പൗരത്വ ഭേദഗതി ബില്ല് ദുരന്തം; ജംഇയത്ത് ഉലമയും സുപ്രീംകോടതിയിലേക്ക്, ലീഗിന് പിന്നാലെ
ദില്ലി: പൗരത്വ ഭേദഗതി ബില്ല് പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയതിന് പിന്നാലെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുസ്ലിം പണ്ഡിത സഭയായ ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ്. പാര്‍ലമെന്റ് ബില്ല് പാസാക്കിയത് വന്‍ ദുരന്തമാണ്. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്കെതിരായണ് ബില്ല്. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്ന് സംഘടനയുടെ പ്രസിഡന്റ് മൗലാന അര്‍ഷദ് മദനി പറഞ്ഞു.
കോടതി ഉചിതമായ തീരുമാനം എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. അഭിഭാഷകരുമായി വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ട്. പരാതി തയ്യാറാക്കുന്നുണ്ടെന്നും മദനി പ്രസ്താവനയില്‍ പറഞ്ഞു. മതനിരപേക്ഷ പാര്‍ട്ടികള്‍ പോലും ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
ആദ്യമായി വിഷയത്തില്‍ സുപ്രീംകോടതിയെ സമീപിച്ചത് മുസ്ലിം ലീഗാണ്. മുസ്ലിം ലീഗിന്റെ നാല് എംപിമാര്‍ സുപ്രീംകോടതിയില്‍ നേരിട്ടെത്തി ഇന്ന് റിട്ട് ഹര്‍ജി സമര്‍പ്പിച്ചു. ഭരണഘടനയുടെ 14ാം വകുപ്പിന്റെ ലംഘനമാണ് നടന്നിരിക്കുന്നതെന്ന് മുസ്ലിം ലീഗ് പറയുന്നു. പൗരത്വം മതം അടിസ്ഥാനമാക്കി നല്‍കുന്നത് വിലക്കുന്ന വകുപ്പാണിത്. മുസ്ലിങ്ങളല്ലാത്ത ആറ് മതത്തില്‍പ്പെട്ടവര്‍ക്കാണ് പുതിയ പൗരത്വ ഭേദഗതി ബില്ല് വഴി ഇന്ത്യന്‍ പൗരത്വം ലഭിക്കുക. അഫ്ഗാന്‍, പാകിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നെത്തിയ അഭയാര്‍ഥികള്‍ക്കാണ് പൗരത്വം. ഇത് വിവേചനമണെന്നും രാജ്യം മതത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടാംതവണയും വിഭജിക്കപ്പെട്ടുവെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.
പൗരത്വ ബില്ല് എങ്ങനെ രാജ്യസഭയില്‍ പാസായി; ബിജെപിയെ പിന്തുണച്ചത് ഇവര്‍... വളഞ്ഞവഴിയില്‍ സേന
105നെതിരെ 125 വോട്ടുകള്‍ക്കാണ് ബില്ല് രാജ്യസഭയില്‍ പാസായത്. ബിജെപി, ജെഡിയു, ശിരോമണി അകാലിദള്‍ എന്നീ എന്‍ഡിഎ കക്ഷികള്‍ക്ക് പുറമെ എഐഎഡിഎംകെ, ബിജെഡി, ടിഡിപി, വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്നീ കക്ഷികളും ബില്ലിനെ അനുകൂലിച്ചു. രാജ്യസഭയില്‍ ആറ് മണിക്കൂറോളം വിഷയത്തില്‍ ചര്‍ച്ച നടന്ന ശേഷമായിരുന്നു വോട്ടെടുപ്പ്.