പത്ത് ദിവസത്തിനുള്ളിൽ 2600 ശ്രമിക് ട്രെയിനുകൾ സർവീസ് നടത്തും: തിരിച്ചെത്തിക്കുക 36 ലക്ഷം പേരെ
ദില്ലി: അതിഥി തൊഴിലാളികളെ സ്വദേശത്തേക്ക് തിരിച്ചെത്തിക്കുന്നതിനായി കൂടുതൽ ട്രെയിനുകൾ സർവീസ് നടത്തുമെന്ന് കേന്ദ്രസർക്കാർ. 36 ലക്ഷത്തോളം അതിഥി തൊഴിലാളികളെ സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനായി അടുത്ത പത്ത് ദിവസത്തിനിടെ 2600 ശ്രമിക് സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുമെന്നാണ് റെയിൽവേ ബോർഡ് ചെയർമാൻ വികെ യാദവ് അറിയിച്ചിട്ടുള്ളത്. കഴിഞ്ഞ 23 ദിവസത്തിനുള്ളിൽ 36 ലക്ഷം അതിഥി തൊഴിലാളികളെയാണ് തിരിച്ചെത്തിച്ചിട്ടുള്ളത്.
രാജ്യത്ത് ഇതിനകം 1000 ടിക്കറ്റ് കൌണ്ടറുകളാണ് ആരംഭിച്ചിട്ടുള്ളത്. കുടുതൽ കൌണ്ടറുകൾ വരും ദിവസങ്ങളിൽ തുറക്കും. കഴിഞ്ഞ നാല് ദിവസങ്ങളിലെ കണക്കെടുത്ത് പരിശോധിക്കുമ്പോൾ പ്രതിദിനം 260 ശ്രമിക് ട്രെയിനുകളാണ് ലക്ഷക്കണക്കിന് യാത്രക്കാരുമായി സർവീസ് നടത്തിയിട്ടുള്ളത്. എന്നാൽ ലോക്ക്ഡൌണിന് മുമ്പ് ഈടാക്കിയിരുന്ന തുക തന്നെയാണ് ഇപ്പോഴും ഈടാക്കിക്കൊണ്ടിരിക്കുന്നതെന്നാണ് ചോദ്യങ്ങൾക്ക് മറുപടിയായി യാദവ് പറഞ്ഞത്. ശ്രമിക് ട്രെയിനുകളുടെ ടിക്കറ്റ് നിരക്കിന്റെ 85 ശതമാനം കേന്ദ്രസർക്കാരും 15 ശതമാനം ട്രെയിൻ ആവശ്യപ്പെടുന്ന സംസ്ഥാന സർക്കാരുകളുമാണ് നൽകുക.

ഉംപുൻ ചുഴലിക്കാറ്റ് പ്രകൃതി ദുരന്തമാണെന്നും അത് ഉടൻ മാറുമെന്നുമാണും കാര്യങ്ങൾ സാധാരണ ഗതിയിലേക്ക് മാറുമെന്നും പശ്ചിമബംഗാളിലേക്കുള്ള ട്രെയിനുകൾ നിർത്തിവെക്കാൻ ആവശ്യപ്പെട്ട ബംഗാൾ സർക്കാരിന്റെ ആവശ്യത്തോട് യാദവ് പ്രതികരിച്ചത്. ഉംപുൻ ചുഴലിക്കാറ്റ് നാശം വിതച്ചതിനാൽ അതിഥി തൊഴിലാളികളെ ഇപ്പോൾ സ്വീകരിക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി മമതാ ബാനർജി കേന്ദ്രത്തെ അറിയിച്ചിരുന്നു.
ഉംപുൻ ചുഴലിക്കാറ്റ് നാശം വിതച്ച ബംഗാളിൽ എല്ലാക്കാര്യങ്ങളും പുനസ്ഥാപിച്ച് കൊണ്ടിരിക്കുകയാണെന്നും അതുകൊണ്ട് വേഗം തന്നെ അതിഥി തൊഴിലാളികളെ സ്വീകരിക്കാൻ കഴിയുമെന്നും ചൂണ്ടിക്കാണിച്ച് ചീഫ് സെക്രട്ടറി കത്തയച്ചതായും യാദവ് ചൂണ്ടിക്കാണിക്കുന്നു. എപ്പോഴാണോ അവർ അനുമതി നൽകുന്നത് അപ്പോൾ മുതൽ ബംഗാളിലേക്ക് ശ്രമിക് ട്രെയിനുകൾ സർവീസ് നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
എന്തിനാണ് ദൈർഘ്യമേറിയ റൂട്ടുകളിലേക്ക് ശ്രമിക് ട്രെയിനുകൾ വഴിതിരിച്ചുവിടുന്നതെന്ന ചോദ്യത്തിന് തിരക്ക് ഒഴിവാക്കാനാണെന്നാണ് റെയിൽവേയുടെ മറുപടി. ഇതിൽ പലവയും ഉത്തർപ്രദേശിലും ബിഹാറിലും സർവീസ് അവസാനിപ്പിക്കുന്നതാണ്. സാധാരണ സർവീസ് നടത്തുമ്പോഴും ഇതേ രീതി പിൻതുടരാറുണ്ടെന്നും റെയിൽവേ കൂട്ടിച്ചേർത്തു. ജൂൺ ഒന്ന് മുതൽ 200 സ്പെഷ്യൽ ട്രെയിനുകളാണ് രാജ്യത്ത് സർവീസ് നടത്താനിരിക്കുന്നത്.












Click it and Unblock the Notifications