മാധ്യമ പ്രവര്‍ത്തകനെ തീയിട്ട് കൊന്നത് മന്ത്രിയുടെ ഗുണ്ടകള്‍, മരണമൊഴിയുടെ ദൃശ്യങ്ങള്‍ പുറത്ത്
ദില്ലി: ഉത്തര്‍പ്രദേശില്‍ തീപ്പൊളളലേറ്റ് മാധ്യമപ്രവര്‍ത്തകന്‍ മരിച്ച സംഭവം കൊലപാതകമാണെന്ന് തെളിയുന്നു. മാധ്യമ പ്രവര്‍ത്തകനായ ജഗേന്ദ്ര സിങാണ് തീപ്പൊള്ളലേറ്റ് മരിച്ചത്. മരണമൊഴിയില്‍ തന്നെ മണ്ണെണ്ണയൊഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതാണെന്ന് ജഗേന്ദ്ര പറയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു. വീട്ടില്‍ അതിക്രമിച്ച് കയറിയ പൊലീസുകാരും മന്ത്രിയുടെ ഗുണ്ടകളും തന്നെ ആക്രമിച്ച ശേഷം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നെന്നാണ് ജഗേന്ദ്രയുടെ മൊഴിയില്‍ പറയുന്നു.
ഉത്തര്‍പ്രദേശ് മന്ത്രി രാം മൂര്‍ത്തി വര്‍മ നടത്തുന്ന അനധികൃത ഖനനത്തെക്കുറിച്ചും അഴിമതികളെക്കുറിച്ചും ഫേസ്ബുക്കില്‍ ജഗേന്ദ്ര എഴുതിയിരുന്നു. പോസ്റ്റ് വൈറലാവുകയും ചെയ്തിരുന്നു. തുടര്‍ന്ന് മന്ത്രിയുടെ പരാതിയില്‍ പൊലീസുകാര്‍ ജഗേന്ദ്രയുടെ വീട്ടിലെത്തി അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചു. അറസ്റ്റ് ചെയ്യാന്‍ ശ്രമിയ്ക്കുന്നതിനിടെ ജഗേന്ദ്ര മണ്ണെണ്ണയൊഴിച്ച് തീകൊളുത്താന്‍ ശ്രമിച്ചെന്നായിരുന്നു പൊലീസ് പ്രചരിപ്പിച്ചത്. എന്നാല്‍ ഇത് നുണയാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

വീട്ടില്‍ അതിക്രമിച്ചെത്തിയ പൊലീസ് ഇന്‍സ്‌പെക്ടര്‍ പ്രകാശ് റാവുവും കൂട്ടാളികളും തന്നെ അകാരണമായി മര്‍ദ്ദിച്ചു. പൊലീസിനൊപ്പമുണ്ടായിരുന്ന മന്ത്രിയുടെ ഗുണ്ടകള്‍ തന്റെ ദേഹത്ത് മണ്ണെണ്ണയൊഴിയ്ക്കുകയും തീ കൊളുത്തുകയുമായിരുന്നെന്ന് ജഗേന്ദ്ര പറയുന്നു. ശരീരം മുഴുവന്‍ പൊള്ളിയ നിലയില്‍ ആശുപത്രി കിടക്കയില്‍ വച്ച് ജഗേന്ദ്ര പറയുന്ന കാര്യങ്ങളുടെ വീഡിയോയാണ് പുറത്ത് വന്നത്.












Click it and Unblock the Notifications