ബിഹാറിൽ ജെഡിയു-ബിജെപി പോര്; യുപി തിരഞ്ഞെടുപ്പിന് ശേഷം സർക്കാർ താഴെ വീഴുമെന്ന് കോൺഗ്രസ് നേതാവ്
ദില്ലി; ബിഹാറിൽ ജെ ഡി യു-ബി ജെ പി സർക്കാർ ഉടൻ താഴെ വീഴുമെന്ന പ്രവചനവുമായി കോൺഗ്രസ്. ഉത്തർപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിന് ശേഷമായിരിക്കും നിർണായ നീക്കങ്ങൾ ഉണ്ടായേക്കുകയെന്നും കോൺഗ്രസ് നേതാവും എ ഐ സി സി മാധ്യമ പാനലിസ്റ്റുമായ പ്രേം ചന്ദ്ര മിശ്ര പറഞ്ഞു. ജെ ഡി യുവും ബി ജെ പിയും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നതിനിടെയാണ് കോൺഗ്രസ് നേതാവിന്റെ പ്രതികരണം. കഴിഞ്ഞ കുറച്ച് നാളുകളായി മുഖ്യമന്ത്രി നിതീഷ് കുമാറിനെ കടന്നാക്രമിച്ചുള്ള പ്രസ്താവനകളാണ് ബി ജെ പി നേതാക്കൾ നടത്തുന്നത്. ഇത് ചൂണ്ടിക്കാട്ടിയാണ് മിശ്രയുടെ പ്രസ്താവന.

നിതീഷ് കുമാറിന് അധികാരത്തോട് ആർത്തിയാണെന്നായിരുന്നു നേരത്തേ ബി ജെ പി എം പി കൂടിയായ ചദ്ദി പസ്വാൻ പറഞ്ഞത്. ഭരണത്തിന് വേണ്ടി ദാവൂദ് ഇബ്രാഹിമുമായി പോലും കൂട്ടുകൂടാൻ നിതീഷ് മടിക്കില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു, മിശ്ര പറഞ്ഞു. ഇരു പാർട്ടികളും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നതിനിടെ മാധ്യമങ്ങളോടുള്ള പ്രതികരണത്തിലായിരുന്നു പസ്വാൻ നിതീഷ് കുമാറിനും ജെഡിയുക്കുമെതിരെ ആഞ്ഞടിച്ചത്.

ദയനീയമായ പ്രകടനം കാഴ്ച വെച്ചിട്ടും നിതീഷ് കുമാറിനെ മുഖ്യമന്ത്രിയാക്കിയതിലൂടെ ഗുരുതരമായ തെറ്റാണ് തന്റെ പാർട്ടി നടത്തിയതെന്നും സസാംറാം എം പി കൂടിയായ പസ്വാൻ പറഞ്ഞിരുന്നു. നേരത്തേ ജെ ഡി യു നേതാവായിരുന്ന പസ്വാൻ 2014 ലെ ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപായിരുന്നു പാർട്ടി വിട്ട് ബി ജെ പിയിൽ ചേർന്നത്. തിരഞ്ഞെടുപ്പിൽ ടിക്കറ്റ് ലഭിക്കാതിരുന്നതോടെയായിരുന്നു ഇത്. മുൻ നിതീഷ് കുമാർ മന്ത്രിസഭയിലും പസ്വാൻ അംഗമായിരുന്നു.

മന്ത്രിസഭയിലെ അംഗങ്ങളുടെ സഹകരണം ഇല്ലാത്തതിനാൽ ഷെഹനാസ് ഹുസൈൻ ഉൾപ്പെടെയുള്ള മികച്ച മന്ത്രിമാർക്ക് തങ്ങളുടെ പല ഉത്തരവാദിത്തങ്ങളും നിറവേറ്റാൻ സാധിക്കുന്നില്ലെന്ന് ജെ ഡി യു മന്ത്രിമാരെ ഉദ്ദേശിച്ച് ബി ജെ പി നേതാവായ ജയ്സ്വാൾ കുറ്റപ്പെടുത്തിയിരുന്നു. സംസ്ഥാനത്തിന് പ്രത്യേക കാറ്റഗറി പദവി നൽകുന്നതുൾപ്പെടെ കേന്ദ്രത്തിൽ നിന്ന് കൂടുതൽ സഹായം ആവശ്യമാണെന്ന ജെ ഡി യുവിന്റെ വാദവും ജയ്‌സ്വാൾ തള്ളിക്കളഞ്ഞിരുന്നു. മാത്രമല്ല ബിഹാറിന്റെ ജനസംഖ്യയോടെ ഏകദേശം അടുത്ത് നിൽക്കുന്ന മഹാരാഷ്ട്ര, പശ്ചിമ ബംഗാളിൽ എന്നിവയേക്കാൾ കൂടുതൽ കേന്ദ്ര സഹായം ബീഹാറിന് ലഭിക്കുന്നുണ്ടെന്നും ജയ്സ്വാൾ അവകാശപ്പെട്ടിരുന്നു.

മുഖ്യമന്ത്രിക്കെതിരെയുള്ള ആക്ഷേപം പ്രതിപക്ഷത്തുനിന്നല്ല, അധികാരത്തിലുള്ള അദ്ദേഹത്തിന്റെ സഖ്യകക്ഷികളിൽനിന്നാണ് നേരിടേണ്ടി വരുന്നത്. രണ്ട് കക്ഷികളുടേയും അധികാര മോഹത്തിന്റേയും അവസര വാദത്തിന്റേയും പ്രതിഫലനമാണ് ഇത്തരം പരാമർങ്ങൾ, മിശ്ര പറഞ്ഞു. ഭരണകക്ഷികൾക്കിടയിൽ കടുത്ത അതൃപ്തി നിലനിൽക്കുന്നുണ്ടെന്നാണ് ഇത്തരം പ്രസ്താവനകൾ സൂചിപ്പിക്കുന്നതെന്നും മിശ്ര ആരോപിച്ചു. ബീഹാറിലെ രാഷ്ട്രീയ സാഹചര്യം ഞങ്ങൾ ഉറ്റുനോക്കുകയാണ്. ഈ സർക്കാർ കാലാവധി പൂർത്തിയാക്കില്ല. ഇടക്കാല തെരഞ്ഞെടുപ്പുകൾ വരെ ഉണ്ടായേക്കാം. യുപി തിരഞ്ഞെടുപ്പിന് ശേഷം ചിത്രം കൂടുതൽ വ്യക്തമാകുമെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു.

ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 243 അംഗ സഭയിൽ എൻഡിഎ 125 സീറ്റുകൾ നേടിയായിരുന്നു എൻ ഡി എ അധികാരം പിടിച്ചത്. 74 സീറ്റുകളായിരുന്നു ബി ജെ പി നേതായത്. അതേസമയം മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെ ഡി യുവിന് തിരഞ്ഞെടുപ്പിൽ നിറം മങ്ങി. വെറും 30 സീറ്റുകൾ മാത്രമായിരുന്നു പാർട്ടിക്ക് നേടാൻ സാധിച്ചത്. പാർട്ടിയുടെ സംസ്ഥാനത്തെ ഏറ്റവും ദയനീയ പ്രകടനമായിരുന്നു ഇത്. ആർ ജെ ഡി നയിക്കുന്ന മഹാസഖ്യം 110 സീറ്റുകളിലാണ് വിജയിച്ചത്. 75 സീറ്റുകൾ നേടി തേജസ്വി പ്രതാപ് യാദവിന്റെ ആർ ജെ ഡിയാണ് ഏറ്റവും വലിയ ഒറ്റകക്ഷിയായത്.
ബോൾഡ് ലുക്കിൽ അനുശ്രീ.. പൂച്ചയായിരിക്കും ഉദ്ദേശിച്ചെയെന്ന് കമന്റ്..വൈറലായി ഫോട്ടോസ്












Click it and Unblock the Notifications