പാക് കപ്പലിനെ പിന്തുടർന്ന് പിടിച്ച് ഇന്ത്യന്‍ സേന: 7 മത്സ്യത്തൊഴിലാളികളെ രക്ഷിച്ചത് അതിസാഹസികമായി
അഹമ്മദാബാദ്: പാക് സേനയുടെ പിടിയില്‍ അകപ്പെട്ട ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ അതിസാഹസികമായി രക്ഷപ്പെടുത്തി കോസ്റ്റ് ഗാർഡ്. പാകിസ്ഥാൻ മാരിടൈം സെക്യൂരിറ്റി ഏജൻസി പിടികൂടിയ ഏഴ് മത്സ്യത്തൊഴിലാളികളെയാണ് രക്ഷപ്പെടുത്തിയത്. ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ കസ്റ്റഡിയിൽ എടുത്ത പാക്ക് മാരിടൈം ഏജൻസിയുടെ കപ്പലിനെ ഇന്ത്യന്‍ കോസ്റ്റ് ഗാർഡ് സേന പിന്തുടർന്ന് പിടിക്കുകയായിരുന്നു.
പോർബന്തർ തീരത്ത് ഇന്ത്യ-പാകിസ്ഥാൻ അന്താരാഷ്‌ട്ര സമുദ്രാതിർത്തിക്ക് സമീപത്തായിട്ടാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. മണിക്കൂറുകളോളം പിന്തുടർന്ന് എത്തിയ ഇന്ത്യന്‍ സേന പാക്ക് കപ്പലിനെ തടഞ്ഞ് നിർത്തുകയായിരുന്നു. ഇരു സേനകളും മുഖാമുഖം വന്നതോടെ ഗത്യന്തരമില്ലാതെ പാക് മാരി ടൈം ഏജന്‍സി മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കുകയായിരുന്നു.

ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3:30 ഓടെയായിരുന്നു സംഭവം. ഇന്ത്യന്‍ മത്സ്യബന്ധന ബോട്ടിൽ നിന്ന് അപകട സൂചന സന്ദേശം ലഭിച്ചതിനെത്തുടർന്ന് അന്താരാഷ്ട്ര അതിർത്തിയോട് ചേർന്ന് വിന്യസിച്ചിരിക്കുന്ന ഇന്ത്യന്‍ കോസ്റ്റ് ഗാർഡിന്റെ അഗ്രിം എന്ന കപ്പല്‍ മത്സ്യത്തൊഴിലാളികളെ രക്ഷിക്കാനായി പുറപ്പെടുകയായിരുന്നു. ഗുജറാത്തിൽ നിന്നുള്ള രണ്ട് പേർ ഉൾപ്പെടെ ഏഴ് മത്സ്യത്തൊഴിലാളികളുണ്ടായിരുന്ന കാലഭൈരവ് എന്ന ബോട്ടില്‍ നിന്നുമാണ് തൊഴിലാളികളെ പാക് സേന പിടികൂടിയത്.
'അപായസൂചന ലഭിച്ച ഉടന്‍ തന്നെ ഇന്ത്യന്‍ കോസ്റ്റ് ഗാർഡ് കപ്പല്‍ പരമാധി വേഗതിയില്‍ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു. പാകിസ്ഥാൻ മാരിടൈം സെക്യൂരിറ്റി ഏജൻസി മത്സ്യത്തൊഴിലാളികളുമായി മുന്നോട്ട് പോകാന്‍ ശ്രമിച്ചെങ്കിലും ഇന്ത്യന്‍ സേന അവരെ തടയുകയും കസ്റ്റഡിയില്‍ എടുത്തവരെ വിട്ടയക്കാനും ആവശ്യപ്പെട്ടു. ഏഴ് മത്സ്യത്തൊഴിലാളികളേയും സുരക്ഷിതമായി തന്നെ മോചിപ്പിക്കാന്‍ സാധിച്ചു. എല്ലാവരുടേയും ആരോഗ്യ നില തൃപ്തികരമാണ്' ഇന്ത്യന്‍ കോസ്റ്റ് ഗാർഡ് പ്രസ്താവനയിലൂടെ വ്യക്തമാക്കി.
പാക് സേനയുടെ നടപടിക്കിടെ കാലഭൈരവ് എന്ന മത്സ്യബന്ധന ബോട്ടിന് കേടുപാടുകൾ സംഭവിക്കുകയും മുങ്ങുകയും ചെയ്തതായും റിപ്പോർട്ടുണ്ട്. മത്സ്യത്തൊഴിലാളികളെ പാക് സേന പിടികൂടിയത് അടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കാന്‍ കോസ്റ്റ് ഗാർഡ്, പോലീസ്, ഇൻ്റലിജൻസ് ഏജൻസികൾ, ഫിഷറീസ് അധികൃതർ എന്നിവരെ ഉൾപ്പെടുത്തി സംയുക്ത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
എല്ലാ വർഷവും, പാകിസ്ഥാൻ മാരിടൈം സെക്യൂരിറ്റി ഏജൻസി (പിഎംഎസ്എ) ഡസൻ കണക്കിന് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ പിടികൂടുന്നത് പതിവാണ്. സമുദ്രാതിർത്തി ലംഘിച്ചുവെന്ന കുറ്റമാരോപിച്ച് പിടികൂടുന്നവരില്‍ അധികവും ഗുജറാത്തില്‍ നിന്നുള്ളവരാണ്. അതേസമയം ഇന്ത്യന്‍ സമുദ്ര അതിർത്തിയിലേക്ക് അനധികൃതമായി പ്രവേശിക്കുന്ന പാക് സേന തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി മത്സ്യത്തൊഴിലാളികളെ പിടികൂടുന്ന സാഹചര്യവുമുണ്ടായിട്ടുണ്ട്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 200-ലധികം ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ പാകിസ്ഥാൻ ജയിലുകളില്‍ കഴിയുന്നുണ്ട്.












Click it and Unblock the Notifications