സമാധാനം പുനസ്ഥാപിച്ചാൽ കശ്മീരിന് പൂർണസംസ്ഥാന പദവി തിരികെ നൽകുമെന്ന് അമിത് ഷാ
ദില്ലി: കശ്മീരിനെ കേന്ദ്രഭരണ പ്രദേശമാക്കുന്നത് താൽക്കാലികമെന്ന് അമിത് ഷാ. സമാധാനം പുനസ്ഥാപിച്ച ശേഷം പൂർണ സംസ്ഥാന പദവി നൽകും. രാജ്യസഭയിൽ കശ്മീർ പ്രമേയത്തിന് മേലുള്ള ചർച്ചയ്ക്ക് മറുപടി നൽകുകയായിരുന്നു അമിത് ഷാ. അതേസമയം ജമ്മു കശ്മീർ, ലഡാക്ക് എന്നീ രണ്ട കേന്ദ്രഭരണ പ്രദേശങ്ങളാക്കി കശ്മീരിനെ വിഭജിക്കാനുള്ള ബിൽ രാജ്യസഭയിൽ പാസായി.
ജമ്മു കശ്മീർ എത്രനാൾ കേന്ദ്രഭരണ പ്രദേശമായി തുടരുമെന്ന് പല എംപിമാരും എന്നോട് ചോദിച്ചു. സ്ഥിതിഗതികൾ സാധാരണ ഗതിയിലായി ഉചിതമായ സമയം വരുമ്പോൾ കശ്മീരിന് പൂർണസംസ്ഥാന പദവി ലഭിക്കുമെന്ന് അവർക്ക് ഞാൻ ഉറപ്പ് നൽകുന്നു. ചിലപ്പോൾ അത് നീണ്ടുപോയേക്കാം, പക്ഷെ ഒരിക്കൽ അത് സംഭവിക്കുമെന്ന് അമിത് ഷാ വ്യക്തമാക്കി.

കശ്മീരിലെ രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ വേണ്ടിയാണ് ആർട്ടിക്കിൾ 370 എടുത്ത് കളയുന്നതെന്നും അമിത് ഷാ വ്യക്തമാക്കി. ജമ്മു കശ്മീരിൽ തീവ്രവാദവും, അഴിമതിയും ദാരിദ്രവും വർദ്ധിക്കാൻ കാരണം ആർട്ടിക്കിൾ 370ആണെന്നും അമിത് ഷാ വാദിച്ചു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഏറ്റവും പുരോഗതി കൈവരിട്ട പ്രദേശമായി ജമ്മു കശ്മീരിനെ മാറ്റുമെന്നും അമിത് ഷാ ഉറപ്പ് നൽകി.
കശ്മീർ വിഭജന ബില്ലിനെതിരെ പ്രതിഷേധമുയർത്തിയ പ്രതിപക്ഷത്തിനെതിരെ രാജ്യസഭയിൽ അമിത് ഷാ ആഞ്ഞടിച്ചു. കശ്മീരിൽ രക്തച്ചൊരിച്ചിലുണ്ടാകുമെന്ന് പറയുന്നതിലൂടെ എന്ത് സന്ദേശമാണ് നിങ്ങൾ ജനങ്ങൾക്ക് നൽകുന്നത്. പതിനെട്ടാം നൂറ്റാണ്ടിലെ വ്യവസ്ഥകൾക്കനുസരിച്ച് കശ്മീരിലെ ജനങ്ങൾ ജീവിക്കണമെന്നാണോ പറയുന്നത്. 21ാം നൂറ്റാണ്ടിൽ ജീവിക്കാനുള്ള അവകാശം അവർക്കില്ലേ? ജമ്മു കശ്മീരിലെ ജനങ്ങളെ പ്രകോപിപ്പിക്കുന്നവരുടെ മക്കൾ ലണ്ടനിലും അമേരിക്കയിലുമൊക്കെയാണുള്ളതെന്നും അമിത് ഷാ കുറ്റപ്പെടുത്തി.
ആർട്ടിക്കിൾ 370ന്റെ മറവിൽ മൂന്ന് കുടുംബങ്ങൾ കശ്മീരിനെ കൊള്ളയടിക്കുകയാണെന്നും അമിത് ഷാ വിമർശിച്ചു. നെഹ്റു, മുഫ്തി, അബ്ദുള്ള കുടുംബങ്ങളെ പരോക്ഷമായി പരാമർശിച്ചായിരുന്നു അമിത് ഷായുടെ വിമർശനം.












Click it and Unblock the Notifications