മോദിയുടെ ടാക്റ്റിക്കല്‍ മൂവ്!! ഒരു വെടിക്ക് റഷ്യയും യൂറോപ്പും വീണു... കൈ നിറയെ പണം
ന്യൂഡല്‍ഹി: വെയിലുള്ളപ്പോള്‍ വൈക്കോല്‍ ഉണക്കണം എന്നാണ് പഴമക്കാര്‍ പറയാറുള്ളത്. അവസരം വരുമ്പോള്‍ മുതലെടുക്കണം. അവിടെ അമാന്തം കാണിച്ചാല്‍ പിന്നിലായി പോകും. ഇതാണ് ലോക വ്യാപാര രംഗത്ത് ഇന്ത്യ പിന്തുടരുന്ന തന്ത്രം. ചുളുവിലയ്ക്ക് റഷ്യയില്‍ നിന്ന് വാങ്ങുന്ന എണ്ണ യൂറോപ്പിലേക്ക് കയറ്റുമതി ചെയ്യുകയാണ് ഇന്ത്യ. ഇതുവഴി ലഭിക്കുന്നതാകട്ടെ വന്‍ വരുമാനവും.
ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ കഥയാണ് ഇതുവരെ കേട്ടിട്ടുള്ളത്. എന്നാല്‍ ഇന്ത്യ എണ്ണ കയറ്റുമതി ചെയ്യുകയാണിപ്പോള്‍. രാജ്യത്തിന് ആവശ്യമുള്ളതിന്റെ 80 ശതമാനം എണ്ണയും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയ്ക്ക് എങ്ങനെയാണ് കയറ്റുമതിക്ക് സാധിക്കുന്നത് എന്ന ചോദ്യം സ്വാഭാവികമാണ്. അവിടെയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ പിന്തുടരുന്ന പുതിയ തന്ത്രം നേട്ടമാകുന്നത്.

യൂറോപ്പും റഷ്യയും തമ്മിലുള്ള തര്‍ക്കമാണ് ഇന്ത്യയ്ക്ക് നേട്ടമായത്. പഴയ സോവിയറ്റ് രാജ്യമായ യുക്രൈന് യൂറോപ്പിനൊപ്പം നില്‍ക്കാനാണ് ആഗ്രഹം. എന്നാല്‍ സോവിയറ്റ് രാജ്യങ്ങളിലെ വല്യേട്ടനായ റഷ്യ ഇതിന് സമ്മതിക്കില്ല. ഇതാണ് യുദ്ധത്തിന് കാരണം. യുക്രൈന്റെ രക്ഷകനായി അമേരിക്ക എത്തുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. പക്ഷേ, സാമ്പത്തികമായി റഷ്യയെ തളര്‍ത്താന്‍ അമേരിക്ക ശ്രമിച്ചു.
റഷ്യയുടെ പ്രധാന വരുമാനം എണ്ണയും വാതകവുമാണ്. ഇതിനെതിരെ അമേരിക്ക ഉപരോധം പ്രഖ്യാപിച്ചു. യൂറോപ്പിനോട് സഹകരിക്കണമെന്നും അമേരിക്ക അഭ്യര്‍ഥിച്ചു. അതോടെ യൂറോപ്പ് റഷ്യയുടെ എണ്ണയും വാതകവും വാങ്ങുന്നത് നിര്‍ത്തി. ഇതുവരെ യൂറോപ്പ് ചലച്ചിരുന്നത് റഷ്യയുടെ എണ്ണ കൊണ്ടാണ് എന്നത് ഓര്‍ക്കണം. ഇവിടെയാണ് ഇന്ത്യ കയറി കളിച്ചത്.

ഉപരോധം മറികടക്കാന്‍ റഷ്യ പതിനെട്ടടവും പയറ്റി. എണ്ണ വില കുറച്ച് വില്‍ക്കാന്‍ തുടങ്ങി. ഈ അവസരം ചൈനയും ഇന്ത്യയും തുടങ്ങി സൗദി അറേബ്യ വരെ മുതലെടുത്തു. എല്ലാവരും റഷ്യയുടെ വില കുറഞ്ഞ എണ്ണ വന്‍തോതില്‍ വാങ്ങി. ഇതാകട്ടെ ഇന്ത്യയുടെ എണ്ണ സംഭരണി നിറഞ്ഞു കവിയാന്‍ ഇടയാക്കി. ഇതിന്റെ ഗുണം ഇന്ത്യക്കാര്‍ക്ക് കിട്ടിയില്ലെങ്കിലും കമ്പനികള്‍ നേട്ടം കൊയ്തു.
റഷ്യയില്‍ നിന്ന് വിലക്കുറവില്‍ ലഭിക്കുന്ന എണ്ണ സംസ്‌കരിച്ച് കയറ്റുമതി ചെയ്യാന്‍ ആരംഭിച്ചു ഇന്ത്യ. കയറ്റി അയക്കുന്നതോ യൂറോപ്പിലേക്കും. എണ്ണ കിട്ടാതെ പ്രതിസന്ധിയിലായ യൂറോപ്പ് ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതി വര്‍ധിപ്പിച്ചു. ഫലത്തില്‍ റഷ്യയില്‍ നിന്ന് നേരിട്ട് വാങ്ങേണ്ട എണ്ണ ഇന്ത്യ വഴി യൂറോപ്പിലെത്തുന്നു. അവര്‍ക്ക് ചെലവ് കൂടും. ഇന്ത്യയ്ക്ക് ലാഭവും.
ഇന്ത്യ ഡീസലും വിമാന ഇന്ധനവുമാണ് യൂറോപ്പിലേക്ക് കയറ്റുമതി ചെയ്യുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കപ്പല്‍ ചരക്ക് കടത്ത് നിരീക്ഷിക്കുന്ന കെപ്ലര്‍, വോര്‍ടെക്‌സ ഏജന്‍സികളാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. യൂറോപ്പ് എന്ന വലിയ മാര്‍ക്കറ്റ് ഇന്ത്യ പിടിക്കുകയാണിപ്പോള്‍. റഷ്യ-യുക്രൈന്‍ യുദ്ധം തുടങ്ങുന്നതിന് മുമ്പ് ഇന്ത്യയില്‍ നിന്ന് യൂറോപ്പ് വാങ്ങിയിരുന്നത് പ്രതിദിനം 154000 ബാരല്‍ ഡീസലും വിമാന ഇന്ധനവുമായിരുന്നു. ഇപ്പോള്‍ ഇത് രണ്ട് ലക്ഷം ബാരലായി ഉയര്‍ന്നിരിക്കുകയാണ്.
കഴിഞ്ഞ ഏഴ് മാസമായി റഷ്യയില്‍ നിന്ന് ഇന്ത്യ വലിയ അളവില്‍ എണ്ണ ഇറക്കുമതി ചെയ്തുകൊണ്ടേയിരിക്കുന്നു. സൗദിയെയും ഇറാഖിനെയും പിന്തള്ളി ഇന്ത്യയ്ക്ക് എണ്ണ വില്‍ക്കുന്നതില്‍ ഒന്നാം സ്ഥാനം ഇപ്പോള്‍ റഷ്യയ്ക്കാണ്. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ചെലവ് കൂടുതലാണ്. അതുകൊണ്ടുതന്നെ നേരത്തെ വാങ്ങുന്ന അളവ് വളരെ കുറവായിരുന്നു. എന്നാല്‍ കഴിഞ്ഞ ഏഴ് മാസത്തിനിടെ ഒരു കോടി ബാരല്‍ എണ്ണയാണ് ഇറക്കുമതി ചെയ്തിരിക്കുന്നത്.












Click it and Unblock the Notifications