ജാമിയ മിലിയ സംഘര്‍ഷ കേസ്: ഷര്‍ജീല്‍ ഇമാമിനെ വെറുതെവിട്ടു
2019 ഡിസംബർ 13ന് ജാമിയയിലുണ്ടായ സംഘർഷത്തിലാണ് ഇരുവരെയും പൊലീസ് പ്രതിചേർത്തത്.

ന്യൂഡൽഹി: പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ജാമിയയിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ വിദ്യാർഥി നേതാവായ ഷർജീൽ ഇമാമിനെ ഡൽഹി സാകേത് കോടതി വെറുതെവിട്ടു. കേസിലെ മറ്റൊരു പ്രതിയായ ആസിഫ് ഇഖ്ബാൽ തൻഹയേയും കോടതി കുറ്റവിമുക്തനാക്കി.
2019 ഡിസംബർ 13ന് ജാമിയയിലുണ്ടായ സംഘർഷത്തിലാണ് ഇരുവരെയും പൊലീസ് പ്രതിചേർത്തത്. 2021ൽ ഇവർക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. കലാപം, നിയമവിരുദ്ധമായ സംഘം ചേരൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരുന്നത്.
അതേസമയം 2020-ലെ ഡൽഹി കലാപത്തിൽ പ്രതിചേർക്കപ്പെട്ട ഷർജീൽ ഇമാം ഇപ്പോൾ ജയിലിലാണ്. കലാപത്തിന്റെ ഗൂഢാലോചനയിൽ ഷർജീലിന് പങ്കുണ്ടെന്നാണ് ഡൽഹി പൊലീസിന്റെ വാദം. ഈ കേസിൽ ജാമ്യം ലഭിച്ചാൽ മാത്രമേ ഷർജീലിന് പുറത്തിറങ്ങാൻ കഴിയുകയുള്ളൂ.
2019 ലാണ് പൗരത്വഭേദഗതി നിയമത്തിനെതിരായ ജെഎൻയു വിദ്യാർത്ഥികളുടെ പ്രതിഷേധം സംഘർഷത്തിൽ എത്തുന്നത്. ഗവേഷക വിദ്യാർത്ഥിയും വിദ്യാർഥി നേതാവുമായ ഷർജീൽ ഇമാമിന്റെ നേതൃത്വത്തിൽ ഷഹീൻബാഗിലും മറ്റുമായി നിരവധി പ്രതിഷേധ പരിപാടികൾ നടന്നിരുന്നു. പ്രതിഷേധ പരിപാടിക്കിടെ ഷർജീൽ ഇമാം നടത്തിയ പല പ്രസംഗങ്ങളും ഇന്ത്യയെ വിഘടിപ്പിക്കാൻ ആഹ്വാനം ചെയ്യുന്നതായിരുന്നു എന്നാണ് പോലീസ് ആരോപിക്കുന്നത്. ഷർജിൽ നടത്തിയ ഒരു പ്രസംഗം ചൂണ്ടിക്കാട്ടിയായിരുന്നു കേസ് എടുക്കുന്നത്.
ആക്ടിവിസ്റ്റായ ഉമർ ഖാലിദ്, വിദ്യാർത്ഥി നേതാക്കളായ ഷർജീൽ ഇമാം, ഫൈസാൻ ഖാൻ എന്നിവർക്കെതിരെ നവംബർ 22 നാണ് ദില്ലി പോലീസ് 200 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്.












Click it and Unblock the Notifications