20 രൂപയ്ക്ക് പൂരിയും വെജിറ്റബിൾ കറിയും, 3 രൂപയ്ക്ക് വെള്ളം; ജനറല്‍ കോച്ചുകളിലെ യാത്ര ഇനി അടിപൊളി!
നിങ്ങൾ ട്രെയിനിൽ യാത്ര ചെയ്യുന്ന ആളാണെങ്കിൽ ഇതാ ഒരു സന്തോഷവാർത്ത. ഭക്ഷണത്തിന് അമിത വില നൽകേണ്ടിവരുന്നത് കൊണ്ട് ഇനി ഭക്ഷണം പൊതിഞ്ഞുകെട്ടി പോകേണ്ട.. കീശ കീറാതെ ഭക്ഷണം കഴിക്കാനുള്ള അവസരം ഒരുങ്ങുന്നു.
ജനറൽ കോച്ചുകളിൽ യാത്ര ചെയ്യുന്നവർക്ക് മിതമായ നിരക്കിൽ ഭക്ഷണവും വെള്ളവും നൽകാനുള്ള നടപടികൾ റെയിൽവേ ആരംഭിച്ചിട്ടുണ്ട്.
ജനറൽ കോച്ച് യാത്രക്കാരുടെ യാത്ര മെച്ചപ്പെടുത്തുന്നതിനായി യാത്രക്കാർക്ക് മിതമായ നിരക്കിൽ ഭക്ഷണവും പാക്കേജ് ചെയ്ത വെള്ളവും നൽകാൻ തീരുമാനിച്ചതായി റെയിൽവേ അധികൃതർ അറിയിച്ചു.

റെയിൽവെ പ്ലാറ്റ്ഫോമിൽ ജനറൽ കോച്ചിന് മുന്നിൽ സ്റ്റാൾ ഒരുക്കുമെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ഈ സ്റ്റാളുകളിൽ ഭക്ഷണവും പാനീയവും വളരെ മിതമായ നിരക്കിൽ ലഭിക്കും. റെയിൽവേ ഭക്ഷണത്തെ രണ്ട് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. 'മീൽ ടൈപ്പ് 1'ൽ 20 രൂപയ്ക്ക് പൂരി, പച്ചക്കറി കറി, അച്ചാർ എന്നിവയുണ്ടാകും.
'മീൽ ടൈപ്പ് 2' ൽ ലഘുഭക്ഷണം (350 ഗ്രാം) ഉണ്ടായിരിക്കും, ഇതിന് 50 രൂപ വിലവരും. 50 രൂപയുടെ ലഘുഭക്ഷണത്തിൽ (ഊണ്, ചോലെബട്ടൂര, പാവ് ബജി, മസാലദോശ തുടങ്ങിയവയിൽ ഏതെങ്കിലും). ഇതിനുപുറമെ ജനറൽ കോച്ചിൽ 200 മില്ലി പാക്കറ്റ് വെള്ളവും യാത്രക്കാർക്ക് ലഭ്യമാകും, ഇതിന്റെ വില 3 രൂപ ആയിരിക്കും.
മെയിൽ/എക്‌സ്‌പ്രസ് ട്രെയിനുകൾ ഉൾപ്പെടെയുള്ള എല്ലാ ട്രെയിനുകളിലും കുറഞ്ഞത് രണ്ട് ജനറൽ കോച്ചുകളെങ്കിലും ഉണ്ടായിരിക്കും, ഒന്ന് എഞ്ചിന് അടുത്തും ഒന്ന് ട്രെയിനിന്റെ അവസാനത്തിലും. കൗണ്ടറിൽ നിന്ന് വാങ്ങിയ ജനറൽ/അൺ റിസർവ്ഡ് ടിക്കറ്റ് ഉള്ള ആർക്കും ആ കോച്ചുകളിൽ യാത്ര ചെയ്യാം.
ജനറൽ കോച്ചിന് സമീപത്തെ പ്ലാറ്റ്‌ഫോമിൽ സ്ഥാപിച്ചിട്ടുള്ള കൗണ്ടർ വഴി, മിതമായ നിരക്കിൽ പായ്ക്ക് ചെയ്ത വെള്ളവും ലഭ്യമാക്കാൻ റെയിൽവേ ബോർഡ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഈ കൗണ്ടറുകൾ പ്ലാറ്റ്ഫോമുകൾക്ക് മുന്നിൽ സ്ഥാപിക്കാൻ കഴിയുന്ന തരത്തിൽ റെയിൽവേ സോണിന്റെ സ്ഥാനം തീരുമാനിക്കും.
6 മാസത്തെ പരീക്ഷണമായാണ് പ്ലാറ്റ്ഫോമിൽ ഈ സർവീസ് ആരംഭിച്ചതെന്ന് റെയിൽവേ അധികൃതർ പറഞ്ഞു. ഇതുവരെ 51 സ്റ്റേഷനുകളിൽ ഇത് നടപ്പാക്കിയിട്ടുണ്ട്. ജൂലൈ 20 മുതൽ ഈ പദ്ധതി 13 സ്റ്റേഷനുകളിൽ കൂടി ആരംഭിക്കുന്നതാണ്.












Click it and Unblock the Notifications