ഇന്ത്യന്‍ രൂപയ്ക്ക് എന്തുപറ്റി; മൂക്കു കുത്തി വീണല്ലോ, ചരിത്ര നഷ്ടം, സാധാരണക്കാരന്റെ നടുവൊടിയും
ഇന്ത്യന്‍ രൂപയുടെ മൂല്യം മൂക്കു കുത്തി താഴേക്ക് വീണു. ചരിത്രത്തില്‍ ആദ്യമായി ഡോളറിനെതിരെ രൂപയുടെ മൂല്യം 90 കടന്നു. അതായത്, ഒരു ഡോളര്‍ കിട്ടാന്‍ 90 രൂപ നല്‍കണം. ഇന്ത്യന്‍ കറന്‍സിയുടെ മൂല്യം കഴിഞ്ഞ കുറച്ചുകാലമായി ഇടിഞ്ഞുവരികയാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെയാണ് രൂപയുടെ ഇടിവ് വേഗത്തിലായത്. ഇനിയും ഇടിഞ്ഞേക്കുമെന്നാണ് വിവരം.
അമേരിക്കയും ഇന്ത്യയും തമ്മിലുള്ള വ്യാപാര കരാര്‍ ഇതുവരെ നിലവില്‍ വന്നിട്ടില്ല. ഇതാണ് രൂപയുടെ മൂല്യം ഇടിയാന്‍ പ്രധാന കാരണം. നിലവില്‍ അമേരിക്ക 50 ശതമാനം താരിഫ് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ചുമത്തിയിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങള്‍ക്കും പാകിസ്താനും ചൈനയ്ക്കും ചുമത്തിയതിനേക്കാള്‍ ഉയര്‍ന്ന താരിഫ് ആണ് അമേരിക്ക ഇന്ത്യയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇത് കുറയ്ക്കണം എന്ന ഇന്ത്യയുടെ ആവശ്യം അമേരിക്ക മുഖവിലക്കെടുത്തിട്ടില്ല.

ഇന്ത്യ ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്നത് അമേരിക്കയിലേക്കാണ്. അമേരിക്ക ഉയര്‍ന്ന താരിഫ് ചുമത്തിയതോടെ ഇന്ത്യയുടെ കയറ്റുമതി ചെലവ് കൂടാന്‍ തുടങ്ങി. അതായത്, കയറ്റുമതിക്കാര്‍ പ്രതിസന്ധിയിലായി. അമേരിക്കയുമായി ചര്‍ച്ച നടത്തി രമ്യതയിലെത്താനും താരിഫ് കുറയ്ക്കാനും ഇന്ത്യ ശ്രമിക്കുന്നുണ്ട്. എന്നാല്‍ അമേരിക്ക വഴങ്ങുന്നില്ല. താരിഫ് കുറച്ചാല്‍ മാത്രമാണ് വ്യാപാരം ശക്തിപ്പെടുക.
രൂപ മൂല്യം കുറഞ്ഞാല്‍ എന്തു സംഭവിക്കും?
ഇന്ത്യന്‍ രൂപയുടെ കറന്‍സി മൂല്യം കുറഞ്ഞു വരുന്നത് സാമ്പത്തിക ഭദ്രതയ്ക്ക് കോട്ടം തട്ടിക്കും. ഇറക്കുമതി ചെലവേറിയതാകുകയും കയറ്റുമതി ലാഭമില്ലാതാകുകയും ചെയ്യും. ഇറക്കുമതിക്ക് ചെലവ് കൂടുമ്പോള്‍ വ്യാപാര കമ്മി വര്‍ധിക്കും. ഇതാണ് രൂപയുടെ മൂല്യം കുറയ്ക്കുന്നത്. ഈ വര്‍ഷം ആരംഭത്തില്‍ 81 എന്ന നിരക്കിലായിരുന്നു രൂപ. വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ 90 കടന്നു. ഇങ്ങനെ ഒരു സാഹചര്യം ഇതുവരെ ഉണ്ടായിട്ടില്ല.
ചൊവ്വാഴ്ച വ്യാപാരം അവസാനിക്കുന്ന വേളയില്‍ രൂപയുടെ മൂല്യം 89.94 വരെ എത്തിയിരുന്നു. ഇന്ന് 90.13 വരെ ഇടിഞ്ഞു. വിദേശ കറന്‍സികള്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് പുറത്തേക്ക് ഒഴുകുകയാണ്. നിക്ഷേപകര്‍ ഓഹരി വിപണിയില്‍ നിന്ന് പിന്‍വാങ്ങുകയും ചെയ്യുന്നു. വ്യാപാരം ചെലവേറിയതുമായി. ഇതെല്ലാമാണ് രൂപയുടെ മൂല്യം ശോഷിക്കാന്‍ കാരണം. ഇറക്കുമതി വസ്തുക്കള്‍ക്ക് ഇനി വില കൂടും. സാധാരണക്കാരന്‍ കൂടുതല്‍ പ്രതിസന്ധിയിലാകുകയും ചെയ്യും.
പ്രവാസികള്‍ക്ക് സന്തോഷിക്കാം
ലോകത്തിലെ മൊത്തം വ്യാപാരം നടക്കുന്നത് ഡോളറിലാണ്. ഇന്ത്യ ക്രൂഡ് ഓയില്‍ ഇറക്കാനും സ്വര്‍ണം വാങ്ങാനും മറ്റു ചരക്കുകള്‍ ഇറക്കുമതി ചെയ്യുന്നതിനുമെല്ലാം ഡോളര്‍ അധികമായി ചെലവാക്കേണ്ട സാഹചര്യമാണ്. ഈ സാഹചര്യത്തില്‍ രൂപയെ ശക്തിപ്പെടുത്താന്‍ റിസര്‍വ് ബാങ്ക് ശക്തമായ ഇടപെടല്‍ നടത്തും. രൂപ മൂല്യം ഉയര്‍ത്തണം എങ്കില്‍ ഇന്ത്യ-അമേരിക്ക വ്യാപാര കരാര്‍ നിലവില്‍ വരിക മാത്രമാണ് പോംവഴി.
ഡോളര്‍ കാര്യമായ മുന്നേറ്റം നടത്താതിരിക്കുമ്പോഴാണ് രൂപയുടെ തകര്‍ച്ച എന്നതും എടുത്തു പറയണം. രൂപ മൂല്യം ഇടിയുമ്പോള്‍ സന്തോഷിക്കുന്നവര്‍ പ്രവാസികള്‍ മാത്രമാണ്. അവരുടെ അധ്വാനത്തിന് ഇരട്ടി മൂല്യം കിട്ടും. കഴിഞ്ഞ മാസം അവര്‍ അയച്ച തുക ഈ മാസം അയക്കുമ്പോള്‍ കൂടുതല്‍ പണം കൈയ്യില്‍ കിട്ടും. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് വന്‍തോതില്‍ നാട്ടിലേക്ക് പണമയക്കല്‍ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.












Click it and Unblock the Notifications