സച്ചിനും സിന്ധ്യയും രാഹുലിനേക്കാള്‍ ഭേദം
ദില്ലി: കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധിയേക്കാള്‍ മെച്ചമാണോ ജ്യോതിരാദിത്യ സിന്ധ്യ? സംസ്ഥാന തിരഞ്ഞെടുപ്പില്‍ ജ്യോതിരാദിത്യയെ കുറച്ചുകൂടി നേരത്തെ കളത്തിലിറക്കിയിരുന്നെങ്കില്‍ ഫലം മറ്റൊന്നായേനെ എന്ന് കരുതുന്നവര്‍ കോണ്‍ഗ്രസില്‍ ഉണ്ട്. അങ്ങനെ കരുതുന്നവരുടെ നാവായി ഒരു കാര്യമങ്ങ് പറയുകയായിരുന്നു ബി ജെ പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമാഭാരതി.
കാര്യം എന്തെന്നല്ലേ, ജ്യോതിരാദിത്യ സിന്ധ്യ രാഹുല്‍ ഗാന്ധിയെക്കാള്‍ എത്രയോ മെച്ചമാണ് എന്നായിരുന്നു ഉമാഭാരതിയുടെ കണ്ടെത്തല്‍. ഒരു ടെലിവിഷന്‍ അഭിമുഖത്തിലാണ് ഉമാഭാരതി ഇക്കാര്യം പറഞ്ഞത്. കാരണം വളരെ ലളിതം, സിന്ധ്യ ചെയ്യുന്നതെല്ലാം അയാളുടെ സ്വന്തം കഴിവുവെച്ചാണ്. ആരുടെ പേര് വെച്ചാണ് യുവരാജാവായ രാഹുല്‍ ഗാന്ധി കാര്യങ്ങള്‍ ചെയ്യുന്നതെന്ന് ഉമ പറഞ്ഞില്ല.

കഴിഞ്ഞില്ല, ജ്യോതിരാദിത്യ സിന്ധ്യ വിദ്യാഭ്യാസമുള്ളയാളാണ്. കഴിവുള്ള നേതാവാണ്. ഇവിടെയും രാഹുല്‍ ഗാന്ധിയുടെ കഴിവിനെയോ വിദ്യോഭ്യാസത്തെപ്പറ്റിയോ ഒരക്ഷരം ഉമാഭാരതി മിണ്ടിയിട്ടില്ല. മധ്യപ്രദേശില്‍ ബി ജെ പിക്ക് തലവേദനയാകാന്‍ ജ്യോതിരാദിത്യയ്ക്ക് കഴിഞ്ഞു എന്നും ഉമാഭാരതി പറയുന്നു. യുവാക്കളില്‍ നിന്നും പിന്തുണ നേടാന്‍ സിന്ധ്യയ്ക്ക് കഴിഞ്ഞതായാണ് വിലയിരുത്തപ്പെടുന്നത്.
മാത്രമല്ല, തിരഞ്ഞെടുപ്പിന് ശേഷം സിന്ധ്യ നടത്തിയ പ്രതികരണവും വളരെ പക്വമായിരുന്നു. അടിസ്ഥാന കാര്യങ്ങളിലേക്ക് പാര്‍ട്ടി തിരിഞ്ഞുനോക്കേണ്ട സമയം എന്നാണ് സിന്ധ്യ പറഞ്ഞത്. മറിച്ച് രാഹുലാകട്ടെ, എല്ലാവരെയും ഒരു പാഠം പഠിപ്പിക്കും എന്ന് വികാരം കൊള്ളുകയായിരുന്നു. മാധവ റാവു സിന്ധ്യയുടെ മകനായ ജ്യോതിരാദിത്യ മാത്രമല്ല, രാജേഷ് പൈലറ്റിന്റെ മകനും കേന്ദ്രമന്ത്രിയുമായ സച്ചിന്‍ പൈലറ്റില്‍ നിന്നും കോണ്‍ഗ്രസിന്റെ നേതൃനിര ഏറെ പ്രതീക്ഷിക്കുന്നുണ്ട്.












Click it and Unblock the Notifications