'ജനം കാണിച്ച് കൊടുത്തു', പ്രിയങ്ക ഗാന്ധിയുടെ പരിഹാസത്തിന് മറുപടി നൽകി ജ്യോതിരാദിത്യ സിന്ധ്യ
ഭോപ്പാല്‍: മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് പിന്നാലെ പ്രിയങ്ക ഗാന്ധിയുടെ പരിഹാസത്തിന് മറുപടിയുമായി കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ പ്രസംഗത്തില്‍ പ്രിയങ്ക ഗാന്ധി സിന്ധ്യയുടെ ഉയരത്തെ പരിഹസിച്ചിരുന്നു. ചില ആളുകള്‍ എന്റെ ഉയരത്തെ കുറിച്ച് സംസാരിച്ചിരുന്നു. ഗ്വോളിയോര്‍-മാള്‍വയിലെ ജനം തങ്ങള്‍ എത്ര ഉയരത്തിലാണെന്ന് അവര്‍ക്ക് കാണിച്ച് കൊടുത്തിരിക്കുകയാണ്, മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി സിന്ധ്യ പറഞ്ഞു.
കഴിഞ്ഞ മാസം ദാട്ടിയയില്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് പഴയ സഹപ്രവര്‍ത്തകന്‍ കൂടിയായ ജ്യോതിരാദിത്യ സിന്ധ്യയെ പ്രിയങ്ക ഗാന്ധി കടന്നാക്രമിച്ചത്. സിന്ധ്യ ജനവിധിയെ വഞ്ചിച്ച ചതിയനാണെന്ന് പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി.

ബിജെപി നേതാക്കളുടെ കാര്യം വിചിത്രമാണ്. നമ്മുടെ സിന്ധ്യയുടെ കാര്യം തന്നെ എടുത്താല്‍, ഞങ്ങള്‍ ഉത്തര്‍ പ്രദേശില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഉയരം അല്‍പം കുറവാണെങ്കിലും അഹങ്കാരത്തിന് കുറവൊന്നും ഇല്ല, പ്രിയങ്ക ഗാന്ധി പരിഹസിച്ചു.
അദ്ദേഹത്തെ കാണാന്‍ പോകുന്ന പ്രവര്‍ത്തകരെല്ലാം പറയുന്നത്, തങ്ങള്‍ സിന്ധ്യയെ മഹാരാജ് എന്ന് വിളിക്കാന്‍ നിര്‍ബന്ധിതരാകുന്നു എന്നാണ്. വിളിച്ചില്ലെങ്കില്‍ സിന്ധ്യ തങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കില്ല. അദ്ദേഹം അദ്ദേഹത്തിന്റെ കുടുംബത്തിന്റെ പാരമ്പര്യമാണ് പിന്തുടരുന്നത്. പലരും ചതിച്ചിട്ടുണ്ട്, എന്നാല്‍ അവര്‍ ഗ്വാളിയോറിലേയും ചമ്പയിലേയും ജനത്തെയാണ് ചതിച്ചത്. അദ്ദേഹം സര്‍ക്കാരിനെ വീഴ്ത്തി, പ്രിയങ്ക ഗാന്ധി പറഞ്ഞു. 1857ലെ സമരത്തില്‍ സിന്ധ്യ രാജകുടുംബം ബ്രിട്ടീഷുകാരെ അനുകൂലിച്ചതിനെ സൂചിപ്പിച്ച് കൊണ്ടായിരുന്നു പ്രിയങ്കയുടെ പരാമര്‍ശം.
2020ല്‍ ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലുണ്ടായ ആഭ്യന്തര കലാപത്തിനൊടുവിലാണ് കമല്‍നാഥ് സര്‍ക്കാരിന് രാജി വെയ്‌ക്കേണ്ടി വന്നത്. കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കൊപ്പം ബിജെപിയില്‍ എത്തിയ സിന്ധ്യ പിന്നീട് രാജ്യസഭാംഗവും കേന്ദ്ര മന്ത്രിയുമായി. ഈ തിരഞ്ഞെടുപ്പ് ഫലം അതുകൊണ്ട് തന്നെ സിന്ധ്യയ്ക്കും കോണ്‍ഗ്രസിനും ഒരുപോലെ അഭിമാന പ്രശ്‌നമായിരുന്നു.
ഗ്വാളിയോര്‍ മേഖലയില്‍ സിന്ധ്യയ്ക്ക് ശക്തമായ സ്വാധീനുമുണ്ടോ എന്നുറപ്പിക്കാനുളള പരീക്ഷണം കൂടിയായിരുന്നു ഈ തിരഞ്ഞെടുപ്പ്. അതില്‍ സിന്ധ്യ വിജയിക്കുകയും ചെയ്തിരിക്കുന്നു. ബിജെപി വിജയിക്കും എന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നുവെന്ന് സിന്ധ്യ എന്‍ഡിടിവിയോട് പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വവും അമിത് ഷാ, ജെപി നദ്ദ എന്നിവരുടെ നിര്‍ദേശങ്ങളുമാണ് തിരഞ്ഞെടുപ്പില്‍ വലിയ വിജയത്തിലേക്ക് നയിച്ചത് എന്നും സിന്ധ്യ കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications