'കമല്‍ഹാസന്റെ പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിക്കും; ജനുവരി 30ന് വമ്പന്‍ പരിപാടി...' വിശദീകരണം ഇങ്ങനെ
ഭാരത് ജോഡോ യാത്രയില്‍ കമല്‍ഹാസന്‍ പങ്കെടുക്കുകയും ഈറോഡ് കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്ത പിന്നാലെയാണ് പുതിയ വിവരം വെബ്‌സൈറ്റില്‍ വന്നത്

ചെന്നൈ: സമീപ കാലത്ത് കോണ്‍ഗ്രസുമായി അടുക്കുന്ന രീതിയിലാണ് നടന്‍ കമല്‍ ഹാസന്റെ പ്രതികരണങ്ങള്‍. ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്നു, ഇന്ത്യയില്‍ ഐക്യത്തിന്റെ സ്വരമാണ് ഉയര്‍ന്നു വരേണ്ടത് എന്ന് പ്രഖ്യാപിക്കുന്നു, ഈറോഡ് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിക്കുന്നു, അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുപിഎയുടെ ഭാഗമാകുമെന്ന വിവരങ്ങള്‍ വരുന്നു... അതിനിടെയാണ് പുതിയ വാര്‍ത്ത വന്നിരിക്കുന്നു.
കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം (എംഐഎം) കോണ്‍ഗ്രസുമായി ലയിക്കാന്‍ പോകുന്നു എന്നാണ് വാര്‍ത്ത. പാര്‍ട്ടിയുടെ വെബ്‌സൈറ്റിലാണ് ഈ വിവരം. എന്നാല്‍ തൊട്ടുപിന്നാലെ എംഐഎം നേതൃത്വം വിശദീകരണവുമായി രംഗത്തുവന്നു....

കമല്‍ഹാസന്റെ നീക്കങ്ങള്‍
ഡല്‍ഹിയിലെത്തിയാണ് കമല്‍ഹാസന്‍ ഭാരത് ജോഡോ യാത്രയുടെ ഭാഗമായത്. അന്ന് നടന്ന സമാപന സമ്മേളനത്തില്‍ കമല്‍ഹാസന്‍ ഡല്‍ഹിയില്‍ നടത്തിയ പ്രസംഗം ഏറെ ചര്‍ച്ചയായിരുന്നു. ബിജെപിയെ പരോക്ഷമായി വിമര്‍ശിച്ചായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. വിഭാഗീയതയുടെ പ്രചാരണം രാജ്യത്തിന് ദോഷം ചെയ്യുമെന്ന് കമല്‍ഹാസന്‍ ചൂണ്ടിക്കാട്ടി.

ഈറോഡില്‍ പിന്തുണ
തമിഴ്‌നാട്ടില്‍ ഈറോഡ് നിയമസഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ പോകുകയാണ്. കോണ്‍ഗ്രസിന്റെ സിറ്റിങ് മണ്ഡലമാണിത്. എംഎല്‍എ മരിച്ചതാണ് തിരഞ്ഞെടുപ്പിന് കാരണം. ഉപതിരഞ്ഞെടുപ്പില്‍ കമല്‍ഹാസന്‍ മല്‍സരിക്കണമെന്ന് ഈറോഡ് എംഐഎം ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കമല്‍ഹാസന്റെ തീരുമാനം മറിച്ചാണ്.

വഴികള്‍ തുറന്നിടുന്നു
ഈറോഡ് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിക്കുകയാണ് കമല്‍ഹാസന്‍ ചെയ്തത്. ഇതോടെ മറ്റു പല സാധ്യതകളും തുറന്നിട്ടു. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കമല്‍ഹാസന്‍ യുപിഎയുടെ ഭാഗമാകും എന്നാണ് പുറത്തുവന്ന വിവരം. തമിഴ്‌നാട്ടില്‍ സ്റ്റാലിന്‍ നേതൃത്വം നല്‍കുന്ന സഖ്യത്തിന്റെ ഭാഗമായി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്നും വിവരങ്ങളുണ്ട്.

കോണ്‍ഗ്രസില്‍ ലയിക്കുമെന്ന്
അഭ്യൂഹങ്ങള്‍ പലവിധത്തില്‍ പരക്കുന്നതിനിടെയാണ് കമല്‍ഹാസന്റെ പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിക്കുമെന്ന വിവരം വന്നിരിക്കുന്നത്. ഐഎംഐമ്മിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് ഈ വിവരം. ജനുവരി 30ന് ലയനം നടക്കുമെന്നും വെബ്‌സൈറ്റില്‍ കാണിക്കുന്നു. വലിയ വാര്‍ത്തയായതോടെ എംഐഎം നേതൃത്വം വിശദീകരണവുമായി രംഗത്തുവന്നു.

വെബ്‌സൈറ്റ് ഹാക്ക് ചെയ്തു
2024 ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വലിയ പ്രഖ്യാപനം. എംഐഎം ഔദ്യോഗികമായി കോണ്‍ഗ്രസില്‍ ലയിക്കും. ജനുവരി 30ന് പരിപാടി സംഘടിപ്പിക്കും എന്നാണ് വെബ്‌സൈറ്റിലെ വിവരം. പാര്‍ട്ടിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നു എന്നാണ് എംഐഎം പറയുന്നത്. വെബ്‌സൈറ്റ് വീണ്ടെടുക്കാനുള്ള ശ്രമം തുടരുന്നുണ്ടെന്ന് പാര്‍ട്ടി വക്താവ് മുരളി അബ്ബാസ് അറിയിച്ചു.

നഷ്ടപ്രതാപം തിരിച്ചുപിടിക്കും
മക്കള്‍ നീതി മയ്യത്തിന്റെ ട്വിറ്റര്‍ അക്കൗണ്ടിലും വിശദീകരണം നല്‍കിയിട്ടുണ്ട്. വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നു എന്നാണ് ട്വീറ്റ്. രാഷ്ട്രീയത്തിന് അപ്പുറമുള്ള സഹകരണമാണ് കോണ്‍ഗ്രസുമായുള്ളത് എന്ന് കമല്‍ഹാസന്‍ ഭാരത് ജോഡോ യാത്രയില്‍ പറഞ്ഞിരുന്നു. നഷ്ടപ്രതാപം രാജ്യം തിരിച്ചുപിടിക്കുകയാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു. കമലിന്റെ ഈ വാക്കുകളെല്ലാം ചേര്‍ത്താണ് സോഷ്യല്‍ മീഡിയയിലെ പുതിയ പ്രചാരണങ്ങള്‍.

കമല്‍ഹാസന്‍ ലോക്‌സഭയിലേക്ക്?
അടുത്ത മാസമാണ് ഈറോഡ് ഉപതിരഞ്ഞെടുപ്പ്. കോണ്‍ഗ്രസ്-ഡിഎംകെ സഖ്യമാണ് ഇവിടെ മല്‍സരിക്കുന്നത്. കോണ്‍ഗ്രസിന് മേല്‍ക്കോയ്മയുള്ള മണ്ഡലമാണിത്. അതിനിടെയാണ് കമല്‍ഹാസന്റെ പാര്‍ട്ടി നിരുപാധിക പിന്തുണ കോണ്‍ഗ്രസിന് നല്‍കിയിരിക്കുന്നത്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ നിന്ന് കമല്‍ഹാസന്‍ മല്‍സരിക്കുമെന്നും കോണ്‍ഗ്രസും ഡിഎംകെയും പിന്തുണയ്ക്കാനുള്ള വഴിയാണ് അദ്ദേഹം ഒരുക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications