അപകീര്‍ത്തിക്കേസ്: രാഹുല്‍ ഗാന്ധിക്ക് ജാര്‍ഖണ്ഡ് കോടതിയുടെ സമന്‍സ്,; 'നേരിട്ട് ഹാജരാകണം'
റാഞ്ചി: അപകീര്‍ത്തി കേസില്‍ കോണ്‍ഗ്രസ് നേതാവും എം പിയുമായ രാഹുല്‍ ഗാന്ധിയ്ക്ക് ജാര്‍ഖണ്ഡ് കോടതിയുടെ സമന്‍സ്. രാഹുല്‍ മാര്‍ച്ച് 27-ന് നേരിട്ട് ഹാജരാകണം എന്ന് ചായ്ബസയിലെ എം പി- എല്‍ എല്‍ എ കോടതി നിര്‍ദേശിച്ചു. ഏത് കൊലയാളിയ്ക്കും ബി ജെ പി അധ്യക്ഷനാകാം എന്ന 2018 ലെ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശമാണ് കേസിന് അടിസ്ഥാനം.
ബി ജെ പി നേതാവ് നവീന്‍ ഝാ ഫയല്‍ ചെയ്ത കേസിലാണ് കോടതി നടപടി. കേസുമായി ബന്ധപ്പെട്ട് 2022 ഏപ്രിലില്‍ ഹാജരാകാന്‍ കോടതി രാഹുലിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധി ഹാജരായിരുന്നില്ല. തുടര്‍ന്ന് നേരിട്ട് ഹാജരാകുന്നതില്‍നിന്ന് ഒഴിവാക്കണമെന്ന അപേക്ഷ നല്‍കിയെങ്കിലും കോടതി ഇത് തള്ളിക്കളഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കോടതി സമന്‍സ് അയച്ചിരിക്കുന്നത്.

2018 ല്‍ ചൈബാസയിലെ കോണ്‍ഗ്രസ് സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി നടത്തിയ തിരഞ്ഞെടുപ്പ് പ്രസംഗത്തിലായിരുന്നു വിവാദ പരാമര്‍ശം. നിലവിലെ കേന്ദ്ര ആഭ്യന്തര മന്ത്രിയായ അമിത് ഷാ ആയിരുന്നു അന്ന് ബി ജെ പി ദേശീയ അധ്യക്ഷന്‍. ഗുജറാത്തില്‍ ഫയല്‍ ചെയ്ത മറ്റൊരു ക്രിമിനല്‍ മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിക്ക് എം പി സ്ഥാനം നഷ്ടപ്പെട്ടിരുന്നു.
പിന്നീട് സുപ്രീംകോടതി കീഴ്‌ക്കോടതി വിധി സ്‌റ്റേ ചെയ്തതോടെയാണ് രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം പുനഃസ്ഥാപിക്കപ്പെട്ടത്. തന്റെ ശിക്ഷയും രണ്ട് വര്‍ഷത്തെ തടവും നീട്ടിവെക്കാന്‍ വിസമ്മതിച്ച ഗുജറാത്ത് ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തായിരുന്നു രാഹുല്‍ ഗാന്ധി സുപ്രീം കോടതിയെ സമീപിച്ചത്.
അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോടതി സമന്‍സ് അയച്ചത് രാഹുലിനും കോണ്‍ഗ്രസിനും ഇന്ത്യാ മുന്നണിയ്ക്കും തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില വയനാട് മണ്ഡലത്തില്‍ നിന്നാണ് രാഹുല്‍ ഗാന്ധി മത്സരിക്കുന്നത്. 2019 ലും രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് ജയിച്ചാണ് ലോക്‌സഭയില്‍ എത്തിയത്.
ഉത്തര്‍പ്രദേശിലെ സിറ്റിംഗ് സീറ്റായ അമേഠിയിലും 2019 ല്‍ മത്സരിച്ചിരുന്നെങ്കിലും അവിടെ സ്മൃതി ഇറാനിയോട് പരാജയപ്പെടുകയായിരുന്നു. അതേസമയം രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് അവസാനിക്കും. മുംബൈയിലാണ് യാത്രയുടെ സമാപനം. സമാപന വേദി പ്രതിപക്ഷ ഐക്യത്തിന്റെ വേദിയാകും. പ്രതിപക്ഷ നിരയില്‍ സുപ്രധാന കക്ഷി നേതാക്കള്‍ സമാപനയോഗത്തില്‍ പങ്കെടുക്കും.












Click it and Unblock the Notifications