ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ പുരോഗമിക്കുന്നു, 725 എംപിമാര്‍ വോട്ട് ചെയ്തു
ദില്ലി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു.. വൈകിട്ട് 5 മണിയോടെയാണ് വോട്ടെടുപ്പ് അവസാനിച്ചത്. 6 മണിക്ക് വോട്ടെണ്ണല്‍ ആരംഭിച്ചു. രാത്രിയോടെ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനമുണ്ടാകും. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജഗ്ദീപ് ധന്‍കര്‍, പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി മാര്‍ഗരറ്റ് ആല്‍വ എന്നിവരാണ് ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുന്നത്.
തിരഞ്ഞെടുപ്പില്‍ ആകെയുളള 780 എംപിമാരില്‍ 725 പേര്‍ വോട്ട് ചെയ്തു. ബിജെപിയുടെ രണ്ട് എംപിമാര്‍ വോട്ട് ചെയ്തില്ല. ബോളിവുഡ് താരം കൂടിയായ ബിജെപി എംപി സണ്ണി ഡിയോള്‍, സഞ്ജയ് ദോത്രെ എന്നിവരാണ് വോട്ടെടുപ്പില്‍ നിന്ന് വിട്ട് നിന്നത്. അസുഖം കാരണമാണ് ഇരുവരും വോട്ട് ചെയ്യാന്‍ എത്താതിരുന്നത് എന്നാണ് വിവരം. നേരത്തെ രാഷ്ട്രപതി തിരഞ്ഞെടുപ്പിലും ഇവര്‍ വോട്ട് രേഖപ്പെടുത്തിയിരുന്നില്ല.

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ട് നില്‍ക്കുന്നതായി മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ട് തന്നെ തൃണമൂലിന്റെ 34 എംപിമാര്‍ വോട്ട് ചെയ്യാനെത്തിയില്ല. അതേസമയം മുന്‍ തൃണമൂല്‍ നേതാവ് കൂടിയായ ബംഗാള്‍ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ അച്ഛന്‍ ശിശിര്‍ അധികാരി, സഹോദരന്‍ ദിവ്യേന്ദു അധികാരി എന്നിവര്‍ വോട്ട് രേഖപ്പെടുത്തി.
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ 372 വോട്ടുകളാണ് വേണ്ടത്. എന്‍ഡിഎ പിന്തുണയില്‍ മത്സരിക്കുന്ന ജഗ്ദീപ് ധന്‍കറിന് 527 വോട്ടുകളാണ് പ്രതീക്ഷിക്കുന്നത്. അതായത് ആകെ പോള്‍ ചെയ്ത വോട്ടുകളുടെ 70 ശതമാനവും ജഗ്ദീപ് ധന്‍കറിന് ലഭിച്ചേക്കും. നിലവിലെ ഉപരാഷ്ട്രപതി എം വെങ്കയ്യനായിഡുവിന് ലഭിച്ച വോട്ടുകളേക്കാള്‍ രണ്ട് ശതമാനം അധികം. എന്‍ഡിഎയ്ക്ക് 441 എംപിമാരാണ് ഉളളത്. ഇതില്‍ 394 പേരും ബിജെപി എംപിമാരാണ്. നോമിനേറ്റ് ചെയ്യപ്പെട്ട 5 എംപിമാരും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുന്നു. എന്‍ഡിഎയുടെ ഭാഗമല്ലാത്ത ബിജെഡി, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ബിഎസ്പി, ടിഡിപി അടക്കമുളളവരുടെയും പിന്തുണ ജഗ്ദീപ് ധന്‍കറിനുണ്ട്.












Click it and Unblock the Notifications