പാകിസ്ഥാൻ ഒന്ന് ഭയന്നു? പത്തിമടക്കി പ്രതിരോധ മന്ത്രി ആസിഫ്; 'ഇന്ത്യ പിന്മാറിയാൽ ഞങ്ങളും നിർത്താം'
ന്യൂഡൽഹി: അതിർത്തി കടന്നുള്ള ഇന്ത്യയുടെ സർജിക്കൽ സ്‌ട്രൈക്കിന് ശക്തമായ തിരിച്ചടി നൽകുമെന്ന് ആദ്യഘട്ടത്തിൽ പ്രതികരിച്ച പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് നിലപാട് മയപ്പെടുത്തി രംഗത്ത്. ഇന്ത്യയുമായുള്ള സംഘർഷം ലഘൂകരിക്കാനുള്ള സന്നദ്ധത സൂചിപ്പിച്ചുകൊണ്ടാണ് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് തന്റെ നിലപാട് വ്യക്തമാക്കിയത്. ഇന്ത്യ പിന്മാറിയാൽ തങ്ങളും എല്ലാം നിർത്താമെന്ന സന്ദേശമാണ് ഖ്വാജ ആസിഫ് മുന്നോട്ട് വച്ചിരിക്കുന്നത്.
പാകിസ്ഥാനിലെയും പാക് അധീന കശ്‌മീരിലെയും ഭീകരരുടെ ഒളിത്താവളങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് പുലർച്ചെ ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ വമ്പൻ തിരിച്ചടി നൽകിയിരുന്നു. ഇതിനെ തുടർന്ന് യുദ്ധസമാന സാഹചര്യമാണ് നിലവിലുള്ളത്. അതിനിടെയിലാണ് നിർണായക നിലപാട് മാറ്റത്തിന്റെ സൂചനകൾ മന്ത്രിയുടെ വാക്കുകളിൽ പ്രകടമാവുന്നത്.

'ഇത് ഇന്ത്യ മുൻകൈയെടുത്തതാണ്. ഇന്ത്യ പിന്മാറാൻ തയ്യാറാണെങ്കിൽ നോക്കാം. അവർ മുൻകൈയെടുത്തിപ്പോൾ ഞങ്ങളും പ്രതികരിച്ചു. കഴിഞ്ഞ രണ്ടാഴ്‌ചയായി ഞങ്ങൾ പറഞ്ഞുകൊണ്ടിരുന്നതാണ്, ഇന്ത്യയ്‌ക്കെതിരെ ഞങ്ങൾ ഒരിക്കലും ശത്രുതാപരമായ ഒരു നടപടിയും സ്വീകരിക്കില്ലെന്ന്. പക്ഷേ ആക്രമിക്കപ്പെട്ടാൽ, ഞങ്ങൾ പ്രതികരിക്കും. ഇന്ത്യ പിന്മാറിയാൽ, ഞങ്ങൾ തീർച്ചയായും ഇക്കാര്യങ്ങൾ അവസാനിപ്പിക്കും' മന്ത്രി പറഞ്ഞു.
പാകിസ്ഥാൻ ശക്തമായി തിരിച്ചടിക്കാൻ പൂർണമായും തയ്യാറാണെന്ന് ആസിഫ് നേരത്തെ നടത്തിയ കടുത്ത പ്രസ്‌താവനകളിൽ നിന്ന് പിന്നോട്ട് പോവുന്നതാണ് പുതിയ പ്രസ്‌താവന. നമ്മുടെ ഭൂമിയുടെ ഒരിഞ്ച് പോലും ഇന്ത്യ കൈവശപ്പെടുത്താൻ ശ്രമിച്ചാൽ, അത് വളരെ ചെലവേറിയ ഒരു സാഹസികതയായിരിക്കും. ഞങ്ങൾ പൂർണ ശക്തിയോടെ പ്രതികരിക്കും. ഈ കടവും ഞങ്ങൾ വീട്ടും' എന്നായിരുന്നു ആസിഫ് രാവിലെ ജിയോ ന്യൂസിനോട് പ്രതികരിച്ചത്.
പാകിസ്ഥാന്റെ പ്രതികരണം പെട്ടെന്നുള്ളതായിരിക്കും എന്നും ആസിഫ് പറഞ്ഞു. നേരത്തെ ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ജമ്മു കശ്‌മീരിലെ വിവിധ മേഖലകളിൽ പാക് സൈന്യം ഷെല്ലാക്രമണം നടത്തിയിരുന്നു. അതിർത്തി പോസ്‌റ്റുകൾക്ക് നേരെ അവർ നിരന്തരം നിറയൊഴിക്കുകയും ചെയ്‌തിരുന്നു. ഷെല്ലാക്രമണത്തിൽ മൂന്നിലധികം സാധാരണക്കാരാണ് കൊല്ലപ്പെട്ടത്.
ഇതിന് പിന്നാലെ പാകിസ്ഥാൻ സൈന്യത്തിന് ഏത് വിധത്തിലുള്ള തിരിച്ചടിക്കും പൂർണ സ്വാതന്ത്ര്യം നൽകിയെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. എന്നാൽ പൂർണ തോതിലുള്ള യുദ്ധത്തിലേക്ക് കടക്കാൻ പാകിസ്ഥാൻ തയ്യാറാവില്ല എന്നതിന്റെ സൂചനയാണ് ഖ്വാജ ആസിഫിന്റെ പ്രസ്‌താവന എന്നാണ് വിലയിരുത്തൽ. കാരണം അത് പാകിസ്ഥാന് വലിയ രീതിയിൽ തിരിച്ചടിയാവും എന്ന വിലയിരുത്തലിലാണ് അവർ.
ഓപ്പറേഷൻ സിന്ദൂർ എന്ന രഹസ്യനാമത്തിൽ അറിയപ്പെടുന്ന 25 മിനിറ്റ് നീണ്ടുനിന്ന മിന്നലാക്രമണത്തിൽ, ബുധനാഴ്‌ച പുലർച്ചെയാണ് പാകിസ്ഥാൻ, പാക് അധീന കശ്‌മീരിലെ ഒമ്പത് ഭീകര ക്യാമ്പുകൾ ഇന്ത്യ ആക്രമിച്ചത്. ഭീകര സംഘടനകളായ ജെയ്‌ഷെ-ഇ-മുഹമ്മദ്, ലഷ്‌കർ-ഇ-തൊയ്ബ, ഹിസ്ബുൾ മുജാഹിദീൻ എന്നിവയുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് നടത്തിയ മിസൈൽ ആക്രമണങ്ങളിൽ 80ലധികം ഭീകരരാണ് കൊല്ലപ്പെട്ടത്.












Click it and Unblock the Notifications