മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണമോ? ഭരണഘടന വിദഗ്ദര്‍ പറയുന്നത് ഇങ്ങനെ
മുംബൈ: കാവല്‍ സര്‍ക്കാരിന്‍റെ കാലാവധി അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ മഹാരാഷ്ട്രയില്‍ അനിശ്ചിത്വതം അയവില്ലാതെ തുടരുകയാണ്. ആരും സര്‍ക്കാര്‍ ഉണ്ടാക്കാത്ത സാഹചര്യത്തില്‍ ഗവര്‍ണര്‍ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്തേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍ അത് എളുപ്പമല്ലെന്നാണ് നിയമവിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്.

നിലവില്‍ മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണത്തിന് യാതൊരു സാധ്യതയുമില്ലെന്ന് ഭരണഘടന വിദഗ്ദനും മുന്‍ മഹാരാഷ്ട്ര അറ്റോമി ജനറലുമായ ശ്രീഹരി അനെയ് പറയുന്നു. പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിക്കണം. നിയമസഭയില്‍ അവര്‍ക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ സാധിച്ചില്ലേങ്കില്‍ രണ്ടാമത്തെ വലിയ കക്ഷിയായ ശിവസേനയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശം ഉന്നയിക്കാം. അവരും പരാജയപ്പെടുകയാണെങ്കില്‍ അടുത്ത വലിയ കക്ഷിക്ക് അവസരം ലഭിക്കും.
എല്ലാ പാര്‍ട്ടികളും പരാജയപ്പെട്ടാല്‍ മാത്രമേ രാഷ്ട്രപതി ഭരണമെന്ന സാധ്യത ഗവര്‍ണര്‍ തേടുകയുള്ളുവെന്നും അനെയ് പറഞ്ഞു. കേവല ഭൂരിപക്ഷം തനിച്ച് നേടാന്‍ സാധിച്ചില്ലേങ്കിലും മഹാരാഷ്ട്രയില്‍ ബിജെപി-ശിവസേന സഖ്യത്തിന് അനുകൂലമാണ് ജനവിധി. ജനങ്ങള്‍ തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റിയിട്ടും അധികാരം സംബന്ധിച്ച് ഇരു പാര്‍ട്ടികളും തര്‍ക്കം തുടരുന്നത് ഖേദകരമാണെന്നും അനെയ് പറഞ്ഞു.
നിയമസഭ തിരഞ്ഞെടുപ്പില്‍ 105 സീറ്റുകളാണ് ബിജെപിക്ക് ലഭിച്ചത്. സഖ്യകക്ഷിയായ ശിവസേനയ്ക്ക് 56 സീറ്റുകളും. മുഖ്യമന്ത്രി പദം തുല്യമായി വിഭജിക്കണമെന്ന ശിവേസനയുടെ ആവശ്യം ബിജെപി അംഗീകരിക്കാതിരുന്നതോടെയാണ് മഹാരാഷ്ട്രയില്‍ പ്രതിസന്ധി ഉടലെടുത്തത്. ഉപമുഖ്യമന്ത്രി പദം ഉള്‍പ്പെടെയുള്ള പ്രധാന വകുപ്പുകള്‍ വിട്ട് നല്‍കിയാലും മുഖ്യമന്ത്രി കസേര നല്‍കില്ലെന്ന ഉറച്ച നിലപാടിലാണ് ബിജെപി. സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിച്ചില്ലേങ്കിലും വീണ്ടും ജനവിധി തേടേണ്ടി വന്നാലും മുഖ്യമന്ത്രി പദത്തില്‍ വിട്ട് വീഴ്ചയില്ലെന്ന് ശിവസേനയും ആവര്‍ത്തിക്കുകയാണ്.












Click it and Unblock the Notifications