സൗദി അറേബ്യ സുരക്ഷ കൂട്ടി; 8000 പാകിസ്താന്‍ സൈനികരെ വിന്യസിച്ചു, യുദ്ധ വിമാനങ്ങളും
റിയാദ്/ഇസ്ലാമാബാദ്: അമേരിക്കയും ഇറാനും വീണ്ടും കൊമ്പുകോര്‍ക്കാന്‍ ഒരുങ്ങവെ ഗള്‍ഫില്‍ നിന്ന് വേറിട്ട വാര്‍ത്ത. സൗദി അറേബ്യയില്‍ വന്‍തോതില്‍ പാകിസ്താന്‍ സൈനികരെ വിന്യസിച്ചു. 8000 പാക് സൈനികരെയാണ് വിന്യസിച്ചിരിക്കുന്നത് എന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. പാകിസ്താനിലെ സുരക്ഷാ ഉദ്യോഗസ്ഥരെയും രണ്ട് സര്‍ക്കാര്‍ വൃത്തങ്ങളെയും ഉദ്ധരിച്ചാണ് വാര്‍ത്ത.
യുദ്ധ വിമാനങ്ങള്‍, വ്യോമ പ്രതിരോധ സംവിധാനം എന്നിവയും പാകിസ്താനില്‍ നിന്ന് സൗദിയില്‍ എത്തിയിട്ടുണ്ട്. സൗദി അറേബ്യയും പാകിസ്താനും തമ്മില്‍ കഴിഞ്ഞ വര്‍ഷം പ്രതിരോധ കരാര്‍ ഒപ്പുവച്ചിരുന്നു. ഇരുരാജ്യങ്ങളും സുരക്ഷാ കാര്യങ്ങളിലും യുദ്ധകാര്യങ്ങളിലും പരസ്പരം സഹായിക്കുമെന്നതാണ് കരാര്‍. അമേരിക്കയുടെ സുരക്ഷ നിലവിലുള്ളപ്പോള്‍ തന്നെയാണ് പാകിസ്താന്റെ സൈന്യവും സൗദിയുടെ സുരക്ഷയ്ക്ക് എത്തിയിരിക്കുന്നത്.

ഇറാനും അമേരിക്കയും തമ്മിലുള്ള യുദ്ധത്തില്‍ മധ്യസ്ഥത വഹിക്കുന്നത് പാകിസ്താന്‍ ആണ്. ചര്‍ച്ചകള്‍ ഇസ്ലാമാബാദിലാണ് പുരോഗമിക്കുന്നത്. വീണ്ടും ചര്‍ച്ചകള്‍ക്ക് വേണ്ടി ഇറാന്‍ പുതിയ ഉപാധികള്‍ വച്ചു എന്ന വാര്‍ത്തയും വന്നിട്ടുണ്ട്. അതിനിടെയാണ് സൗദി അറേബ്യയില്‍ പാകിസ്താന്‍ സൈനികരെ കൂടുതലായി വിന്യസിക്കുന്നു എന്ന വിവരം വന്നിരിക്കുന്നത്.
അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധ വേളയില്‍ സൗദി അറേബ്യയ്ക്ക് നേരെയും ആക്രമണം ഉണ്ടായിരുന്നു. ജിസിസിയിലെ ആറ് രാജ്യങ്ങളിലേക്കും യുദ്ധം വ്യാപിച്ചു. സൗദി അറേബ്യയിലെ എണ്ണ കേന്ദ്രങ്ങളും ലക്ഷ്യമിട്ടു. അമേരിക്കയുടെ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന എല്ലാ കേന്ദ്രങ്ങളും ആക്രമിക്കുമെന്ന് ഇറാന്‍ വ്യക്തമാക്കുകയും ചെയ്തു. സൗദിയും യുഎഇയും രഹസ്യമായി ഇറാന് തിരിച്ചടി നല്‍കി എന്ന റിപ്പോര്‍ട്ടുകളും വന്നിരുന്നു.
അതിര്‍ത്തിയില്‍ ഇരുസൈനികരും ഒരുമിച്ച്
റോയിട്ടേഴ്‌സ് വാര്‍ത്തയോട് പാകിസ്താനോ സൗദി അറേബ്യയോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പാകിസ്താന്റെ ആണവ സുരക്ഷയുടെ കീഴില്‍ സൗദി അറേബ്യയും വരുമെന്ന് പാകിസ്താന്‍ പ്രതിരോധ മന്ത്രി ഖവജ ആസിഫ് പറഞ്ഞിരുന്നു. ആണവായുധം കൈവശമുള്ള രാജ്യമാണ് പാകിസ്താന്‍. ലോകത്തെ പ്രധാന സൈനിക ശക്തികളില്‍ ഒന്നുമാണ്.
16 യുദ്ധ വിമാനങ്ങള്‍ പാകിസ്താന്‍ സൗദിയില്‍ വിന്യസിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതില്‍ മിക്കതും ചൈനയുടെ സഹായത്തോടെ നിര്‍മിച്ചവയാണ്. കഴിഞ്ഞ മാസമാണ് ഇവ സൗദിയിലേക്ക് അയച്ചത് എന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. 8000 സൈനികരെ നിലവില്‍ സൗദിയിലേക്ക് അയച്ചു. ആവശ്യമെങ്കില്‍ ഇനിയും അയക്കാമെന്ന ഉറപ്പ് നല്‍കിയിട്ടുണ്ട്. കൂടാതെ ചൈനയുടെ എച്ച്ക്യു-9 വ്യോമ പ്രതിരോധ സംവിധാനവും സൗദിയിലേക്ക് അയച്ചിട്ടുണ്ട്.
പാകിസ്താന്റെ കര, വ്യോമ സേനാംഗങ്ങള്‍ സൗദിയില്‍ വിന്യസിച്ചവരില്‍പ്പെടും. സൗദി സൈനികര്‍ക്ക് പരിശീലനം നല്‍കുക എന്ന ലക്ഷ്യവും ഇവര്‍ക്കുണ്ട്. നേരത്തെ പാകിസ്താന്റെ സൈനികര്‍ സൗദിയില്‍ ഉണ്ടായിരുന്നു. ഇതിന് പുറമെയാണ് പുതിയ സൈനികര്‍ എത്തിയത്. സൗദി സൈനികര്‍ക്കൊപ്പം അതിര്‍ത്തികളില്‍ ഇവരും ഇനിയുണ്ടാകും.















Click it and Unblock the Notifications