മധു കോഡയുടെ ശിക്ഷയ്ക്ക് സ്‌റ്റേയില്ലെന്ന് സുപ്രീം കോടതി; 'തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല'
ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അനുവദിച്ച കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് അയോഗ്യനാക്കപ്പെട്ട ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി മധു കോഡയുടെ ശിക്ഷ സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് സുപ്രീം കോടതി. ശിക്ഷാവിധി സ്റ്റേ ചെയ്ത ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവില്‍ ഇടപെടാനാകില്ല എന്ന് കോടതി അറിയിച്ചു. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.
2017 ല്‍ ആണ് മധു കോഡ ശിക്ഷിക്കപ്പെട്ടത്. 2006 മുതല്‍ 2008 വരെ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായിരിക്കെ കൊല്‍ക്കത്ത ആസ്ഥാനമായുള്ള വിനി അയേണ്‍ ആന്‍ഡ് സ്റ്റീല്‍ ലിമിറ്റഡിന് കല്‍ക്കരിപ്പാടം അനുവദിച്ചതില്‍ കോഡ തിരിമറി നടത്തി എന്നാണ് കണ്ടെത്തല്‍. സംഭവത്തില്‍ അഴിമതി വിരുദ്ധ നിയമപ്രകാരം 2017 ഡിസംബറില്‍ ആണ് കോഡ ശിക്ഷിക്കപ്പെട്ടത്. പ്രത്യേക സിബിഐ ഡല്‍ഹി കോടതി കോഡയെ മൂന്ന് വര്‍ഷം കഠിന തടവിനാണ് ശിക്ഷിച്ചത്.

ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 8(1) പ്രകാരം, അഴിമതി നിരോധന നിയമപ്രകാരം കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ ശിക്ഷയ്ക്ക് ശേഷം ആറ് വര്‍ഷത്തേക്ക് പാര്‍ലമെന്റിലേക്കോ നിയമസഭയിലേക്കോ മത്സരിക്കുന്നതില്‍ നിന്ന് അയോഗ്യനാക്കും. അതേസമയം 2020 മെയ് മാസത്തിലും കോഡയുടെ ശിക്ഷാവിധി സ്റ്റേ ചെയ്യാന്‍ ഡല്‍ഹി ഹൈക്കോടതി വിസമ്മതിച്ചതായി സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
ഈ ഉത്തരവിനെ അദ്ദേഹം നാളിതുവരെ ചോദ്യം ചെയ്തിട്ടില്ല എന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ബിഎസ്പി എംപി അഫ്‌സല്‍ അന്‍സാരിയുടെ ശിക്ഷ സ്റ്റേ ചെയ്തുകൊണ്ട് 2023 ഡിസംബറില്‍ സുപ്രീം കോടതി നടത്തിയ ഉത്തരവ് ചൂണ്ടിക്കാട്ടിയായിരുന്നു മധു കോഡ ഹര്‍ജി ഫയല്‍ ചെയ്തത്. എന്നാല്‍ സിറ്റിംഗ് നിയമസഭാംഗമല്ലാത്തതിനാല്‍ ഹരജിക്കാരന് സമാനമായ ഇളവ് നല്‍കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
''പാര്‍ലമെന്റിലെ സിറ്റിംഗ് അംഗമാണെന്ന അസാധാരണ സാഹചര്യം പരിഗണിച്ചാണ് കോടതി അഫ്‌സല്‍ അന്‍സാരി കേസില്‍ ഉത്തരവിട്ടത്. എന്നാല്‍ ഇവിടത്തെ സാഹചര്യം അതല്ല,'' കോടതി പറഞ്ഞു. ശിക്ഷാവിധി സ്റ്റേ ചെയ്യുന്നത് പതിവ് രീതിയിലല്ലെന്നും അസാധാരണമായ സാഹചര്യങ്ങളില്‍ മാത്രമാണെന്നും കോടതി നിരീക്ഷിച്ചു.
കോഡയെ മത്സരിക്കാന്‍ അനുവദിക്കാത്തത് പൊതുജീവിതത്തില്‍ തുടരാനുള്ള അദ്ദേഹത്തിന്റെ അവകാശത്തെ മാത്രമല്ല, അദ്ദേഹത്തെ തിരഞ്ഞെടുക്കാനുള്ള വോട്ടര്‍മാരുടെ അവകാശത്തെയും ബാധിക്കുമെന്ന് അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ 2019 ല്‍ സമാനമായ ആവശ്യമുന്നയിച്ച് കോഡ ഹൈക്കോടതിയെ സമീപിച്ചതിനുശേഷം സാഹചര്യങ്ങളില്‍ മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്നായിരുന്നു സുപ്രീം കോടതിയുടെ മറുപടി. നവംബര്‍ 13, 20 തീയതികളില്‍ രണ്ട് ഘട്ടങ്ങളിലായാണ് ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.












Click it and Unblock the Notifications