റഷ്യയുടെ കാര്യം രണ്ട് മാസം മാത്രം; അത് കഴിഞ്ഞാല്‍ ക്രൂഡില്‍ സൗദിയും ഇറാഖും മാത്രമല്ല യുഎഇയും രാജാക്കന്മാരാകും
ഇന്ത്യയിലേക്ക് ക്രൂഡ് ഓയിലുകള്‍ എത്തുന്നതില്‍ പ്രതിസന്ധി വേണ്ടെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങള്‍. യുഎസ് അനുമതിയുള്ള ടാങ്കറുകൾക്ക് മാർച്ച് വരെ ക്രൂഡ് വിതരണം ചെയ്യാൻ അനുമതിയുള്ളതിനാൽ അടുത്ത രണ്ട് മാസത്തിനുള്ളിൽ റഷ്യൻ എണ്ണ വിതരണത്തിൽ ഏതെങ്കിലും വിധത്തിലുള്ള തടസ്സമുണ്ടാകുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നില്ലെന്ന് മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
'കൃത്യമായ ഒരു കാലയളവ് ഉള്ളതിനാൽ ഇതിനകം തന്നെ ഇടപാടുകള്‍ പൂർത്തീകരിച്ച ചരക്കുകള്‍ നമുക്ക് ലഭിക്കും. അതായത് ഉടനടി ക്രൂഡ് ഓയില്‍ വിതരണത്തില്‍ ഒരു തടസ്സം നമ്മള്‍ പ്രതീക്ഷിക്കുന്നില്ല. അതായത് അടുത്ത രണ്ട് മാസത്തിനുള്ളിൽ ഏതെങ്കിലും വിധത്തിലുള്ള ഒരു വലിയ പ്രശ്‌നം നമ്മള്‍ അഭിമുഖീകരിക്കേണ്ടി വരില്ല. ഈ കാലയളവ് ഇന്ത്യന്‍ റിഫൈനറികള്‍ക്ക് ബദല്‍ മാർഗ്ഗങ്ങള്‍ തേടുന്നതിന് വേണ്ടി ഉപയോഗപ്പെടുത്താം' ഉന്നത സർക്കാർ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

റഷ്യയുടെ ക്രൂഡ് ഓയില്‍ നിര്‍മാതാക്കള്‍ക്കും കപ്പല്‍ കമ്പനികള്‍ക്കുമെതിരെയാണ് അമേരിക്ക ഉപരോധം കടുപ്പിച്ചതോടെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലേക്കുള്ള വിതരണം തടസ്സപ്പെട്ടേക്കുമെന്ന ആശങ്ക ശക്തമായിരുന്നു. ഗാസ്‌പ്രോം നെഫ്റ്റ്, സര്‍ഗത്‌നെഫ്റ്റിഗ്യാസ് തുടങ്ങിയ എണ്ണ ഉല്‍പ്പാദകര്‍ക്കും റഷ്യന്‍ എണ്ണ കയറ്റുമതി ചെയ്യുന്ന 183 കപ്പലുകള്‍ക്കുമെതിരെയാണ് അമേരിക്ക നടപടി കടുപ്പിച്ചത്.
രാജ്യങ്ങൾ തങ്ങളുടെ കരുതല്‍ ശേഖരം വർദ്ധിപ്പിക്കുന്നതിനാൽ വിപണിയിൽ എണ്ണയുടെ ക്ഷാമമില്ലെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. മറ്റ് രാജ്യങ്ങളിൽ നിന്ന് അധിക ഉൽപ്പാദനം വിപണിയിലേക്ക് വരുന്നതും നമ്മള്‍ കാണുന്നു. ഒപെക്കിന് (ഓർഗനൈസേഷൻ ഓഫ് പെട്രോളിയം എക്‌സ്‌പോർട്ടിംഗ് രാജ്യങ്ങൾ) തന്നെ ധാരാളം സ്പെയർ കപ്പാസിറ്റി ഉണ്ട്. ഒപെക്കിന് പുറത്ത് ഗയാന, യുഎസ്, കാനഡ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങള്‍ക്കും വിതരണം വർദ്ധിപ്പിക്കാൻ കഴിയും. അതിനാല്‍ തന്നെ വിപണിയില്‍ എണ്ണ ക്ഷാമം ഞാൻ പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഏത് വിധേനയും തങ്ങളുടെ എണ്ണ വിപണിയിൽ എത്തിക്കാനുള്ള വഴികള്‍ റഷ്യയും തേടിയേക്കും. റഷ്യയുടെ പ്രധാന വരുമാന മാര്‍ഗമാണ് ക്രൂഡ് ഓയില്‍ കയറ്റുമതി. ഇതിലൂടെ ലഭിക്കുന്ന വരുമാനമാണ് യുക്രൈനുമായുള്ള യുദ്ധത്തില്‍ പ്രധാനമായും ഉപയോഗിക്കുന്നത്. ഉപരോധത്തിലൂടെ റഷ്യയുടെ വരുമാനത്തില്‍ ഇടിവുണ്ടാക്കാന്‍ കഴിയുമെന്നും അതുവറിയ യുക്രൈന്‍ യുദ്ധത്തിലെ അവരുടെ സൈനിക ശേഷി തളർത്താന്‍ കഴിയുമെന്നും അമേരിക്ക പ്രതീക്ഷിക്കുന്നു.
2022 ല്‍ യുക്രൈന്‍ അധിനിവേശ സമയത്ത് ക്രൂഡ് ഓയില്‍ കയറ്റുമതിക്ക് അമേരിക്ക അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങള്‍ ഉപരോധം ഏർപ്പെടുത്തിയിരുന്നു. വലിയ തോതില്‍ വില ഇടിവ് നല്‍കികൊണ്ടായിരുന്നു ഈ സമയത്ത് ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് റഷ്യ എണ്ണ വിതരണം ചെയ്തത്. വലിയ തോതില്‍ ഇളവ് ലഭിച്ചതോടെ ഇന്ത്യന്‍ എണ്ണക്കമ്പനികള്‍ റഷ്യയില്‍ നിന്നും വലിയ തോതില്‍ എണ്ണ ഇറക്കുമതി ചെയ്യാന്‍ തുടങ്ങി. ഇതോടെ പരമ്പരാഗത ക്രൂഡ് ഓയില്‍ വ്യാപാര പങ്കാളികളായ അറബ് രാഷ്ട്രങ്ങളെ മറികടന്ന് റഷ്യ ഇന്ത്യയുടെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ ഇറക്കുമതിക്കാരായി മാറി.
അതേസമയം, രണ്ട്മാസം റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിക്ക് തടസ്സം ഉണ്ടാകില്ലെങ്കിലും അതിന് ശേഷം പ്രതിസന്ധി രൂപപ്പെട്ടേക്കും. ഈ സാഹചര്യത്തില്‍ ഇന്ത്യക്ക് വീണ്ടും സൗദി അറേബ്യയും ഇറാഖും യു എ ഇയും അടങ്ങുന്ന ഗള്‍ഫ് രാജ്യങ്ങളെ ആശ്രയിക്കേണ്ടി വരും. ഇതോടെ ഈ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി വലിയ തോതില്‍ വർധിക്കും. വെനസ്വേല, ഗയാന തുടങ്ങിയ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുമായും ഇന്ത്യ വലിയ തോതിലുള്ള ക്രൂഡ് ഓയില്‍ ഇടപാടുകള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്.












Click it and Unblock the Notifications