കള്ളപ്പണം: യുപിഎയെക്കാള്‍ കഷ്ടമാണോ മോദി സര്‍ക്കാര്‍?
ദില്ലി: അധികാരം കിട്ടിയാല്‍ നൂറ് ദിവസം കൊണ്ട് വിദേശത്ത് നിക്ഷേപിക്കപ്പെട്ട കള്ളപ്പണം നാട്ടിലെത്തിക്കുമെന്ന് ആദ്യം പറഞ്ഞത് എല്‍ കെ അദ്വാനിയാണ്. 2009ല്‍ ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായിരിക്കേയാണ് അദ്വാനി ഇത് പറഞ്ഞത്. അദ്വാനി പ്രധാനമന്ത്രി ആയുമില്ല, കള്ളപ്പണം നാട്ടിലെത്തിയതുമില്ല. എന്നാല്‍ 2014 ല്‍ കഥ മാറി. കള്ളപ്പണം എന്ന വിഷയം കൊണ്ട് ഏറ്റവും വലിയ രാഷ്ട്രീയ ലാഭമുണ്ടാക്കിയ ബി ജെ പി അധികാരത്തിലെത്തി. മോദി പ്രധാനമന്ത്രിയായി.
മോദി സര്‍ക്കാരിലെ രണ്ടാമന്‍, ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ആവര്‍ത്തിച്ചു. കള്ളപ്പണം കൊണ്ടുവരും. പക്ഷേ അണ്ടിയോടടുത്തപ്പോള്‍ മാങ്ങയുടെ പുളിയറിഞ്ഞു എന്ന പറഞ്ഞകണക്കായി കഥ. കള്ളപ്പണം കൊണ്ടുവരും. പക്ഷേ പേര് പറയില്ല. പേര് പറയാന്‍ നിയമപരമായ തടസ്സങ്ങളുണ്ട്. കോടതി നിര്‍ബന്ധിച്ചപ്പോള്‍ പറഞ്ഞു, ചെറുമീനുകളായ മൂന്ന് കച്ചവടക്കാരുടെ പേരുകള്‍. ബാക്കി പേരുകള്‍ എവിടെ?

ചുരുക്കിപ്പറഞ്ഞാല്‍ യു പി എ സര്‍ക്കാര്‍ പ്രതികരിച്ചതിലും കഷ്ടമാണ് കള്ളപ്പണത്തിന്റെ കാര്യത്തില്‍ മോദി സര്‍ക്കാരിന്റെ നിലപാട് എന്ന് പറയേണ്ടി വരുമോ. തീര്‍ത്ത് പറയാറായിട്ടില്ല. വിദേശത്ത് കള്ളപ്പണം നിക്ഷേപിച്ച എല്ലാ ഇന്ത്യന്‍ പൗരന്മാരുടെ പേരുകളും സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ ബുധനാഴ്ച സമര്‍പ്പിക്കും. അറുന്നൂറിലധികം പേരുടെ വിവരങ്ങളാണ് സീല് ചെയ്ത കവറില്‍ സര്‍ക്കാര്‍ കോടതി മുമ്പാകെ വെക്കുക.
കള്ളപ്പണക്കാരുടെ മുഴുവന്‍ വിവരങ്ങളും പുറത്തുവിട്ടേ പറ്റൂ എന്ന കോടതിയുടെ കടുംപിടുത്തത്തെ തുടര്‍ന്നാണ് പേരുകള്‍ സുപ്രീം കോടതിയിലെത്താന്‍ പോകുന്നത്. കള്ളപ്പണക്കാരെ സംരക്ഷിക്കുകയാണോ എന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിനോട് ചോദിക്കുകയുണ്ടായി. ഇനി പേരുകളില്‍ ആവശ്യമായ രഹസ്യം സൂക്ഷിക്കേണ്ടത് കോടതിയാണ്. ആവശ്യം വരുമ്പോള്‍ ആ പേരുകള്‍ പുറത്തുവരും. ഒരു തരത്തില്‍ കേന്ദ്രസര്‍ക്കാര്‍ തങ്ങളുടെ വാഗ്ദാനം പാലിച്ചു. നൂറ് ദിവസത്തില്‍ അല്‍പം വൈകിയാലും കള്ളപ്പണക്കാരുടെ വിവരങ്ങള്‍ കോടതിയിലെത്തിച്ചു എന്ന് പറയാം, കോടതിയുടെ നിര്‍ബന്ധം അതിന് വേണ്ടി വന്നു എന്ന് മാത്രം.












Click it and Unblock the Notifications