പെട്രോളും ഡീസലും ജിഎസ്ടി പരിധിയിൽ കൊണ്ടുവരാൻ സമയമായിട്ടില്ല; വിശദീകരിച്ച് നിർമ്മല സീതാരമൻ
ദില്ലി; പെട്രോളിനും ഡീസലിനും ജിഎസ്ടി ഏർപ്പെടുത്താൻ അനുയോജ്യ സമയമായിട്ടില്ലെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. കേരള ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ ഇന്ന് ചേർന്ന ജിഎസ്ടി കൗൺസിൽ യോഗം ഈ വിഷയം ചർച്ചയ്ക്ക് എടുത്തിരുന്നുവെങ്കിലും എല്ലാ സംസ്ഥാനങ്ങളും നടപടിയെ എതിർത്തുവെന്ന് ധനമന്ത്രി പറഞ്ഞു.
പെട്രോളും ഡീസലും ചരക്ക് സേവന നികുതിയുടെ പരിധിയിൽ ഉൾപ്പെടുത്തണമെന്ന് ജിഎസ്ടി കൗൺസിലിനോട് കേരള ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇന്ധന വില കുറയ്ക്കുന്നതിന് പെട്രോളിൻ്റെയും ഡീസലിൻ്റെയും വിൽപന നികുതിയും സെസും ഒഴിവാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവേയായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. എന്നാൽ ഇന്ന് ചേർന്ന യോഗത്തിൽ സംസ്ഥാനങ്ങൾ ശക്തമായ എതിർപ്പാണ് വിഷയത്തിൽ ഉന്നയിച്ചത്. കേരളവും മഹാരാഷ്ട്രയും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ നേരത്തേ തന്നെ വിഷയത്തിൽ എതിർപ്പ് ഉയർത്തിയിരുന്നു.ഇതോടെ സംസ്ഥാനങ്ങൾ ഇത് സംബന്ധിച്ച് സമന്വയത്തിൽ എത്തട്ടേയെന്ന നിലപാടാണ് കേന്ദ്രസർക്കാരും സ്വീകരിച്ചത്.ഇക്കാര്യം കേരള ഹൈക്കോടതിയെ അറിയിക്കുമെന്നും യോഗത്തിന് ശേഷം ധനമന്ത്രി വ്യക്തമാക്കി.

അതേസമയം അർബുദ ചികിത്സ ഉൾപ്പെടെ നിരവധി മരുന്നുകളുടെ പുതുക്കിയ ജിഎസ്ടി നിരക്ക് ഇന്നത്തെ കൗൺസിൽ യോഗത്തിന് ശേഷം ധനമന്ത്രി പ്രഖ്യാപിച്ചു.സോള്‍ജെന്‍സ്മ, വില്‍ടെപ്‌സോ പോലുള്ള സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി ചികില്‍സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകളെ ചരക്ക് സേവന നികുതിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഈ മരുന്നുകൾക്ക് ജിഎസ്ടി ഒഴിവാക്കണമെന്ന നിർദ്ദേശം നേരത്തേ തന്നെ കേരളം കേന്ദ്രസർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നു.
കൊവിഡ് മരുന്നുകളുടെ നികുതി ഇളവ് നീട്ടിയതായും മന്ത്രി അറിയിച്ചു.2021 ഡിസംബർ 31 വരെയാണ് നിട്ടിയിരിക്കുന്നത്. ആംഫോട്ടറിസിന്‍ ബി നോള്‍ റേറ്റ്, ടോസിലിസുമാബ് നോള്‍ റേറ്റ്, റെംഡെസിവിര്‍ 5%, എന്നിവയ്ക്കാണ് ഇളവ് പ്രഖ്യാപിച്ചത്.എണ്ണകമ്പനികൾക്കുള്ള നികുതി 12 ൽ നിന്ന് 5 ശതമാനമാക്കി.വ്യോമ, കപ്പല്‍ മാര്‍ഗമുള്ള ചരക്കു നീക്കത്തിനും ജിഎസ്ടി ഇളവ് നല്‍കിയിട്ടുണ്ട്.ബയോ ഡീസൽ നികുതിയും കുറച്ചിട്ടുണ്ട്.
Recommended Video
കേന്ദ്ര/സംസ്ഥാന സർക്കാർ നടത്തുന്ന ചില പരിശീലന പരിപാടികൾ ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.ഭക്ഷണ വിതരണ സേവന ദാതാക്കളായ സ്വിഗ്ഗി, സൊമാറ്റോ അടക്കമുള്ളവരിൽനിന്ന് നികുതി ഈടാക്കും.അഞ്ച് ശതമാനം ജിഎസ്ടി ഏർപ്പെടുത്തിയേക്കുമെന്നാണ് റിപ്പോർട്ട്. വിവരം. അടുത്ത വർഷം ജനവരി മുതൽ ഇത് പ്രാബല്യത്തിൽ വരും. ഇരുമ്പ്, ചെമ്പ്, അലൂമിനിയം, സിങ്ക് അയിരിന്റെ ജിഎസ്ടി 18 ശതമാനമായി വർധിപ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications