ജിഡിപി വളർച്ച കൂപ്പുകുത്തി; 5.4 ശതമാനം, റിസർവ്വ് ബാങ്ക് പ്രതീക്ഷിച്ചതിനും ഏറെ പിറകില്‍
ഡല്‍ഹി: രാജ്യത്തെ മൊത്ത ആഭ്യന്തര ഉല്‍പാദന (ജി ഡി പി) വളർച്ചാ നിരക്ക് കൂപ്പുകുത്തി. നടപ്പ് സാമ്പത്തിക വർഷമായ 2024-25 ലെ രണ്ടാംപാദമായ ജുലൈ-സെപ്റ്റംബറലെ വളർച്ചാ നിരക്ക് 5.4 ശതമാനമായിട്ടാണ് ഇടിഞ്ഞത്. കഴിഞ്ഞ 21 മാസങ്ങള്‍ക്ക് ഇടയിലെ ഏറ്റവും മോശം വളർച്ചയാണിത്. 2023-24 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തില്‍ വളർച്ച് 8.1 ശതമാനമായിരുന്നു എന്നതാണ് ശ്രദ്ധേയം. റിസർവ്വ് ബാങ്കിന്റെ ഉള്‍പ്പെടെ പ്രവചനങ്ങളെ തെറ്റിക്കുന്നതുമാണ് ഇന്ന് വൈകീട്ടോടെ കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ട്.
ഏപ്രിൽ-ജൂൺ പാദത്തിലെ 6.7 ശതമാനമായിരുന്നു ജി ഡി പി വളർച്ചാ നിരക്ക്. സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായ വോട്ടെടുപ്പിലൂടെ ലഭിച്ച എസ്റ്റിമേറ്റിനെക്കാൾ ഒരു ശതമാനവും 2022-23ലെ ഒക്ടോബർ-ഡിസംബർ പാദത്തിൽ 4.3% രേഖപ്പെടുത്തിയ ശേഷം കുറിക്കുന്ന ഏറ്റവും താഴ്ന്ന വളർച്ചയുമാണ് കഴിഞ്ഞ പാദത്തിലേത്. ജി ഡി പി വളർച്ചയെ പ്രതികൂലമായ ബാധിച്ച നിരവധി കാര്യങ്ങളുണ്ടെന്നാണ് സാമ്പത്തി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

മധ്യവർഗ കുടുബങ്ങള്‍ നേരിട്ട സാമ്പത്തിക ഞെരുക്കം, നഗരങ്ങളിലെ ഉപഭോക്തൃച്ചെലവഴിക്കലുകള്‍ കുറഞ്ഞത് എന്നിവയെല്ലാം ജി ഡി പി വളർച്ചയെ ബാധിച്ചു. രാജ്യത്തിന്റെ വളർച്ചാ നിരക്കത് 7 ശതമാനമാകുമെന്നായിരുന്നു റിസർവ് ബാങ്കിന്റെ പ്രതീക്ഷ. ആദ്യം 7.2 ശതമാനം വളർച്ചയുണ്ടാകും എന്നായിരുന്നു റിസർവ്വ് ബാങ്കിന്റെ പ്രതീക്ഷ. എന്നാല്‍ സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷം ഇത് 7 ശതമാനത്തിലേക്ക് താഴ്ത്തി. അതിനും ഏറെ താഴെയുള്ള വളർച്ചയാണ് യഥാർത്ഥത്തില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ പാദത്തിലെ ജി ഡി പി മൂല്യം 44.10 ലക്ഷം കോടിയാണ്. മുന്‍വർഷത്തെ സമാനപാദത്തില്‍ 41.86 ലക്ഷം കോടിയും. അതായത് 5.4 ശതമാനം വർധനവ്. തിരിച്ചടികള്‍ നേരിട്ടെങ്കിലും ലോകത്തെ ഏറ്റവും വളരുന്ന വലിയ സമ്പദ് വ്യവസ്ഥയെന്ന നേട്ടം ജുലൈ-സെപ്റ്റംബർ പാദത്തിലും ഇന്ത്യ നിലനിർത്തി.
അതേസമയം, രണ്ടാം പാദത്തിലെ വളർച്ചാ നിരക്ക് നിരാശാജനകമാണെങ്കിലും എന്നാൽ ആശങ്കപ്പെടേണ്ടതില്ലെന്നാണ് പ്രധാന സാമ്പത്തിക ഉപദേഷ്ടാവ് വി അനന്ത നാഗേശ്വരൻ വ്യക്തമാക്കുന്നത്. നിലവിലെ പ്രതിസന്ധികള്‍ പരിഹരിച്ചുകൊണ്ട് അടുത്ത പാദങ്ങളില്‍ വളർച്ചാ നിരക്ക് ഉയരും. കാര്‍ഷിക മേഖലയിലെ മൂല്യവര്‍ധിത വളര്‍ച്ച ഒരു വര്‍ഷം മുന്‍പുള്ള 1.7 ശതമാനം എന്ന നിരക്കില്‍ നിന്നും ഈ വര്‍ഷം ജൂലായ്- സെപ്തംബര്‍ പാദത്തില്‍ 3.5 ശതമാനമായി ഉയര്‍ന്നു. നിർമ്മാണ മേഖലയിലും മുന്നേറ്റമുണ്ടായതായും അദ്ദേഹം ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications