മെഡല്‍, വിശിഷ്ട് സേവാ മെഡല്‍, ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് പ്രശംസയും ലഭിച്ചിട്ടുണ്ട്. 1962 മേയ് ആറിനാണ് ജനനം.
ലഫ്റ്റനന്റ് ജനറല്‍ മനോജ് സി പാണ്ഡെ നാഷണല്‍ ഡിഫന്‍സ് അക്കാദമിയുടെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ് കൂടാതെ സ്റ്റാഫ് കോളേജ് , കാംബര്‍ലി ( യു കെ ), ആര്‍മി വാര്‍ കോളേജ് , മോവ് , നാഷണല്‍ ഡിഫന്‍സ് കോളേജ് , ന്യൂ ഡല്‍ഹി എന്നിവിടങ്ങളില്‍ കോഴ്സുകള്‍ പഠിച്ചിട്ടുണ്ട് .