ജാര്‍ഖണ്ഡിലും ഹരിയാന ആവര്‍ത്തിക്കുമോ? കോണ്‍ഗ്രസ് ക്യാമ്പില്‍ അനക്കമില്ല; ജെഎംഎമ്മിന് ഭയം
റാഞ്ചി: ഹരിയാനയിലെ തോല്‍വി ജാര്‍ഖണ്ഡിലും കോണ്‍ഗ്രസിനെ ബാധിച്ചേക്കും. കോണ്‍ഗ്രസിന്റെ പ്രചാരണം ആരംഭിച്ചിട്ടില്ലെങ്കിലും പ്രവര്‍ത്തനമികവ് ദുര്‍ബലമാണ്. സഖ്യകക്ഷിയായ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച വലിയ ആശങ്കയിലാണ്. കോണ്‍ഗ്രസ് പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ലെങ്കില്‍ അത് സഖ്യത്തെ തന്നെ ബാധിക്കാം.
സര്‍ക്കാര്‍ വിവിധ പദ്ധതികളുമായി ജനങ്ങളിലേക്ക് ഇറങ്ങിയിരിക്കുകയാണ്. മുഖ്യമന്ത്രി ഹേമന്ദ് സോറന്‍ വിവിധ പരിപാടികളുമായി ഭരണവിരുദ്ധ വികാരത്തെ മറികടക്കാനാണ് ശ്രമിക്കുന്നത്. ഇടതുപാര്‍ട്ടികള്‍ പോലും ക്ഷേമ പദ്ധതികളെ ജനങ്ങൡലേക്ക് എത്തിക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് ഇതുവരെ തിരഞ്ഞെടുപ്പിന് ഒരുങ്ങിയിട്ട് പോലുമില്ല.

ഇതുവരെ പൊതുയോഗങ്ങളോ, മറ്റ് പ്രചാരണ മാര്‍ഗങ്ങളോ കോണ്‍ഗ്രസ് ആരംഭിച്ചിട്ടില്ല. മുന്നൊരുക്കങ്ങളൊന്നും കോണ്‍ഗ്രസിന്റെ സംസ്ഥാന സമിതിയില്‍ നടന്നിട്ടില്ല. മത്സരിക്കാനുള്ള ടിക്കറ്റ് ഉറപ്പിക്കുന്നതിനുള്ള തിരക്കിലാണ് പല കോണ്‍ഗ്രസ് നേതാക്കളും. പാര്‍ട്ടിയിലെ വിഭാഗീയത അടക്കം വെല്ലുവിളിയാണ്. ഇവരാരും അടിത്തട്ടില്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറായിട്ടില്ല.
ഹേമന്ദ് സോറനെയാണ് ഇത് കൂടുതല്‍ ആശങ്കപ്പെടുത്തുന്നത്. അദ്ദേഹം കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും രാഹുല്‍ ഗാന്ധിയെയും ഡല്‍ഹിയിലെത്തി കണ്ടിരുന്നു. മുന്നൊരുക്കങ്ങളുടെ കാര്യം സംസാരിക്കാന്‍ കൂടിയാണ് ഹേമന്ദ് സോറന്‍ ഡല്‍ഹിയിലെത്തിയത്.
സോറനൊപ്പം ഭാര്യ കല്‍പ്പന സോറനും ഒപ്പമുണ്ടായിരുന്നു. ഖാര്‍ഗെയുടെ വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച്ച. ജാര്‍ഖണ്ഡ് തിരഞ്ഞെടുപ്പിലെ മുന്നൊരുക്കങ്ങളാണ് ഇരുപാര്‍ട്ടികളും ചര്‍ച്ച ചെയ്തത്. വേഗത്തില്‍ സീറ്റ് വിഭജനം പൂര്‍ത്തിയാക്കി പ്രചാരണത്തിനിറങ്ങാനാണ് ജെഎംഎം താല്‍പര്യപ്പെടുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ ജനപ്രിയ പദ്ധതികളുമായി ഹേമന്ദ് സോറന്‍ പ്രചാരണം ശക്തമാക്കുമ്പോള്‍ കോണ്‍ഗ്രസിന് അതിലൊന്നും അവകാശവാദം പോലും ഉന്നയിക്കാന്‍ സാധിക്കുന്നില്ല. കോണ്‍ഗ്രസില്‍ സീറ്റ് വേണമെന്ന് ആവശ്യപ്പെടുന്നവര്‍ക്ക് ജനപ്രീതി വളരെ കുറവുമാണ്. ഇവര്‍ ജനപ്രീതി പരിശോധിച്ചപ്പോള്‍ വലിയ പിന്തുണയുണ്ടെന്നാണ് അവകാശപ്പെടുന്നത്. എന്നാല്‍ ജെഎംഎം കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍ നല്‍കാന്‍ താല്‍പ്പര്യപ്പെടുന്നില്ല.
ബിജെപി ഒരുവശത്ത് ശക്തമായ വിഷയങ്ങള്‍ ഉന്നയിച്ചത് ജെഎംഎമ്മിനെയും കോണ്‍ഗ്രസിനെയും പ്രതിരോധത്തിക്കുന്നുണ്ട്. ജെഎംഎമ്മിനെ തകര്‍ക്കുന്നത് കോണ്‍ഗ്രസാണെന്നും, സഖ്യം പരാജയമാണെന്നും ബിജെപി ആരോപിക്കുന്നു. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ കോണ്‍ഗ്രസിന്റെ കൂടി നേട്ടമാക്കി അവതരിപ്പിക്കുന്നതിലും പാര്‍ട്ടി പരാജയമായിരിക്കുകയാണ്.
ഹരിയാനയിലെ ഫലം ജാര്‍ഖണ്ഡിലും ആവര്‍ത്തിക്കുമോ എന്ന ആശങ്കയിലാണ് ജെഎഎം. കശ്മീര്‍ തിരഞ്ഞെടുപ്പിന്റെ സമയത്ത് രണ്ട് ഡസനോളം ജാര്‍ഖണ്ഡ് നേതാക്കളാണ് പ്രചാരണം നടത്തിയത്. സ്വന്തം സംസ്ഥാനത്ത് ഇവര്‍ നിശബ്ദരായി ഇരിക്കുമ്പോഴായിരുന്നു ഈ സര്‍പ്രൈസ് നീക്കം. കോണ്‍ഗ്രസ് രണ്ട് വക്താക്കളെ പുതിയതായി നിയമിച്ചിട്ടുണ്ട്. 30000 കോടിയുടെ പദ്ധതികള്‍ക്കായി വനിതകള്‍ക്കായി നടപ്പാക്കാന്‍ ജെഎംഎം തിരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.












Click it and Unblock the Notifications