ത്രിപുരയില്‍ ബിജെപി തന്നെ; സിപിഎം കോണ്‍ഗ്രസ് സഖ്യം തകര്‍ന്നടിയും

അഗര്‍ത്തല: ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പി അധികാരം നിലനിര്‍ത്തുമെന്ന് ഇന്ത്യാ ടുഡേ - ആക്‌സിസ് പോള്‍ സര്‍വെ. ബി ജെ പിക്ക് 36 മുതല്‍ 45 സീറ്റ് വരെ ലഭിക്കും എന്നാണ് എക്‌സിറ്റ് പോള്‍ ഫലം പറയുന്നത്. സി പി എം - കോണ്‍ഗ്രസ് സഖ്യത്തിന് ആറ് മുതല്‍ 11 സീറ്റ് വരെയായിരിക്കും ലഭിക്കുക. ടിപ്ര മോതക്ക് ഒമ്പത് മുതല്‍ 16 സീറ്റ് വരെ ലഭിക്കും എന്നും ഇന്ത്യാ ടുഡേ - ആക്‌സിസ് പോള്‍ സര്‍വെയില്‍ പറയുന്നു.
2018 ല്‍ അപ്രതീക്ഷിതമായാണ് ബി ജെ പി ത്രിപുരയില്‍ അധികാരത്തില്‍ എത്തുന്നത്. ബി ജെ പി നേതൃത്വത്തിലുള്ള എന്‍ ഡി എ 60 ല്‍ 44 സീറ്റ് നേടിയാണ് അധികാരത്തില്‍ എത്തിയത്. സി പി എം നേതൃത്വത്തിലുള്ള ഇടതുപക്ഷമാകട്ടെ 18 സീറ്റില്‍ ഒതുങ്ങി. ഇത്തവണ സി പിഎമ്മും കോണ്‍ഗ്രസും സഖ്യമായാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.
ത്രിപുരയില്‍ കേവലഭൂരിപക്ഷത്തിന് 31 സീറ്റ് ആണ് വേണ്ടത്. 60 അംഗ നിയമസഭയാണ് ത്രിപുരയിലേത്. ത്രിപുരയില്‍ ഫെബ്രുവരി 16 നായിരുന്നു വോട്ടെടുപ്പ് നടന്നത്. മാര്‍ച്ച് രണ്ടിന് ത്രിപുരയടക്കം മൂന്ന് സംസ്ഥാനങ്ങളിലെ ഫലമറിയാം.
രണ്ടര പതിറ്റാണ്ടിലേറെയായി സി പി എമ്മായിരുന്നു ത്രിപര ഭരിച്ചിരുന്നത്. ത്രിപുര ഇത്തവണയും കൈവിട്ടാല്‍ ബംഗാളിന് പുറമെ സി പി എമ്മിന് അടിത്തറ നഷ്ടമാകുന്ന രണ്ടാമത്തെ സംസ്ഥാനമായി ത്രിപുര മാറും.
നിലവില്‍ കേരളത്തില്‍ മാത്രമാണ് സി പി എം ഭരണത്തില്‍ ഉള്ളത്. തമിഴ്‌നാട്, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ ഭരണസഖ്യത്തിലുണ്ടെങ്കിലും സര്‍ക്കാരില്‍ അംഗമല്ല. ത്രിപുരയില്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ലെങ്കില്‍ വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സി പി എമ്മിന് വലിയ തിരിച്ചടിയേല്‍ക്കേണ്ടി വരും. അതേസമയം ഇന്ന് പുറത്ത് വന്ന മറ്റ് എക്‌സിറ്റ് പോളുകളിലും സി പി എം - കോണ്‍ഗ്രസ് സഖ്യത്തിന് തിരിച്ചടിയാണ് പ്രവചിച്ചിരിക്കുന്നത്.












Click it and Unblock the Notifications