സ്ഥാനാര്‍ത്ഥിയെ കിട്ടിയില്ല, ബാംഗ്ലൂര്‍ നോര്‍ത്ത് കോണ്‍ഗ്രസിന് തിരിച്ച് നല്കി തടിയൂരി ജെഡിഎസ്
ബെംഗളൂരു: അസംബ്ലി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ജെഡിഎസും തമ്മിലുള്ള സഖ്യം ലോക് സഭ തിരഞ്ഞെടുപ്പില്‍ തലവേദനയാകുകയാണ് കര്‍ണാടകയില്‍. കോണ്‍ഗ്രസ് ജെഡിഎസ് സീറ്റ് വിഭജനം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അമര്ഷമുണ്ടാക്കുന്നുണ്ടെന്നാണ് പറയുന്നത്. ബാംഗ്ലൂര്‍ നോര്‍ത്തില്‍ മത്സരിക്കാന്‍ തയ്യാറായ ജെഡിഎസ് ശരിയായ സ്ഥാനാര്‍ത്ഥിയെ ലഭിക്കാതായതോടെ കോണ്‍ഗ്രസിന് തിരിച്ച് നല്കി തടിയൂരിയിരിക്കയാണ്.
ചൗക്കിദാർ ആകില്ല, ഞാനൊരു 'ബ്രാഹ്മണൻ'; ജാതി പരാമർശവുമായി സുബ്രഹ്മണ്യൻ സ്വാമി!
സീറ്റ് മടക്കി നല്‍കിയതിന് നന്ദി അറിയിച്ച് എഐസിസി കര്‍ണാടക ചുമതലയുള്ള കേസി വേണുഗോപാല്‍ ജെഡിഎസിന് നന്ദി അറിയിച്ച് ട്വീറ്റ് ചെയ്തു. എച്ച് ഡി ദേവഗൗഡയ്ക്കും ജെഡിഎസും ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം എടുത്തെന്നാണ് കെസി വേണുഗോപാല്‍ പറയുന്നത്. ബാംഗ്ലൂര്‍ നോര്‍ത്ത് തിരിച്ചുതന്നതിന് നന്ദി അറിയിക്കുന്നുവെന്നും ഒരുമിച്ച് നിന്ന് കര്‍ണാടകയില്‍ വിജയിക്കാമെന്നും കെസി പറയുന്നു.
ലോക്സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ ഇരു പാര്‍ട്ടികളും തമ്മിലുള്ള സഖ്യത്തില്‍ വലിയ പ്രശ്നങ്ങള്‍ ഉടലെടുത്തിരുന്നു. എട്ട് ലോക് സഭ സീറ്റുകളില്‍ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ ജെഡിഎസിന് സാധിച്ചിരുന്നില്ല. ആകെയുള്ള 28 സീറ്റുകളില്‍ 12 സീറ്റുകളില്‍ ജെഡിഎസ് അവകാശവാദം ഉന്നയിച്ചിരുന്നു. ഇത് കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ വലിയ അമര്‍ഷം ഉണ്ടാക്കിയിരുന്നു. പ്രധാനമായും ഗൗഡ വോട്ട് ബാങ്ക് പഴയ മൈസൂരില്‍ മാത്രമായി ഒതുങ്ങുന്നതിനാല്‍ 12 സീറ്റ് എന്നത് അംഗീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായിരുന്നില്ല.
ചര്‍ച്ചകള്‍ക്കൊടുവില്‍ രാഹുല്‍ ഗാന്ധി ഇടപെട്ട് ജെഡിഎസിന് എട്ട് സീറ്റുകളെന്ന തീരുമാനത്തില്‍ എത്തുകയായിരുന്നു. ഇതിന് ഒടുവില്‍ ജെഡിഎസ് സമ്മതിക്കയായിരുന്നു. എന്നാല്‍ സീറ്റ് ലഭിച്ചെങ്കിലും ഗൗഡ വിഭാഗത്തിന് ലഭിച്ച സീറ്റില്‍ അഞ്ചെണ്ണത്തില്‍ ആരെ മത്സരിപ്പിക്കാമെന്ന തീരുമാനമുണ്ടായിട്ടില്ല. ഇതോടെയാണ് നാമനിര്‍ദ്ദേശം നല്‍കാനുള്ള ദിവസം അടുത്തതോടെ കോണ്‍ഗ്രസിനോട് സ്ഥാനാര്‍ത്ഥികളെ കടമായി ആവശ്യപ്പെടുകയാണ് ജെഡിഎസ്.