Get Updates
Get notified of breaking news, exclusive insights, and must-see stories!

മഹാരാജല്ല, എന്റെ പേര് ജ്യോതിരാദിത്യ സിന്ധ്യ എന്നാണ്; കോണ്‍ഗ്രസിന് സിന്ധ്യയുടെ മറുപടി

ന്യൂദല്‍ഹി: തന്നെ മഹാരാജ് എന്ന് അഭിസംബോധന ചെയ്ത ലോക്‌സഭാ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് എം പിയുമായ അധിര്‍ രഞ്ജന്‍ ചൗധരിയ്ക്ക് മറുപടിയുമായി വ്യോമയാന വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ലോക്‌സഭയിലെ ചോദ്യോത്തര വേളയ്ക്കിടെയായിരുന്നു സംഭവം. പശ്ചിമ ബംഗാളിലെ വിമാനത്താവള പദ്ധതികളുമായി ബന്ധപ്പെട്ട ചോദ്യം ചോദിക്കുന്നതിനിടെ ചൗധരി ലോക്സഭയില്‍ ജ്യോതിരാദിത്യ സിന്ധ്യയെ രണ്ട് തവണ'മഹാരാജ്' എന്ന് അഭിസംബോധന ചെയ്തിരുന്നു.

'ഒരു മഹാരാജ് മന്ത്രിയാണ്, മറ്റൊരു 'മഹാരാജ്' എയര്‍ ഇന്ത്യയും. ഇപ്പോള്‍ സ്വകാര്യവല്‍ക്കരണമാണ് നടക്കുന്നത്,' എന്നായിരുന്നു അധിര്‍ രഞ്ജന്‍ ചൗധരിയുടെ പ്രതികരണം. മന്ത്രിയുടെ പിതാവും കോണ്‍ഗ്രസ് നേതാവുമായിരുന്ന മാധവ റാവു സിന്ധ്യയുടെ രാജകീയ പാരമ്പര്യം ഓര്‍മിച്ചുകൊണ്ടായിരുന്നു അധിര്‍ സംസാരിച്ചത്. അതേസമയം തന്നോട് ചോദ്യം ചോദിച്ചതില്‍ നന്ദി അറിയിക്കുന്നു എന്നു പറഞ്ഞായിരുന്നു സിന്ധ്യയുടെ മറുപടി. ഒരു കാര്യം കൂടി ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നു. എന്റെ പേര് ജ്യോതിരാദിത്യ സിന്ധ്യ എന്നാണ്.

scindia

അദ്ദേഹത്തിന് ചിലപ്പോള്‍ തെറ്റിദ്ധാരണകളുണ്ടായേക്കാം. അതാണ് എന്റെ ഭൂതകാലത്തെക്കുറിച്ച് ഇടയ്ക്കിടക്ക് സംസാരിക്കുന്നത്. എങ്കിലും ഇക്കാര്യം ഞാന്‍ അദ്ദേഹത്തെ അറിയിക്കാന്‍ ആഗ്രഹിക്കുന്നു, ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. അതേസമയം 2020-21ല്‍ ഇന്ത്യയിലെ വിമാന സര്‍വീസുകള്‍ക്കുണ്ടായ നഷ്ടം ഏകദേശം 19,564 കോടി രൂപയാണെന്ന് മറ്റൊരു ചോദ്യത്തിന് മറുപടിയായി സിന്ധ്യ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ജ്യോതിരാദിത്യ സിന്ധ്യയെ കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്. 2020 ല്‍ മധ്യപ്രദേശ് സര്‍ക്കാരിനെ വീഴ്ത്തി കൊണ്ടാണ് ജ്യോതിരാദിത്യ സിന്ധ്യയും സംഘവും കോണ്‍ഗ്രസില്‍ നിന്ന് ബി ജെ പിയിലെത്തിയത്.

15 വര്‍ഷം നീണ്ട കോണ്‍ഗ്രസ് ഭരണമാണ് ജ്യോതിരാദിത്യ സിന്ധ്യയുടെ കൂറുമാറ്റത്തോടെ അവസാനിച്ചത്. രാഹുല്‍ ഗാന്ധിയുടെ അടുത്ത അനുയായി ആയിരുന്ന സിന്ധ്യയുടെ കൂറുമാറ്റം ഏറെ ഞെട്ടിപ്പിക്കുന്നതായിരുന്നു. മുഖ്യമന്ത്രിയായിരുന്ന കമല്‍നാഥുമായുള്ള അഭിപ്രായ വ്യത്യാസമാണ് സിന്ധ്യ പാര്‍ട്ടി വിടാന്‍ കാരണമായത്. ബി ജെ പിയിലെത്തിയ സിന്ധ്യയ്ക്കും സംഘത്തിനും വലിയ ഓഫറാണ് പാര്‍ട്ടി മുന്നില്‍വെച്ചത്. ശിവരാജ് സിംഗ് ചൗഹാന്‍ സര്‍ക്കാരില്‍ സിന്ധ്യയുടെ അനുയായികള്‍ക്ക് മന്ത്രിസ്ഥാനം ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിന്ധ്യയെ രാജ്യസഭയിലെത്തിച്ച് ബി ജെ പി കേന്ദ്രമന്ത്രിയാക്കിയത്.

പിതാവിന്റെ മരണ ശേഷം രാഷ്ട്രീയത്തിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യ മന്‍മോഹന്‍ സിങ് മന്ത്രിസഭയില്‍ സ്വതന്ത്ര ചുമതലയുള്ള മന്ത്രിയായിരുന്നു. മാധവറാവു സിന്ധ്യയുടെ മരണത്തെ തുടര്‍ന്ന് ഒഴിവ് വന്ന ഗുണ ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റിലാണ് സിന്ധ്യ ആദ്യമായി ജനപ്രതിനിധിയാകുന്നത്. 2002 മുതല്‍ നാല് തവണയായി 2019 വരെ പതിനേഴ് വര്‍ഷം മധ്യപ്രദേശിലെ ഗുണ മണ്ഡലത്തില്‍ ലോക്‌സഭാംഗമായിരുന്നു ജ്യോതിരാദിത്യ സിന്ധ്യ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+