സാഹചര്യം വഷളാക്കരുതെന്ന് പാകിസ്ഥാന് ഇന്ത്യയുടെ സന്ദേശം; പ്രകോപനം തുടർന്ന് അതിർത്തിയിൽ പാക് സൈന്യം
ന്യൂഡൽഹി: പാകിസ്ഥാനിലെയും പാക് അധീന കശ്‌മീരിലെയും ഭീകര കേന്ദ്രങ്ങൾ തകർത്ത ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ സാഹചര്യം വഷളാക്കരുതെന്ന് സന്ദേശം അയൽരാജ്യത്തിന് കൈമാറി ഇന്ത്യ. ഇന്ത്യയുടെ തിരിച്ചടിയിൽ സാധാരണക്കാരെ ലക്ഷ്യമിടാതെ, കൂടുതൽ നാശനഷ്‌ടങ്ങൾക്ക് ഇടവരുത്താതെ ഭീകര കേന്ദ്രങ്ങളെ മാത്രം ലക്ഷ്യമിട്ടത് ഈ തീരുമാനത്തിന്റെ പുറത്താണെന്ന് ഇന്ത്യൻ സൈന്യവുമായി അടുത്ത വൃത്തങ്ങൾ പറയുന്നു.
അതിർത്തി കടന്നുള്ള ആക്രമണങ്ങൾക്ക് ശേഷം ഇന്ത്യ പാകിസ്ഥാന് നൽകിയ സന്ദേശവും ഇത് തന്നെയാണ് വ്യക്തമാക്കുന്നത്. പാകിസ്ഥാൻ, പാക് അധീന കശ്‌മീര്‍ എന്നിവിടങ്ങളിലെ ആക്രമണങ്ങൾക്ക് തിരിച്ചടി നൽകുമെന്ന് പാകിസ്ഥാനിലെ ഭരണകൂടം പ്രതിജ്ഞയെടുത്തിട്ടുണ്ടെങ്കിലും, തങ്ങളുടെ ആക്രമണങ്ങൾ കൃത്യമായി ക്രമീകരിച്ചതും സാഹചര്യങ്ങൾ കൂടുതൽ വഷളാവാതിരിക്കാൻ ലക്ഷ്യമിട്ടതുമാണെന്ന് ഇന്ത്യ വ്യക്തമാക്കി.

ഭീകര ക്യാമ്പുകളിൽ ഇന്ത്യ നടത്തിയ മിസൈൽ ആക്രമണത്തെ യുദ്ധപ്രവൃത്തി എന്ന് വിശേഷിപ്പിച്ച പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, ഇതിന് ഉചിതമായ മറുപടി നൽകുമെന്നാണ് പറയുന്നത്. ആണവായുധങ്ങളുള്ള രണ്ട് രാജ്യങ്ങളെയും ഒരു വലിയ സംഘട്ടനത്തിലേക്ക് അടുപ്പിക്കുന്ന അശ്രദ്ധമായ നടപടിയെന്നാണ് പാകിസ്ഥാൻ സർക്കാർ ആക്രമണത്തെ വിശേഷിപ്പിച്ചത്.
പഹൽഗാമിലെ ക്രൂരമായ ഭീകരാക്രമണത്തിനെതിരായ കൃത്യവും സംയമനപരവുമായ പ്രതികരണം എന്നാണ് ഓപ്പറേഷൻ സിന്ദൂറിനെ പ്രതിരോധ മന്ത്രാലയം വിശേഷിപ്പിച്ചത്. പ്രധാനമായും, പാകിസ്ഥാൻ സൈനിക കേന്ദ്രങ്ങളൊന്നും ആക്രമിക്കപ്പെട്ടില്ല, ഇത് ഇന്ത്യയുടെ കൃത്യമായതും വ്യാപനരഹിതവുമായ സമീപനത്തെ പ്രതിഫലിപ്പിക്കുന്നുവെന്നും മന്ത്രാലയം വ്യക്തമാക്കി.
അനാവശ്യമായ പ്രകോപനങ്ങൾ ഒഴിവാക്കിക്കൊണ്ട് കുറ്റവാളികളെ ഉത്തരവാദിത്തപ്പെടുത്താനുള്ള ഇന്ത്യയുടെ ദൃഢനിശ്ചയത്തെ ഈ പ്രവർത്തനം അടിവരയിടുന്നുവെന്നും പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക എക്‌സ് ഹാൻഡിൽ നിന്നുള്ള പോസ്‌റ്റിൽ പറയുന്നു. ഭീകരതയ്ക്ക് എതിരായ പോരാട്ടമെന്നത് തന്നെയാണ് ഇന്ത്യ ഉദ്ദേശിച്ചതെന്ന് വാക്കുകളിൽ വ്യക്തമാക്കി കഴിഞ്ഞെങ്കിലും പാകിസ്ഥാൻ പ്രകോപനം തുടരുകയാണ്.
അതിർത്തിയിൽ ഷെല്ലാക്രമണം കനത്ത രീതിയിലാണ് തുടരുന്നത്. ഇന്ന് പുലർച്ചെയോടെ ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ നടന്നതിന് പിന്നാലെ പാക് സേന ജമ്മു കശ്‌മീരിലെ വിവിധ സെക്‌ടറുകളിൽ ശക്തമായ വെടിവെപ്പും ഷെല്ലാക്രമണവും നടത്തിയിരുന്നു. ഇതിൽ മൂന്ന് സാധാരണക്കാർ കൊല്ലപ്പെടുകയും പത്ത് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.
എന്നാൽ ഇന്ത്യ ഊന്നൽ നൽകുന്നത് ഭീകരർക്ക് എതിരായ തിരിച്ചടിയിലാണ്. കൃത്യമായ ആക്രമണങ്ങളിൽ ലക്ഷ്യമിട്ടത് സൈനിക അടിസ്ഥാന സൗകര്യങ്ങളെയല്ല, ഭീകരതയെയാണ് എന്നതാണ് ഇന്ത്യ പാകിസ്ഥാന് നൽകിയ സന്ദേശം. "അനാവശ്യ പ്രകോപനം ഒഴിവാക്കുക" എന്നത് ഇന്ത്യ ആവർത്തിച്ച് പറയുന്ന നിലപാടാണ്.
പഹൽഗാം ആക്രമണത്തിൽ ഇന്ത്യ തിരിച്ചടിക്കാൻ പോകുന്നുവെന്നത് രഹസ്യമായിരുന്നില്ല എന്നതും ഇതിനോട് കൂട്ടിവായിക്കേണ്ടതുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള ഇന്ത്യയിലെ ഭരണ-രാഷ്ട്രീയ നേതൃത്വം കുറ്റവാളികളെയും അവരെ പിന്തുണയ്ക്കുന്നവരെയും ശിക്ഷിക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും അതിന് എല്ലാവിധ പ്രവർത്തനങ്ങളും നടത്തുമെന്നും അടുത്തിടെ പറഞ്ഞിരുന്നു. തിരിച്ചടിക്കാനായി പാതാളം വരെ പോവാനും മടിയില്ലെന്നാണ് മോദി കഴിഞ്ഞ ദിവസം പറഞ്ഞത്. ഭീകരാക്രമണത്തെക്കുറിച്ചുള്ള തന്റെ ആദ്യ പൊതു പ്രസംഗത്തിലായിരുന്നു മോദിയുടെ ഈ വാക്കുകൾ.
പഹൽഗാം ആക്രമണത്തിന് ശേഷം, സ്വന്തം മണ്ണിലെ ഭീകര കേന്ദ്രങ്ങളിൽ നടപടിയെടുക്കുന്നില്ലെന്ന ആരോപണങ്ങൾ തെളിയിക്കുന്ന തെളിവുകൾ പാകിസ്ഥാൻ ഇന്ത്യയിൽ നിന്ന് തേടിയിരുന്നു. പാകിസ്ഥാന്റെ യുദ്ധവീര്യവും തീവ്രവാദികളോടുള്ള സമീപനവും കൂടി കണ്ടതോടെ 2016ലെ ഉറി സർജിക്കൽ സ്‌ട്രൈക്കുകൾക്കും 2019ലെ പുൽവാമ വ്യോമാക്രമണങ്ങൾക്കും ശേഷം വീണ്ടും നടപടിയെടുക്കാൻ ഇന്ത്യ നിർബന്ധിതരാവുകയായിരുന്നു.
ഇന്ന് പുലർച്ചെ നടന്ന ആക്രമണങ്ങളെയും അതിന്റെ ഫലങ്ങളെയും കുറിച്ച് വളരെ വ്യത്യസ്‌തമായ ഒരു വിവരണം നൽകാനാണ് പാകിസ്ഥാൻ സർക്കാരിന്റെ ശ്രമം. അതിന്റെ ഭാഗമാണ് പാകിസ്ഥാനിൽ സാധാരണക്കാർ കൊല്ലപ്പെട്ടുവെന്ന തരത്തിലുള്ള ആരോപണങ്ങൾ. എന്നാൽ ഇത് നിഷേധിച്ച ഇന്ത്യ ഭീകര ക്യാമ്പുകൾ മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്ന് ആവർത്തിക്കുമ്പോൾ ഇനി എന്താവും ഭാവിയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.












Click it and Unblock the Notifications