വനിതാ പോലീസ് ഓഫീസറെ അപമാനിച്ച കേസില്‍ ജിഗ്നേഷ് മേവാനിക്ക് ജാമ്യം
ഗുവാഹത്തി: വനിതാ പോലീസ് ഓഫീസറെ ആക്രമിച്ച കേസില്‍ അറസ്റ്റിലായിരുന്ന ഗുജറാത്ത് എംഎല്‍എ ജിഗ്നേഷ് മേവാനിക്ക് ജാമ്യം. അസം കോടതിയാണ് മേവാനിക്ക് ജാമ്യം അനുവദിച്ചത്. ഏപ്രില്‍ 25ന് ജിഗ്നേഷിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച കേസില്‍ ജാമ്യം ലഭിച്ചിരുന്നെങ്കിലും പുറത്തിറങ്ങുന്നതിന് മുമ്പ് വീണ്ടും അറസ്റ്റിലായി. ഗുജറാത്തില്‍ നിന്ന് അറസ്റ്റ് ചെയ്ത് ഗുവാഹത്തി വിമാനത്താവളത്തില്‍ എത്തിച്ച മേവാനിയെ കൊണ്ടുപോകാനെത്തിയ വാഹനത്തിലുണ്ടായിരുന്ന വനിതാ സബ് ഇന്‍സ്‌പെക്ടറെ അപമാനിച്ചെന്നാണ് രണ്ടാമത്തെ കേസ്. എംഎല്‍എ തന്നെ അസഭ്യം പറഞ്ഞതെന്നും അപമര്യാദയായി സ്പര്‍ശിച്ചെന്നും സബ് ഇന്‍സ്‌പെക്ടര്‍ പരാതി നല്‍കിയിരുന്നു.

ഏപ്രില്‍ 21നാണ് മോവാനിക്കെതിരെ കേസെടുത്തത്. ജിഗ്നേഷ് മേവാനി തനിക്കെതിരെ വിരല്‍ ചൂണ്ടി സംസാരിച്ചെന്നും, അസഭ്യം പറഞ്ഞുവെന്നും വനിതാ എസ്‌ഐ പറഞ്ഞു. താന്‍ മര്യാദയ്ക്ക് പെരുമാറാന്‍ പറഞ്ഞപ്പോള്‍, കൂടുതല്‍ മോശം വാക്കുകള്‍ ഉപയോഗിച്ചുവെന്നും വനിതാ എസ്‌ഐ വ്യക്തമാക്കി. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗോഡ്‌സെ ആരാധിക്കുന്നുവെന്നായിരുന്നു മേവാനിയുടെ ട്വീറ്റ്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധമുയര്‍ന്നിരുന്നു. എന്നാല്‍ തന്റെ അറസ്റ്റ് പ്രതികാര രാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന് മേവാനി പറഞ്ഞു. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇതിന് പിന്നിലെന്നും അദ്ദേഹം തുറന്നടിച്ചു.
ബിജെപിയും ആര്‍എസ്എസും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം രാഷ്ട്രീയമായി തന്നെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. എന്റെ പ്രതിച്ഛായ തകര്‍ക്കാനാണ് നീക്കം. രോഹിത് വെമുലയോടും അവര്‍ ഇതാണ് ചെയ്തത്. ചന്ദ്രശേഖര്‍ ആസാദിനോടും ഇതേ കാര്യങ്ങളാണ് അവര്‍ ചെയ്തിട്ടുള്ളത്. ഇപ്പോഴവര്‍ എന്നെയാണ് ടാര്‍ഗറ്റ് ചെയ്യുന്നതെന്നും ജാമ്യം കിട്ടിയ ദിവസം മേവാനി പഞ്ഞിരുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ വരുന്ന അതേ ദിവസമായിരുന്നു മേവാനി അറസ്റ്റിലായത്. ഗുവാഹത്തിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അസം പോലീസ് ഗുജറാത്തിലെത്തി മേവാനിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
സര്‍ക്യൂട്ട് ഹൗസില്‍ വെച്ച് അറസ്റ്റിലായ മേവാനിയെ പിന്നീട് അഹമ്മദാബാദിലേക്കും അവിടെ നിന്ന് ഗുവാഹത്തിയിലേക്കും കൊണ്ടുപോയിരുന്നു. കൊക്രജാറില്‍ നിന്നുള്ള പ്രാദേശിക ബിജെപി നേതാവ് അരൂപ് കുമാര്‍ ഡേ നല്‍കിയ പരാതിയിലാണ് നേരത്തെ മേവാനിയെ അറസ്റ്റ് ചെയ്തത്. ക്രിമിനല്‍ ഗൂഢാലോചന, ആരാധനാലയത്തെ ചൊല്ലി പ്രകോപനപരമായ പ്രസ്താവനാകള്‍ നടത്തി, മതവികാരം വ്രണപ്പെടുത്തി എന്നീ കുറ്റങ്ങളായിരുന്നു ചുമത്തിയത്. നേരത്തെ ജിഗ്നേഷ് മേവാനി കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇത്തവണത്തെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ നിര്‍ണായക ശക്തിയാവുമെന്നാണ് കരുതുന്നത്. ഗുജറാത്തിലെ വദ്ഗാം മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് മേവാനി.












Click it and Unblock the Notifications