ധൻകറിന്റെ രാജിക്ക് കാരണം ബിഹാർ തനിച്ച് ഭരിക്കാനുള്ള ബിജെപി തന്ത്രമോ? അടുത്ത ഉപരാഷ്ട്രപതിയാര്? സാധ്യതകൾ
ഡൽഹി: ഉപരാഷ്ട്രപതി ജഗദീപ് ധൻകറിന്റെ തിടുക്കത്തിലുള്ള രാജിയുടെ ഞെട്ടലിലാണ് ദേശീയ രാഷ്ട്രീയം. ആരോഗ്യകാരണങ്ങളാലാണ് രാജി എന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. എന്നാൽ പതിവില്ലാത്ത നടപടിക്ക് പിന്നിൽ മറ്റെന്തെങ്കിലും രാഷ്ട്രീയ നീക്കങ്ങൾ ഉണ്ടോയെന്നാണ് പ്രധാനമായും ഉറ്റുനോക്കപ്പെടുന്നത്. ബിഹാർ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള ബിജെപിയുടെ തന്ത്രപരമായ നീക്കമായി ധൻകറിന്റെ രാജിയെ വിലയിരുത്തുന്നുണ്ട്.
നിലവിലെ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാറിനെ ഉപരാഷ്ട്രപതി പദത്തിലിരുത്തി ഇതുവരെ തങ്ങൾ നേരിട്ട് ഭരിച്ചിട്ടില്ലാത്ത ബിഹാറിനെ പൂർണമായും കൈപ്പിടിയിലാക്കാനുള്ള ബിജെപിയുടെ കുടിലതന്ത്രമായിരിക്കാം ഇതെന്നാണ് ചിലർ ചൂണ്ടിക്കാട്ടുന്നത്. നിതീഷ് കുമാറിനെ മുൻനിർത്തിയായിരിക്കും ഇത്തവണയും എൻഡിഎ തിരഞ്ഞെടുപ്പിനെ നേരിടുകയെന്നാണ് ജെഡിയു കേന്ദ്രങ്ങൾ ആവർത്തിക്കുന്നത്. അതായത് അടുത്ത തിരഞ്ഞെടുപ്പിലും നിതീഷ് മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യം വെയ്ക്കുന്നുണ്ടെന്ന് സാരം.

എന്നാൽ നിതീഷിനെ മുൻനിർത്തി തിരഞ്ഞെടുപ്പിനെ നേരിടുന്നതിനോട് ബിജെപിക്ക് താത്പര്യമില്ല. അതേസമയം നിതീഷിനെ മാറ്റി നിർത്തുകയെന്നത് ബിജെപിയെ സംബന്ധിച്ച് അത്ര എളുപ്പമായിരിക്കില്ല താനും. അതിനാൽ ഉപരാഷ്ട്രപതി സ്ഥാനം നൽകി അദ്ദേഹത്തെ പിണക്കാതെ നിർത്താനുള്ള തന്ത്രമായിരിക്കാം ബി ജെപി ആവിഷ്കരിക്കുന്നതെന്നാണ് ചില രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. നിതീഷിനെ ഉപരാഷ്ട്രപതിയാക്കിയാൽ അത് മികച്ച തീരുമാനമായിരിക്കുമെന്ന പ്രതികരണം ഇന്ന് ബി ജെ പി എം എൽ എ ഹരിഭൂഷൺ താക്കൂർ പ്രതികരിച്ചതും ഇതിനോട് ചേർത്തുവായിക്കേണ്ടതാണ്.
അപമാനിക്കപ്പെട്ടതിലുള്ള പ്രതികരണമോ?
ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ ഇംപീച്ച്മെന്റുമായി ബന്ധപ്പെട്ട് എൻഡിഎ നേതൃത്വവുമായുള്ള അതൃപ്തിയാണ് രാജിക്ക് കാരണമെന്നാണ് മറ്റൊരു പ്രധാന ആരോപണം. 68 പ്രതിപക്ഷ എംപിമാര്‍ ചേര്‍ന്ന് ജസ്റ്റിസ് യശ്വന്ത് വര്‍മയ്ക്കെതിരെ ഇംപീച്ച്‌മെന്റ് നോട്ടീസ് രാജ്യസഭാധ്യക്ഷന് നല്‍കിയിരുന്നു. ഇതിൽ വളരെ പെട്ടെന്ന് തന്നെ ധൻകർ നടപടി സ്വീകരിക്കുകയും നോട്ടീസ് അംഗീകരിച്ചതായി അറിയിക്കുകയും ചെയ്തു. വിഷയത്തിൽ ഭരണപക്ഷം ലോക്സഭയിൽ പ്രമേയം കൊണ്ടുവരാനിരിക്കുന്നതിനിടെയായിരുന്നു ധൻകറിന്റെ നീക്കം. ഇത് എൻഡിഎ നേതൃത്വത്തിനുള്ളിൽ കടുത്ത അതൃപ്തിക്ക് വഴിവെച്ചിരുന്നു.
അന്ന് തന്നെ രാജ്യസഭാ നടപടിക്രമങ്ങള്‍ നിശ്ചയിക്കാന്‍ ധന്‍കര്‍ വിളിച്ചുചേര്‍ത്ത ബിസിനസ് അഡ്വൈസറി കമ്മിറ്റിയുടെ യോഗത്തില്‍ ബിജെപി രാജ്യസഭാ കക്ഷി നേതാവ് കൂടിയായ ജെ പി നദ്ദ പങ്കെടുത്തിരുന്നില്ല. മാത്രമല്ല പാർലമെന്ററി വകുപ്പ് മന്ത്രി കിരൺ റിജ്ജുവും യോഗത്തിനെത്തിയില്ല. മറ്റ് പ്രധാനപ്പെട്ട ചില ജോലികൾ ഉണ്ടായിരുന്നതിനാലാണ് തങ്ങൾ പങ്കെടുക്കാതിരുന്നതെന്നും ഇക്കാര്യം രാജ്യസഭ ചെയർമാനെ അറിയിച്ചിട്ടുണ്ടെന്നും നദ്ദ പിന്നീട് പറഞ്ഞിരുന്നു. എന്നാൽ വൈസ് പ്രസിഡന്റിനെ അപമാനിക്കുന്നതായിരുന്നു നടപടിയെന്ന് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ നേതാക്കൾ കുറ്റപ്പെടുത്തി. ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിച്ചതോടെയാണ് രാജിയെന്നും പറയപ്പെടുന്നു.
ജുഡീഷ്യറിക്കെതിരായ അദ്ദേഹത്തിന്റെ നിരന്തര വിമർശങ്ങൾ എൻഡിഎയ്ക്കുള്ളിൽ അതൃപ്തിക്ക് കാരണമായിട്ടുണ്ടെന്നുള്ള അഭ്യൂഹങ്ങളും രാജിക്ക് പിന്നിലുണ്ട്. 2022 ൽ വൈസ് പ്രസിഡന്റ് പദവി ഏറ്റെടുത്തതിന് ശേഷം ജുഡീഷ്യറിക്കെതിരെ പലപ്പോഴായി കടത്ത ഭാഷയിൽ തന്നെ വിമർശനം ഉയർത്തിയിട്ടുണ്ട്. സർക്കാരിന്റെ നിലപാടായി ഇതിനെ വിലയിരുത്തപ്പെടുകയും ഇത് പ്രതിപക്ഷത്തിന്റെ കനത്ത പ്രതിഷേധത്തിന് കാരണമാകുകയും ചെയ്തിരുന്നു.
ഇനി ആര്?
ആരായിരിക്കും ധൻകറിന്റെ പിൻഗാമി എന്നതാണ് ഇനി അറിയേണ്ടത്. നിതീഷ് കുമാറിനെ കൂടാതെ ജെ ഡി യു എംപി ഹരിവംശ് നാരായണ്‍ സിങ്, ബി ജെ പി അധ്യക്ഷന്‍ ജെപി നദ്ദ, കോൺഗ്രസുമായി ഇടഞ്ഞ് നിൽക്കുന്ന ശശി തരൂർ എന്നിവരുടെ പേരുകളാണ് ഉയർന്ന് കേൾക്കുന്നത്. ധന്‍കറിന്റെ പിന്‍ഗാമി ബി ജെ പിയില്‍ നിന്നാണെങ്കില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ പേരാണ് പറഞ്ഞുകേള്‍ക്കുന്ന മറ്റൊരു സാധ്യത.












Click it and Unblock the Notifications