ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍, 5 ലഷ്‌കര്‍ ഭീകരര്‍ കൊല്ലപ്പെട്ടു, നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. അഞ്ച് ഭീകരര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. കശ്മീര്‍ പോലീസും, സൈന്യവും ചേര്‍ന്ന് നടത്തിയ സംയുക്ത സൈനിക ഓപ്പറേഷനാണിത്. നിയന്ത്രണ രേഖയ്ക്ക് സമീപത്താണ് ഏറ്റുമുട്ടല്‍ നടന്നത്. കുപ്വാര ജില്ലയിലെ മച്ചില്‍ സെക്ടറിലാണ് ഷൂട്ടൗട്ട് നടന്നത്. രണ്ട് പേര്‍ ഏറ്റുമുട്ടലിന്റെ തുടക്കത്തില്‍ കൊല്ലപ്പെട്ടതായും, പിന്നീട് ബാക്കി മൂന്ന് പേര്‍ കൂടി കൊല്ലപ്പെട്ടതായും കശ്മീര്‍ പോലീസ് പറഞ്ഞു.
ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരര്‍ ആണിവരെന്നും പോലീസ് പറയുന്നു. നേരത്തെ സൈന്യം നടത്തിയിരുന്ന ഓപ്പറേഷനാണ് ഇപ്പോള്‍ പോലീസും കൂടി ചേര്‍ന്ന് നടത്തുന്നത്. തീവ്രവാദ കേന്ദ്രങ്ങളില്‍ നുഴഞ്ഞുകയറുകയും, ഏറ്റുമുട്ടലിലൂടെ അവരെ വധിക്കുകയും ചെയ്യുന്ന ഓപ്പറേഷനായിരുന്നു സൈന്യം നടപ്പാക്കിയത്. പോലീസിനും ഇക്കാര്യം പരിശീലനം ലഭിച്ചിരുന്നു. തുടര്‍ന്നാണ് അവരും ദൗത്യങ്ങളുടെ ഭാഗമായത്.

അതേസമയം ഏറ്റുമുട്ടല്‍ ഇപ്പോഴും തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. നിയന്ത്രണ രേഖയ്ക്ക് സമീപം 16 തീവ്രവാദ ലോഞ്ചിംഗ് പാഡുകള്‍ പ്രവര്‍ത്തന സജ്ജമായി നില്‍ക്കുന്നുണ്ട് ജമ്മു കശ്മീര്‍ പോലീസ് ഡയറക്ടര്‍ ജനറല്‍ ദില്‍ബാഗ് സിംഗ് പറഞ്ഞു. പാകിസ്താനില്‍ നിന്ന് തീവ്രവാദികളെ ഇവിടേക്ക് എത്തിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതായും ദില്‍ബാഗ് സിംഗ് വ്യക്തമാക്കി.
ശ്രീനഗറില്‍ ഇന്ന് ജമ്മു കശ്മീര്‍ സുരക്ഷാ ഏജന്‍സികളിലെ ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ണായക യോഗം ഇന്ന് ശ്രീനഗറിലെ 15 കോര്‍പ്പ്‌സിന്റെ ആസ്ഥാനത്ത് നടന്നിട്ടുണ്ട്. തീവ്രവാദ ആക്രമണങ്ങളെ കുറിച്ചാണ് ഇതില്‍ ചര്‍ച്ചയായത്. അതിര്‍ത്തി കടന്നുവരുന്ന തീവ്രവാദത്തെ കുറിച്ചാണ് ഈ സുരക്ഷാ യോഗത്തില്‍ പ്രത്യേകം സംസാരിച്ചത്. കശ്മീരില്‍ നിന്നുള്ള തീവ്രവാദ റിക്രൂട്ട്‌മെന്റ് ഒരുപാട് കുറഞ്ഞിട്ടുണ്ട്.
എന്നാല്‍ വിദേശ തീവ്രവാദികളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. ജമ്മു കശ്മീരില്‍ ഈ വര്‍ഷം കൊല്ലപ്പെട്ട 46 തീവ്രവാദികളില്‍ 37 എണ്ണം പാകിസ്താനില്‍ നിന്നുള്ളവരാണ്.ഒന്‍പതെണ്ണം മാത്രമാണ് കശ്മീരില്‍ നിന്നുള്ള തീവ്രവാദികള്‍. 33 വര്‍ഷത്തിനിടെ ഇത് ആദ്യമായിട്ടാണ് വിദേശ രാജ്യങ്ങളില്‍ നിന്നുള്ള തീവ്രവാദികള്‍, കശ്മീരില്‍ തന്നെയുള്ള തീവ്രവാദികളേക്കാള്‍ കൂടുതലായി കൊല്ലപ്പെടുന്നത്. നിലവില്‍ 130ഓളം തീവ്രവാദികള്‍ കശ്മീരില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയം പറയുന്നത്. ഇതില്‍ പകുതി പേര്‍ വിദേശ തീവ്രവാദികളാണ്.












Click it and Unblock the Notifications